കൊച്ചി∙ കേരളം ഇനി വീഞ്ഞളം ആയേക്കുമോ? കൃഷി പ്രി‍ൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവു പ്രകാരം കേരളത്തെ വീഞ്ഞിന്റെ വൻ ഉൽപാദന–ടൂറിസം കേന്ദ്രമാക്കി മാറ്റാൻ വിദഗ്ധ സമിതി രൂപീകരിച്ചു. 3 മാസത്തിനകം റിപ്പോർട്ട് നൽകണം.

എക്സൈസ് കമ്മിഷണറും ബവ്റിജസ് കോർപറേഷൻ, കെഎസ്ഐഡിസി, കാബ്കോ എംഡിമാരും മറ്റും ഉൾപ്പെട്ട സമിതിയുടെ പരിഗണനയിൽ കേരളത്തിന്റെ കാർഷികോൽപന്നങ്ങളിൽ നിന്നുള്ള വീഞ്ഞ് നിർമാണവും വിപണനവും സംബന്ധിച്ച പ്രസക്ത വിഷയങ്ങളെല്ലാമുണ്ട്. ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭകരെ വീഞ്ഞു നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുക, കാർഷിക സർവകലാശാല അവർക്കു വേണ്ട സാങ്കേതിക പരിശീലനം നൽകുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

വീഞ്ഞ് ഉപഭോഗം കൂട്ടാൻ വില കുറയണം എന്നതിനാൽ നികുതി കുറയ്ക്കുന്നതു സംബന്ധിച്ചും സമിതി നിർദേശം നൽകണം. വീഞ്ഞു നിർമാണത്തിന് അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനകം ലൈസൻസ് നൽകുംവിധം സുതാര്യമായ നടപടിക്രമം വേണം. ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മിഷണറാണു ലൈസൻസ് നൽകുക. വീഞ്ഞ് ഉൽപാദനത്തിനു വേണ്ട സാങ്കേതിക, വിപണന സഹായങ്ങൾ നൽകാനും സംവിധാനം ഏർപ്പെടുത്തണം.

വീഞ്ഞ് ടൂറിസം പ്രോ‍ൽസാഹിപ്പിക്കാനായി വൈനറികൾ സ്ഥാപിക്കുന്നതിനും മാർഗരേഖ വേണം. പൊതു–സ്വകാര്യ പങ്കാളിത്തത്തിലൂടെ ‘വൈൻ പാർക്കുകളും’ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാം.

വീഞ്ഞ് ഉൽപാദനം ഉൾപ്പെടെ കാർഷികോൽപന്നങ്ങളിൽ നിന്നു മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കി വിപണനം ചെയ്യുന്നതിന്റെ നോഡൽ ഏജൻസി കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) ആയിരിക്കും.

English Summary:

Kerala’s potential as a major wine producer is being explored by an expert committee tasked with boosting wine production and tourism. The committee will examine licensing, taxation, and public-private partnerships to help establish Kerala as a wine hub.