
കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സ് നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 37% സംയോജിത വരുമാന വളർച്ച സ്വന്തമാക്കി. ഇന്ത്യയിലെ ബിസിനസിൽ നിന്നുള്ള വരുമാനം 39 ശതമാനവും സ്വന്തം സ്റ്റോറുകളിൽ (സെയിം-സ്റ്റോർ-സെയിൽസ്) നിന്നുള്ള വരുമാനം 23 ശതമാനവും വർധിച്ചുവെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി. ജൂലൈയിലെ ബജറ്റിൽ കേന്ദ്രസർക്കാർ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ചതും തുടർന്നുണ്ടായ വിലക്കുറവും നേട്ടമായെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ജൂലൈ അവസാനവാരം മുതൽ ഓഗസ്റ്റ് വരെ ഉപഭോക്താക്കളുടെ എണ്ണത്തിൽ മികച്ച വർധനയാണുണ്ടായത്.
മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ള വരുമാനം 24 ശതമാനം ഉയർന്നു. കഴിഞ്ഞപാദത്തിൽ ഫ്രാഞ്ചൈസി-ഓൺഡ്-കമ്പനി-ഓപ്പറേറ്റഡ് (ഫോകോ) വിഭാഗത്തിൽ 15 പുതിയ ഷോറൂമുകളാണ് തുറന്നത്. മിഡിൽ ഈസ്റ്റിൽ ഫോകോ ഷോറൂമുകളുടെ എണ്ണം 4 ആയി ഉയർത്തി. കല്യാൺ ജ്വല്ലേഴ്സിന്റെ മൊത്തം വരുമാനത്തിൽ 13 ശതമാനമാണ് മിഡിൽ ഈസ്റ്റ് ഷോറൂമുകളുടെ പങ്ക്. കമ്പനിയുടെ ഡിജിറ്റൽ ജ്വല്ലറി പ്ലാറ്റ്ഫോമായ കാൻഡിയർ, കഴിഞ്ഞപാദത്തിൽ 30 ശതമാനം വരുമാന വളർച്ച നേടി. കാൻഡിയറിന്റെ 12 പുതിയ ഷോറൂമുകളും തുറന്നു.
നടപ്പുവർഷം 130ലേറെ പുതിയ ഷോറൂമുകൾ തുറക്കുകയാണ് ലക്ഷ്യം. 51 ഷോറൂമുകൾ ഇതിനകം തുറന്നു. ഉത്സവകാലം തുടങ്ങിയിരിക്കേ, കൂടുതൽ ഷോറൂമുകളും പുത്തൻ കളക്ഷനുകളും കാമ്പയിനുകളും കമ്പനി ആരംഭിക്കും. വൈകാതെ ഇന്ത്യയിൽ കല്യാൺ ജ്വല്ലേഴ്സിന്റെ 25, കാൻഡിയറിന്റെ 18 എന്നിങ്ങനെ പുതിയ ഷോറൂമുകളും തുറക്കും. യുഎസിലെ ആദ്യ ഷോറൂമും ഈ ദീപാവലിക്ക് പ്രവർത്തനം ആരംഭിക്കും. കഴിഞ്ഞപാദത്തിൽ മാത്രം കല്യാൺ ജ്വല്ലേഴ്സ്, കാൻഡിയർ വിഭാഗങ്ങളിലായി 26 പുതിയ ഷോറൂമുകളാണ് കമ്പനി തുറന്നത്. ആകെ ഷോറൂമുകൾ ഇതോടെ 303 ആയി. ഇതിൽ 301 എണ്ണം ഇന്ത്യയിലാണ്; മിഡിൽ ഈസ്റ്റിൽ 36. കാൻഡിയറിനും 36 ഷോറൂമുകളുണ്ട്.
ഓഹരികളിൽ ഇടിവ്
കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് നഷ്ടത്തിൽ. എൻഎസ്ഇയിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് അടുക്കുമ്പോൾ ഓഹരിവിലയുള്ളത് 3.74% താഴ്ന്ന് 686.30 രൂപയിൽ. 70,900 കോടി രൂപ വിപണിമൂല്യവുമായി, കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളിലൊന്നാണ് കല്യാൺ ജ്വല്ലേഴ്സ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 23ന് രേഖപ്പെടുത്തിയ 786.25 രൂപയാണ് ഓഹരി വിലയുടെ 52-ആഴ്ചത്തെ ഉയരം. കഴിഞ്ഞ ഒരുവർഷത്തിനിടെ 166% നേട്ടം നിക്ഷേപകർക്ക് സമ്മാനിച്ച ഓഹരിയാണ് കല്യാൺ ജ്വല്ലേഴ്സ്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]