
രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രണ്ടു പാഴ്സി കുടുംബങ്ങൾ തമ്മിലുള്ള ബിസിനസ് കൂട്ടുകെട്ടും ഇഴയടുപ്പവും ഇല്ലാതാകുമോ എന്ന ചൂടേറിയ ചർച്ചയിലാണ് ഇന്ത്യൻ വാണിജ്യലോകം. റിസർവ് ബാങ്കിന്റെ നിർദേശം മറികടക്കാൻ, ടാറ്റാ ഗ്രൂപ്പിന്റെ പുറത്തുനിന്നുള്ള ഏറ്റവും വലിയ ഓഹരിയുടമകളായ ഷാപൂർജി പല്ലോൻജി ഗ്രൂപ്പിനെ ഒഴിവാക്കാൻ ടാറ്റാ സൺസ് തീരുമാനിച്ചതോടെയാണ് ചർച്ച ചൂടുപിടിച്ചത്.
ഇന്ത്യയിലെ ലിസ്റ്റ് ചെയ്യാതെ ‘മുങ്ങി നടക്കുന്ന’ കോർപറേറ്റ് വമ്പന്മാർ സെപ്റ്റംബർ 30 നകം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന സെബി നിർദേശത്തെ തുടർന്നാണ് ടാറ്റാ സൺസിന്റെ നീക്കം.
ഇതനുസരിച്ച് ഷാപൂർജി പല്ലോൻജിയെ ഒഴിവാക്കി ടാറ്റ സൺസിന്റെ വലിപ്പം കുറയ്ക്കുകയാണ് ലക്ഷ്യം. ഇതു നടപ്പായാൽ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന ആർബിഐ തീരുമാനത്തിന്റെ വലയിൽ നിന്ന് പുറത്തുകടക്കാമെന്നാണ് ടാറ്റാ സൺസിന്റെ നിഗമനം.
ചെയർമാൻ നോയൽ ടാറ്റ കഴിഞ്ഞ ആഴ്ച എല്ലാ ട്രസ്റ്റിമാരെയും പങ്കെടുപ്പിച്ച് നടത്തിയ ട്രസ്റ്റ്സിന്റെ യോഗത്തിൽ ഇത് സംബന്ധിച്ച പ്രമേയവും പാസാക്കിയിരുന്നു.
ഷാപൂർജി പല്ലോൻജി ഗ്രൂപ്പ്
തീരുമാനം യാഥാർഥ്യമായാൽ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന, രണ്ട് പാഴ്സി കുടുംബങ്ങൾ തമ്മിലുള്ള ബിസിനസ് കൂട്ടുകെട്ടും ഇഴയടുപ്പവുമാണ് ഇല്ലാതാകുന്നത്. മുൻപ് ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ ചെയർമാനായിരുന്നപ്പോൾ പുറത്തു പോകണമെന്ന ഷാപൂർജി പല്ലോൻജിയുടെ ആവശ്യം പരിഗണിച്ചിരുന്നില്ല.
ആ തീരുമാനം ഇപ്പോൾ കമ്പനി പുനഃപരിശോധിക്കുകയാണ്.
1928 മുതലുള്ള കൈകോർക്കലാണ് ഇതോടെ ഇല്ലാതാകുന്നത്. ടാറ്റ സൺസുമായുളള ഷാപ്പോർജി പല്ലോൻജിയുടെ ബന്ധം വഷളാകാൻ തുടങ്ങിയിട്ടു കുറച്ചുകാലമായി.
ഷാപൂർജി പല്ലോൻജി ഗ്രൂപ്പിലെ ഇളമുറക്കാരനായ സൈറസ് മിസ്ട്രിയെ നിയമയുദ്ധത്തിലൂടെ ചെയർമാൻ സ്ഥാനത്ത് നിന്നു നീക്കിയതിനെ തുടർന്നാണ് ആ ബന്ധത്തിലെ ഊഷ്മളത ഇല്ലാതായത്. 1865ൽ പല്ലോൻജി മിസ്ട്രി ആരംഭിച്ച കമ്പനി അടിസ്ഥാന സൗകര്യവികസനം, നിർമാണം, ഷിപ്പിങ്, ടെക്സ്റ്റൈൽ, പുനരുപയോഗ ഊർജം, എൻജിനീയറിങ് തുടങ്ങിയ ഏതാണ്ട് എല്ലാ മേഖലകളിലും കൈ വച്ചിട്ടുണ്ട്.
എങ്കിലും റിയൽഎസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധികളും കോവിഡ് കാലത്തിനുശേഷമുണ്ടായ മാറ്റങ്ങളുമൊക്കെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ആധുനിക മുംബൈയുടെ മുഖമുദ്രകളായ റിസർവ് ബാങ്ക്, ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ച്, മുംബൈ താജ് പാലസ് തുടങ്ങിയവ ശിൽപികളാണിവർ.
വേർപിരിയൽ പാടാകും
ഷാപൂർജി പല്ലോൻജി ഗ്രൂപ്പുമായി ചർച്ച നടത്തി പദ്ധതി നടപ്പാക്കാൻ ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഷാപൂർജി പല്ലോൻജിക്ക് കമ്പനിയിലുള്ള കടങ്ങളെല്ലാം വീട്ടി ഓഹരികൾ മടക്കിയേൽപിച്ച് , മുഖ്യ നിക്ഷേപകരെന്ന പദവിയിൽ നിന്ന് ഒഴിവായി മടങ്ങിപ്പോകാനുള്ള സാധ്യത ഒരുക്കേണ്ടത് ചന്ദ്രശേഖരനാണ്. ഇതിന് സാധ്യമായതെല്ലാം ചെയ്യാൻ നോയൽ ടാറ്റയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.
ടാറ്റ സൺസ് ഓഹരികൾ പണയപ്പെടുത്തിയാണ് ഷാപൂർജി വായ്പ എടുത്തിട്ടുള്ളത് എന്നതിനാൽ ഈ നീക്കം സങ്കീർണമാകാനാണ് സാധ്യത.
സ്വകാര്യമായി നിലനിൽക്കും
ഓഹരി ഉടമകളുടെ ഇടപെടലില്ലാതെ ‘സ്വകാര്യ’മായി തുടരാനാണ് ടാറ്റ സൺസ് തീരുമാനിച്ചിട്ടുള്ളത്. നീക്കം നടന്നില്ലെങ്കിൽ ലിസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ കമ്പനി സെപ്റ്റബർ 30 നകം പുതിയ മാർഗം കണ്ടെത്തുകയും വേണം.എല്ലാ ടാറ്റാ ഗ്രൂപ്പ് സംരംഭങ്ങളിലും പങ്കാളിത്തമുള്ള കമ്പനിയായ ടാറ്റ ഹോൾഡിങ്സിന് 18,000 കോടി ഡോളറിന്റെ നിക്ഷേപമാണുള്ളത്.
ഇത്രയും വലിയ കമ്പനി ലിസ്റ്റ് ചെയ്യണമെന്ന് റിസർവ് ബാങ്ക് പറഞ്ഞെങ്കിലും കമ്പനി സ്വകാര്യമായിത്തന്നെ നിലനിർത്താനാണ് മാതൃസ്ഥാപനമായ ടാറ്റ ട്രസ്റ്റ്സിന്റെ തീരുമാനം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]