
തിരുവനന്തപുരം ∙ ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ യുഎസ് ചുമത്തിയ അധിക തീരുവ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും സർക്കാരിന്റെ ധനസ്ഥിതിക്കും ഗുരുതര തിരിച്ചടിയുണ്ടാക്കുമെന്ന് ധനവകുപ്പിന്റെ വിലയിരുത്തൽ. ട്രംപ് ചുമത്തിയ 25% തീരുവ 50 ശതമാനമാക്കി വർധിപ്പിച്ചതോടെ ഇവിടെ നിന്ന് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നവരും യുഎസിൽ ഇറക്കുമതി ചെയ്യുന്നവരും തുല്യമായി വഹിക്കണമെന്നാണ് ഇന്ത്യൻ കമ്പനികളുടെ പൊതുവായ ആവശ്യം.
25% തീരുവ ഏർപ്പെടുത്തിയപ്പോൾ തന്നെ പല കമ്പനികളും യുഎസിലെ പങ്കാളികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
എല്ലാവരും ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. അധികച്ചെലവ് ഒഴിവാക്കാനായി അവർ ഇന്ത്യയ്ക്കു പകരം മറ്റു രാജ്യങ്ങളെ ആശ്രയിക്കുമോയെന്ന ആശങ്കയിലാണു കയറ്റുമതിക്കാർ.
ഗൗരവത്തോടെ ഇടപെടും
ട്രംപ് പ്രഖ്യാപിച്ച തീരുവ ഏതൊക്കെ മേഖലയെ എങ്ങനെയൊക്കെ ബാധിക്കും എന്നു കണ്ടെത്തുകയാണ് ആദ്യം ചെയ്യുക.
വളരെ ഗൗരവത്തോടെയാണ് ഇൗ പ്രതിസന്ധിയെ സർക്കാർ കണക്കിലെടുക്കുന്നത്. വിവിധ കൂടിക്കാഴ്ചകൾക്കു ശേഷം, എന്തൊക്കെ നടപടികൾ സർക്കാർ തലത്തിൽ കൈക്കൊള്ളണമെന്നു തീരുമാനിക്കും.
ഐടി, മത്സ്യം, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ മേഖലയെ തീരുവ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
∙ മന്ത്രി കെ.എൻ.ബാലഗോപാൽ
കേന്ദ്രസർക്കാരിന്റെ കണക്കു പ്രകാരം രാജ്യത്തെ ആകെ കയറ്റുമതിയുടെ 1.09% മാത്രമാണ് കേരളത്തിന്റെ സംഭാവന.
എന്നാൽ, രാജ്യത്തെ മത്സ്യക്കയറ്റുമതിയിൽ 14% കേരളത്തിൽ നിന്നാണ്. കേരളത്തിൽ നിന്നുള്ള മത്സ്യം, സുഗന്ധ വ്യഞ്ജനം, കയർ എന്നിവ ഏറ്റവുമധികം കയറ്റി അയയ്ക്കുന്നത് യുഎസിലേക്കാണ്.
തീരുവ മൂലം തിരിച്ചടിയുണ്ടാകുന്ന മേഖലകളിലെല്ലാം തൊഴിലെടുക്കുന്നവരുടെ സുരക്ഷിതത്വവും സർക്കാരിനു കണക്കിലെടുക്കേണ്ടി വരും.
കേരളത്തിൽ നിന്നുള്ള 14,000 കോടിയുടെ ഐടി കയറ്റുമതിയുടെ നല്ലൊരു പങ്കും യുഎസിലേക്കാണ്. പ്രമുഖ ഐടി കമ്പനികളുടെയെല്ലാം സാന്നിധ്യം ഇപ്പോൾ കേരളത്തിലുണ്ട് താനും.
2023–24ൽ 14% ആയിരുന്നു കേരളത്തിൽ നിന്നുള്ള ഐടി കയറ്റുമതിയിലെ വർധന. ഇൗ മേഖല തിരിച്ചടി നേരിട്ടാൽ ആദായ നികുതി, കോർപറേറ്റ് നികുതി അടക്കമുള്ളവ സർക്കാർ വരുമാനങ്ങളിലും ഇടിവുണ്ടാകും.
എന്നാൽ ഐടി സേവന മേഖലയ്ക്ക് തീരുവ ബാധകമല്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇക്കാര്യത്തിലെ ആശയക്കുഴപ്പം ഇനിയും നീങ്ങിയിട്ടില്ല.
തൽക്കാലം ഐടിക്ക് കുഴപ്പമില്ല
ട്രംപിന്റെ പുതിയ തീരുമാനം ഐടി സേവന മേഖലയെ ബാധിക്കില്ലെന്നാണ് കരുതുന്നത്.
എന്നാൽ, മറ്റു മേഖലകളിലെ തീരുവ വർധനയുടെ പ്രതിഫലം ഐടിക്കും ഭീഷണിയാണ്. ട്രംപിന്റെ ഇൗ തീരുമാനം തുടരണം എന്നില്ല.
തീരുവ വർധന അമേരിക്കൻ കമ്പനികളെയും സാരമായി ബാധിക്കും. നിലവിലെ ഇന്ത്യൻ കമ്പനികളെ ഉപേക്ഷിച്ച് ഒറ്റയടിക്ക് മറ്റു രാജ്യങ്ങളിലെ കമ്പനികളിലേക്കു മാറുക അവിടത്തെ ഇറക്കുമതിക്കാർക്ക് എളുപ്പമല്ല.
പ്രത്യേകിച്ച് ഐടി മേഖലയിൽ. പകരം വിലക്കയറ്റം ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കേണ്ട
സാഹചര്യം വരും. അത് യുഎസിന് എത്രത്തോളം താങ്ങാൻ കഴിയും?
വി.കെ.മാത്യൂസ്
ധനമന്ത്രിയുടെ ചർച്ച അടുത്തയാഴ്ച മുതൽ
തിരുവനന്തപുരം ∙ പ്രതിസന്ധി നേരിടാനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഓരോ മേഖലയിലെയും പ്രതിനിധികളുടെ പ്രത്യേക യോഗങ്ങൾ മന്ത്രി കെ.എൻ.
ബാലഗോപാലിന്റെ നേതൃത്വത്തിൽ അടുത്ത ആഴ്ച മുതൽ ചേരും. സമ്പദ്വ്യവസ്ഥയ്ക്കു മൊത്തത്തിലുണ്ടാകുന്ന ആഘാതത്തിനു പുറമേ സർക്കാരിന്റെ നികുതി അടക്കമുള്ള വരുമാനങ്ങളിലും തിരിച്ചടി നേരിടുമെന്ന ആശങ്കയുണ്ട്.
പ്രമുഖ സാമ്പത്തിക വിദഗ്ധർ, വ്യവസായ പ്രമുഖർ, കയറ്റുമതി രംഗത്തെ പ്രതിനിധികൾ തുടങ്ങിയവരുമായിട്ടാണ് യോഗങ്ങൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]