
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുവെന്ന കാരണംപറഞ്ഞ് ഇന്ത്യയ്ക്കുമേൽ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കു പിന്നാലെ ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയുടെ മറുപടിയിലേക്കാണ്. ട്രംപിനെ ‘മൈൻഡ് ചെയ്യാതെ’ റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമോ? അതോ, ട്രംപിന് വഴങ്ങി റഷ്യയെ കൈവിടുമോ?
ഇന്ത്യൻ ഉൽപന്നങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് യുഎസ്.
2024ൽ 87 ബില്യൻ ഡോളറിന്റെ കയറ്റുമതി വരുമാനമാണ് ഇന്ത്യ യുഎസിൽ നിന്ന് നേടിയത്. അതേസമയം, 2024ൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിലൂടെ കഴിഞ്ഞവർഷം ഇന്ത്യയ്ക്കു ലാഭിക്കാനായത് 3.8 ബില്യൻ ഡോളർ.
87 ബില്യൻ ഡോളറിന്റെ വ്യാപാരം വേണോ അതോ 3.8 ബില്യന്റെ നേട്ടം മതിയോ? ഇന്ത്യയ്ക്ക് മുന്നിലുള്ള ചോദ്യവുമിതാണ്. റഷ്യൻ എണ്ണ ഇനി വേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചാൽ 9-11 ബില്യൻ ഡോളറിന്റെ അധികച്ചെലവ് നേരിടേണ്ടിവരും.
2022ൽ റഷ്യ-യുക്രെയ്ൻ സംഘർഷത്തിനു പിന്നാലെയാണ് ഇന്ത്യ പരമ്പരാഗത എണ്ണ സ്രോതസ്സായിരുന്ന ഇറാക്ക്, സൗദി തുടങ്ങിയ ഗൾഫ് രാഷ്ട്രങ്ങളെ ആശ്രയിക്കുന്നത് കുറച്ച്, റഷ്യയിൽ നിന്നുള്ള ഇറക്കുമതി കൂട്ടിയത്.
സംഘർഷത്തിന് മുൻപ് ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ ഗൾഫ് മേഖലയുടെ പങ്ക് 85 ശതമാനവും റഷ്യയുടേത് 0.2 ശതമാനവുമായിരുന്നു. ഇറക്കുമതിയുടെ 25.7 ശതമാനം വന്നിരുന്നത് ഇറാക്കിൽ നിന്നായിരുന്നു.
പിന്നീട് റഷ്യയുടെ വിഹിതം 40 ശതമാനത്തിലേക്കു വരെ കുതിച്ചുകയറി. ഇറാക്കിന്റേത് 20 ശതമാനത്തിനടുത്തേക്ക് ഇടിഞ്ഞു.
സൗദി അറേബ്യയുടേത് 16ൽ നിന്ന് 15 ശതമാനവുമായി.
റഷ്യയെ ഒഴിവാക്കിയാൽ എണ്ണ എവിടെ നിന്ന്?
റഷ്യൻ എണ്ണ ഇറക്കുമതി വേണ്ടെന്നുവച്ചാൽ ഇന്ത്യയ്ക്ക് വീണ്ടും പരമ്പരാഗത സ്രോതസ്സുകളെ ആശ്രയിക്കേണ്ടിവരും. വിലയിലും അനുയോജ്യമായ ക്രൂഡ് ഗ്രേഡിലും സുഗമവും വേഗത്തിലുമുള്ള ചരക്കുനീക്കത്തിലും ഇന്ത്യയ്ക്ക് അനുയോജ്യവും ഗൾഫ് മേഖലയാണ്.
പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ സെപ്റ്റംബറിലേക്കായി ഏഴ് ദശലക്ഷം ബാരൽ എണ്ണ പശ്ചിമ ആഫ്രിക്ക, ഗയാന, ബ്രസീൽ, യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് ബുക്ക് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ഗൾഫ് അല്ലെങ്കിൽ പിന്നെ മുന്നിലുള്ള സാധ്യത യുഎസ് ആണ്. യുഎസുമായി താരിഫ് വിഷയത്തിൽ തെറ്റിനിൽക്കുന്ന ബ്രസീൽ ഏഷ്യയിലേക്ക് കൂടുതൽ എണ്ണയൊഴുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
ഇതും ഇന്ത്യയ്ക്ക് അവസരമാക്കാനാകും. ഗയാന, കാനഡ, നൈജീരിയ, അംഗോള തുടങ്ങിയ രാജ്യങ്ങളെയും ആശ്രയിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]