
റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ കടുത്ത തീരുവക്കുരുക്കിലാക്കിയത് മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിക്കുന്ന 2022ന് മുൻപ് ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ 0.2% മാത്രമായിരുന്നു റഷ്യയുടെ പങ്ക്.
യുദ്ധാനന്തരം അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയ്ക്കുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തുകയും യൂറോപ്യൻ യൂണിയനിലെ ഭൂരിഭാഗം രാജ്യങ്ങളും റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്ക്കുകയും ചെയ്തു.
∙ യുദ്ധത്തിന് മുൻപ് യൂറോപ്യൻ യൂണിയനിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ 29% റഷ്യയുടെ വിഹിതമായിരുന്നു.
∙ റഷ്യയായിരുന്നു യൂറോപ്പിന്റെ ഏറ്റവും വലിയ എണ്ണ സ്രോതസ്സും.
∙ 2025ലെ കണക്കുപ്രകാരം വിഹിതം വെറും 2 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
ചൈനയെ കടത്തിവെട്ടി ഇന്ത്യ നമ്പർ വൺ
യൂറോപ്യൻ യൂണിയൻ കൈവിട്ടതോടെയാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും വൻതോതിൽ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് റഷ്യ എണ്ണ നൽകിത്തുടങ്ങിയത്. ചൈനയായിരുന്നു നമ്പർ വൺ ഉപഭോക്താവ്.
പിന്നീട് ചൈനയെ കടത്തിവെട്ടി ഇന്ത്യ ഒന്നാമതായി. 2023ൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ 38% റഷ്യയിൽ നിന്നായിരുന്നു.
2024ൽ അത് 36 ശതമാനവും നിലവിൽ 33 ശതമാനവുമാണ്.
റഷ്യയ്ക്കുമേൽ യൂറോപ്യൻ യൂണിയൻ കടുത്ത ഉപരോധം പ്രഖ്യാപിച്ചതോടെ രാജ്യാന്തര എണ്ണവില കത്തിക്കയറാനുള്ള സാഹചര്യം ഒരുങ്ങിയിരുന്നു. അതിനിടെ ഇന്ത്യ സന്ദർശിച്ച ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് റഷ്യ എണ്ണ ഇറക്കുമതി ചെയ്യണമെന്ന് അഭ്യർഥിച്ചിരുന്നുവെന്ന് മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു.
ബുഷിന്റെ ഊർജ ഉപദേഷ്ടാവ് ബോബ് മക്നാലി ഒരു മാധ്യമത്തോട് പ്രതികരിച്ചു. എണ്ണവില കുറഞ്ഞുനിൽക്കണമെങ്കിൽ ഇന്ത്യയും റഷ്യൻ എണ്ണ വാങ്ങണമെന്ന് ബൈഡൻ പറഞ്ഞിരുന്നുവെന്നും മക്നാലി വ്യക്തമാക്കി.
അമേരിക്കയുടെ യു-ടേൺ
റഷ്യൻ എണ്ണ വാങ്ങാൻ മോദിയോട് ബൈഡൻ യാചിക്കുകയായിരുന്നു എന്നാണ് ബോബ് മക്നാലി ആരോപിക്കുന്നത്.
ഇതേ അമേരിക്കയാണ് ഇപ്പോൾ റഷ്യൻ എണ്ണ വിഷയത്തിൽ യു-ടേൺ അടിച്ചതും ഇന്ത്യയ്ക്കെതിരെ താരിഫ് ആയുധമാക്കുന്നതും. റഷ്യൻ എണ്ണ വാങ്ങുന്നതുവഴി മറ്റു ഉപഭോക്താക്കൾക്കും ഗുണംചെയ്യുകയാണ് ഇന്ത്യയെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ ക്രൂഡ് വില നിലവിലെ 64-68 ഡോളറിൽ നിന്ന് 130 ഡോളറിലേക്ക് കുതിച്ചുകയറുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു.
രാജ്യാന്തര എണ്ണ ഉൽപാദനത്തിന്റെ 10% പങ്കുള്ള റഷ്യയെ ഒറ്റപ്പെടുത്തുന്നത് സാമ്പത്തികമേഖലയ്ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യുഎസിനും സൗദിക്കും പിന്നിലായി ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉൽപാദക രാജ്യമാണ് റഷ്യ. ഇന്ത്യയ്ക്കൊപ്പം ചൈനയും റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിയാൽ വില ബാരലിന് 200 ഡോളർ ഭേദിച്ചേക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.
അതേസമയം, മുൻവർഷങ്ങളിൽ ബാരലിന് വിപണിവിലയുടെ 10 ഡോളറിലധികം ഡിസ്കൗണ്ട് ഇന്ത്യയ്ക്ക് നൽകിയ റഷ്യ അതിപ്പോൾ 1-2 ഡോളറിലേക്ക് ചുരുക്കിയിട്ടുണ്ട്.
ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി മുൻമാസങ്ങളെ അപേക്ഷിച്ച് കഴിഞ്ഞമാസം കുറയുകയും ചെയ്തു. മാർച്ചിൽ പ്രതിദിനം ഇന്ത്യ 20.9 ലക്ഷം വീതം ബാരൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തിരുന്നു.
ജൂലൈയിൽ ഇറക്കുമതി 15 ലക്ഷം ബാരലിലേക്ക് ചുരുങ്ങി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]