
ഓഹരി വിപണിയില്‍ കാശുകളയുന്നവരൊക്കെ ഒരിക്കലും ഉപയോഗിക്കാത്ത ഒരു വാക്കുണ്ട്. തല്ലിക്കൊന്നാലും നിക്ഷേപം എന്ന വാക്ക് അക്കൂട്ടര്‍ പറയില്ല. ആ വാക്ക് കേള്‍ക്കുമ്പോഴേ അയ്യേ എന്ന് പറഞ്ഞ് അവര്‍ മുഖം ചുളിക്കും. ഓഹരി വിപണിയില്‍ ചെയ്യുന്നതിന് അവര്‍ കളി എന്നാണ് പറയുക. കളിക്കാനറിയാവുന്നവര്‍ക്കുള്ളതാണ് ഓഹരി വിപണി അല്ലാതെ നിന്നേപ്പോലുള്ള ‘നിച്ചേപകര്‍’ക്കല്ല എന്നതാണ് അവരുടെ ഒരു പൊതു ലൈന്‍. കണ്ണൂര്‍ ജയില്‍ ആണുങ്ങള്‍ക്കുള്ളതാണ് എന്ന സിനിമാ ഡയലോഗ് പോലെ. ഓഹരി വിപണിയിലെ ട്രേഡിങ് ഒരു തരത്തില്‍ കളിതന്നെയാണ്. ഈ കളിക്ക് എതിരാളികളൊന്നുമില്ല. അതുകാണ്ട് തന്നെ വലിയ മല്‍സരവും. അതുകൊണ്ട് തന്നെ ഒളിമ്പിക്‌സോ ഏഷ്യാഡോ ലോക കപ്പോ ഒന്നുമില്ല. ക്വാര്‍ട്ടര്‍ഫൈനലും സെമിയും ഫൈനലുമില്ല. കയ്യിലുള്ള കാശ് മുഴുവന്‍ തീരുമ്പോള്‍ കളിയും തീരും. പിന്നെയും എവിടെ നിന്നെങ്കിലും കാശ് സംഘടിപ്പിച്ച് വരുമ്പോള്‍ വീണ്ടും കളി ആരംഭിക്കും. ഇത്തരം കളിക്കാരെ ആരാധനയോടെ കാണുന്ന ഓഹരി നിക്ഷേപകരും ധാരാളം ഉണ്ട്. കാരണം ഈ കളിക്കാര്‍ എപ്പോഴും കിട്ടിയ കാശിന്റെ കാര്യം മാത്രമേ പറയാറുള്ള. പോയ കാശിന്റെ കണക്ക് അവര്‍ ആരെയും അറിയിക്കാറില്ല. പോയ കാശിന്റെ കണക്ക് കൃത്യമായി അറിയുന്നത് ഇവര്‍ വല്ല തട്ടിപ്പ് നടത്തി പിടിക്കപ്പെടുമ്പോഴോ അത്മഹത്യ ചെയ്യുമ്പോഴോ ആയിരിക്കും.
ഓഹരി വിപണി ഇപ്പോള്‍ ഒരു കടലാണ്. ആ കടലിന്റെ തീരത്ത് അന്തവും കുന്തവും ഇല്ലാതെ വന്നിരിക്കുന്ന കുട്ടികളാണ് വിപണിയിലെ കളിക്കാര്‍. കടലിലുള്ളത് ഈരിഴ തോര്‍ത്തുമായി പരലിനെ പിടിക്കാന്‍ ഇറങ്ങിയിരിക്കുന്ന മാമന്‍മാരും അനന്തിരവന്മാരുമാണ്. ഈ മാമന്‍മാരെ നിക്ഷേകര്‍ക്ക് പെട്ടെന്ന് മനസിലാകും. എന്നാല്‍ ട്രേഡേഴ്‌സ് അഥവ കളിക്കാര്‍ക്ക് മനസിലാകില്ല ഒരിക്കലും. കയ്യിലെ കാശുപോയാലും മനസിലാകില്ല. അതുകൊണ്ടാണല്ലോ ഉള്ളത് പോയാല്‍ പിന്നെയും കൂടുതല്‍ കാശുമായി വീണ്ടും ഇവര്‍ വരുന്നത്. ഈരിഴ തോര്‍ത്തുമായി വരുന്നവര്‍ ഇന്‍സൈഡ് ട്രേഡേഴ്‌സാണ്. കമ്പനികളുടെ അടുപ്പക്കാരില്‍ നിന്ന് കിട്ടിയ വിലപിടിച്ച വിവരവുമായി അവര്‍ വന്ന് കളിച്ചിട്ട് പോകും. അവര്‍ അവശേഷിപ്പിക്കുന്ന എന്തെങ്കിലുമൊക്കെയായിരിക്കും നമ്മുടെ സാദാ കളിക്കാര്‍ക്ക് കിട്ടുക.
രാജ്യത്തെ ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് ചോര്‍ത്തി നല്‍കി ഓഹരി വ്യാപാരത്തിലൂടെ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സെബി നോട്ടീസ് നല്‍കിയ വാര്‍ത്ത ഈയിടെയാണ് പുറത്തുവന്നത്. കമ്പനിയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് അത് നല്ലതോ ചീത്തയോ എന്ന് മനസിലാക്കി കമ്പനിയുടെ അടുപ്പക്കാര്‍ ഓഹരി വന്‍തോതില്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതിനെയാണ് ഇന്‍സൈഡര്‍ ട്രേഡിങ് എന്ന് പറയുന്നത്. ഈയിടെ പ്രശ്‌നത്തിലായ ഒരു പ്രമുഖ ബാങ്കിന്റെ സിഇഒയും ഡെപ്യൂട്ടി സിഇഒയും കോടിക്കണക്കിന് രൂപയുടെ ഓഹരി വിറ്റതും ഇന്‍സൈഡ് ട്രേഡിങ് ആണെന്ന് ആരോപണം ഉണ്ടായിരുന്നു. സിഇഒ 134 കോടി രൂപയ്ക്കുള്ള 9.5 ലക്ഷം ഓഹരികളും ഡെപ്യൂട്ടി സിഇഒ 82 കോടി രൂപയ്ക്കുള്ള 5.5 ലക്ഷം ഓഹരികളും ആണ് 2023 മെയ് മുതല്‍ 2024 ജൂണ്‍വരെയുള്ള കാലയളവില്‍ വിറ്റത്. മറ്റൊരു ടെക് ഓഹരിയുടെ ഇന്‍സൈഡര്‍ ട്രേഡിങ് നടത്തിയതിന് രണ്ട് പേരെ ഒരു വര്‍ഷത്തേക്ക് വിലക്കുകയും ഫൈന്‍ ചുമുത്തുകയും ചെയ്തിരുന്നു. ഇന്‍സൈഡര്‍ ട്രേഡിങ് നടത്തുന്നത് തടയുന്നതിനുള്ള സംവിധാനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ ഈ ടെക്ക് കമ്പനിയുടെ സിഇഒയ്ക്കും ഫൈന്‍ ചുമത്തിയിരുന്നു.
ഈരിഴതോര്‍ത്തുകൊണ്ട് മീന്‍പിടിക്കാനിറങ്ങുന്ന ഇത്തരം അടുപ്പക്കാരും ബന്ധുക്കാരും മാമന്‍മാരും ഉണ്ടാക്കുന്ന ലാഭം ആരുടെ പോക്കറ്റിലെ പണമാണ്. ഒരു സംശയവുമില്ല. പാവം സാധാരണക്കാരായ ട്രേഡേഴ്‌സിന്റെ പണം തന്നെ. ഓഹരി വിപണിയില്‍ നടക്കുന്നതും കച്ചവടമാണല്ലോ. വില്‍പ്പനയും വാങ്ങലും മാത്രം. ഒരാളുടെ ലാഭം ഉറപ്പായും മറ്റൊരാളുടെ നഷ്ടമായിരിക്കുമല്ലോ. സെബി പലതും കണ്ടുപിടിച്ച് ഫൈന്‍ ചുമത്തിയെന്ന് കരുതി ഇത്തരം ഇന്‍സൈഡ് ട്രേഡിങ് നടന്നതുമൂലം മറ്റ് ട്രേഡേഴ്‌സിനുണ്ടായ നഷ്ടം നികത്തപ്പെടുന്നില്ലല്ലോ. ഇന്‍സൈഡ് ട്രേഡിങ് നടക്കുന്നത് തടയാന്‍ സെബി ബഹുമുഖ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരന്തര നിരീക്ഷണം, ഡാറ്റ അനലിറ്റിക്‌സ്, ഇപ്പോഴിതാ എഐ അധിഷ്ഠിത അല്‍ഗോരിതം തുടങ്ങിയവയിലൂടെ ട്രേഡിങ് പാറ്റേണ്‍ വിശകലനം ചെയ്ത് അസ്വാഭാവികമായ വില്‍ക്കലുകളും വാങ്ങലുകളും കണ്ടെത്തുന്നു. അതിനുശേഷം അത്തരം ഇടപാടുകള്‍ നടത്തിയ ബ്രോക്കറുടെ വിവരങ്ങളും പരിശോധിക്കും. സംഭവം ഗംഭീരമാണ്. ഇത് തടയാന്‍ പലപ്പോഴും കഴിയാറില്ല. നടന്നശേഷം കണ്ടുപിടിക്കും. വിലക്കും. പിഴ ചുമത്തും. പക്ഷേ ഉണ്ടായ നഷ്ടം നേരത്തെ പറഞ്ഞതുപോലെ അങ്ങനെ നില്‍ക്കും.
പല ഓഹരികളുടെയും വില കൂടുന്നതും ഇടിയുന്നതും മാമന്‍മാരുടെയും അനന്തിരവന്‍മാരുടെയും ഇന്‍സൈഡര്‍ ട്രേഡിങിന്റെ ഫലമായിട്ടായിരിക്കും. അതറിയാതെ കളിച്ചാല്‍ നഷ്ടമായിരിക്കും ഫലം. അതുകൊണ്ട് ഓഹരി നിക്ഷേപകരാകുക. ഓഹരി കളിക്കാര്‍ ആകാതിരിക്കുക.
(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഫോണ്‍ 9447667716. ഇ മെയ്ല്‍ [email protected])
English Summary:
This article analyzes the stock market’s hidden risks, particularly the impact of insider trading, drawing parallels between the actions of “uncles and nephews” using privileged information and the losses faced by ordinary traders. The author emphasizes the importance of informed investing over speculative gambling.
mo-business-stock-trading-fraud mo-business-intradaytrading 5vrnu1sk69rcupklqt08ttkh4k-list k-k-jayakumar 5oi3ptatttav56idbagmjj0ige 7q27nanmp7mo3bduka3suu4a45-list mo-business-nifty mo-business-shareinvestment mo-crime-fraud