ഇന്ത്യയുമായുള്ള യുദ്ധം പാക്കിസ്ഥാന് താങ്ങാനാവില്ലെന്നും ഇപ്പോഴേ കനത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള പാക്കിസ്ഥാന്റെ സമ്പദ്‍വ്യവസ്ഥ ഉടനൊന്നും തിരിച്ചുകയറാനാകാത്തവിധം തകർന്നടിയുമെന്നും അമേരിക്കൻ റേറ്റിങ് ഏജൻസിയായ മൂഡീസ്. കഴിഞ്ഞമാസം കശ്മീരിലെ പഹൽഗാമിൽ പാക്കിസ്ഥാനി ഭീകരർ 26 വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ ബന്ധം കൂടുതൽ വഷളായത്. പഹൽഗാം ആക്രമണത്തിന് ചുട്ടമറുപടിയെന്നോണം പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഭീകരതാവളങ്ങളിൽ കടന്നുകയറി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണത്തിൽ പാക്കിസ്ഥാൻ കൂടുതൽ പരുങ്ങലിലായിട്ടുണ്ട്.

നിലവിൽ തന്നെ പണപ്പെരുപ്പത്താൽ പൊറുതിമുട്ടുകയാണ് പാക്കിസ്ഥാനിലെ ജനങ്ങൾ. അരിക്ക് കിലോയ്ക്ക് 340 പാക്കിസ്ഥാനി രൂപ (ഏകദേശം 102 ഇന്ത്യൻ രൂപ), കോഴിയിറച്ചിക്ക് 780 (235 രൂപ), മുട്ടയ്ക്ക് 332 (100 രൂപ), ബ്രഡിന് 160 (50 രൂപ), പഴത്തിന് 176 (52 രൂപ), തക്കാളിക്ക് 150 (45 രൂപ), ഉരുളക്കിഴങ്ങിന് 105 (31 രൂപ) എന്നിങ്ങനെയാണ് പാക്കിസ്ഥാനിൽ അവശ്യവസ്തുക്കളുടെ വില.

ഈ സാഹചര്യത്തിൽ ഒരു യുദ്ധത്തിലേക്ക് കടന്നാൽ പണപ്പെരുപ്പം കൂടുതൽ കത്തിക്കയറും, ജിഡിപി വളർച്ചനിരക്ക് നിലംപൊത്തും. മാത്രമല്ല, ഐഎംഎഫ്, എഡിബി തുടങ്ങിയവയിൽ നിന്നുള്ള രക്ഷാപ്പാക്കേജിനെ ആശ്രയിച്ചാണ് നിലവിൽ തന്നെ പാക്കിസ്ഥാൻ സർക്കാരിന്റെ നിലനിൽപ്പ്. യുദ്ധസാഹചര്യമുണ്ടായാൽ ഈ സഹായവും നിലച്ചേക്കാം. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ വാണിജ്യബന്ധം അവസാനിപ്പിച്ചതും നജീജല വിതരണം നിർത്തിയതും പാക്കിസ്ഥാന് വൻ തിരിച്ചടിയായിട്ടുണ്ട്.

ഇന്ത്യയുമായി യുദ്ധത്തിലേക്ക് കടന്നാൽ അതു പാക്കിസ്ഥാന്റെ ഉറ്റചങ്ങാതിയായ ചൈനയ്ക്കും സാമ്പത്തികമായി തിരിച്ചടിയാകും. കാരണം, ബില്യൻ കണക്കിന് ഡോളറാണ് പാക്കിസ്ഥാന് ചൈന കടംനൽകിയിട്ടുള്ളത്. വൻതോതിലുള്ള നിക്ഷേപവും ചൈന പാക്കിസ്ഥാനിൽ നടത്തിയിട്ടുണ്ട്.

കഴി‍ഞ്ഞ രണ്ടുവർഷത്തിനിടെ തന്നെ ഐഎംഎഫിൽ നിന്ന് പാക്കിസ്ഥാൻ 300 കോടി ഡോളർ (ഏകദേശം 25,000 കോടി രൂപ) വായ്പ എടുത്തുകഴിഞ്ഞു. ഇതിനുപുറമേയാണ് കൂടുതൽ സഹായം തേടുന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ഡിസംബറിലെ കണക്കുപ്രകാരം മാത്രം പാക്കിസ്ഥാൻ 131 ബില്യൻ ഡോളറിന്റെ (ഏകദേശം 11 ലക്ഷം കോടി രൂപ) കടം തിരിച്ചടയ്ക്കാനുമുണ്ട്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

https://www.manoramaonline.com/business.html

English Summary:

Pakistan Can’t Afford A War With India, Says US Rating Agency