
കൊച്ചി∙ പൊതുമേഖലാ എണ്ണക്കമ്പനികളുടെ പെട്രോൾ പമ്പുകൾ വഴി കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വിൽക്കുന്നത് 20% എഥനോൾ ചേർത്ത പെട്രോൾ(ഇ20). ഇതോടെ ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് എല്ലായിടത്തും 20% എഥനോൾ ചേർത്ത പെട്രോൾ വിൽക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കിയിരിക്കുകയാണു രാജ്യം.
20% എഥനോൾ ചേർത്ത പെട്രോൾ വിൽപനയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് 2023ൽ ആയിരുന്നു. അന്ന് 15 നഗരങ്ങളിലാണ് വിതരണം ഉണ്ടായിരുന്നത്. 2030നുള്ളിൽ രാജ്യമാകെ ഇ20 എന്ന ലക്ഷ്യം കൈവരിക്കാനാണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും പിന്നീട് അത് 2025 ഏപ്രിൽ ഒന്നാക്കി നിശ്ചയിക്കുകയായിരുന്നു.
10 വർഷം മുൻപാണ് എഥനോൾ ചേർത്ത പെട്രോൾ വിൽക്കാനുള്ള പദ്ധതി രാജ്യത്ത് സജീവമാകുന്നത്. 2% , 5%, 10%, 12% എന്നിങ്ങനെ വിവിധ ഘട്ടങ്ങൾ പിന്നിട്ടാണ് 20 ശതമാനത്തിലെത്തിയത്.
പ്രോസസ് ചെയ്തെടുത്ത ഒരു ലീറ്റർ എഥനോളിന്റെ വില ലീറ്ററിന് 57.97 രൂപയാണ്. തമിഴ്നാട്, ഡൽഹി, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ 100% എഥനോൾ ഇന്ധനം ലഭ്യമാണ്. എന്നാൽ എഥനോൾ ക്ഷമതയുള്ള വാഹനങ്ങളുടെ എണ്ണത്തിലുള്ള കുറവു കാരണം കേരളത്തിൽ ഇതുവരെ വിതരണം തുടങ്ങിയിട്ടില്ല.
എഥനോൾ ചേർത്ത പെട്രോൾ വിൽപനയുടെ നേട്ടങ്ങൾ: 2014–2024 കാലയളവിൽ
ലാഭം1.13 കോടി രൂപയുടെ വിദേശ കറൻസി
ലാഭം 193 ലക്ഷം മെട്രിക് ടൺ തത്തുല്യ അസംസ്കൃത എണ്ണ
വാഹനങ്ങളിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളലിൽ 544 ലക്ഷം മെട്രിക് ടണ്ണിന്റെ കുറവ്
പൊതുമേഖലാ എണ്ണക്കമ്പനികളുടെ എഥനോൾ മിശ്രിതം 2013-14 വർഷം: 38 കോടി ലീറ്റർ 2023-24: 707 കോടി ലീറ്റർ (14.60% വളർച്ച)
English Summary:
E20 petrol is now available across India. The nationwide rollout of the 20% ethanol blend marks a significant step towards renewable fuel and environmental sustainability.