
പാകിസ്ഥാൻ തുടർച്ചയായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ഉയർന്ന പണപ്പെരുപ്പം, വർദ്ധിച്ചുവരുന്ന ദാരിദ്ര്യം, സ്ഥിരമായ കടബാധ്യതകൾ, മോശം സാമ്പത്തിക മാനേജ്മെന്റ്, രാഷ്ട്രീയ അശാന്തി, റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ തുടങ്ങിയ ഘടകങ്ങൾ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ദീർഘകാല സാമ്പത്തികസ്ഥിരത ആശങ്കയായി തുടരുന്നു. പല കുടുംബങ്ങൾക്കും അടിസ്ഥാന ഭക്ഷണവും ഇന്ധനവും ഇപ്പോൾ ആഡംബരവസ്തുക്കളാണവിടെ.
വിദേശ കടത്തിൽ ഓടുന്ന സമ്പദ് വ്യവസ്ഥ
കുതിച്ചുയരുന്ന വിലക്കയറ്റത്തിനും രാജ്യത്ത് തുടരുന്ന സാമ്പത്തിക പ്രതിസന്ധിക്കും ഇടയിൽ ജനങ്ങളുടെ ഭാരം ലഘൂകരിക്കുന്നതിനായി സർക്കാർ രാജ്യത്തുടനീളം വിതരണ കേന്ദ്രങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത നിരവധി സംഭവങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാൻ പാകിസ്ഥാനികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തുകയാണ്. ഭക്ഷണത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും വിലക്കയറ്റം എങ്ങനെയാണ് ജനങ്ങളെ ബാധിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
ആശ്രയം ഐ എം എഫ്
രാജ്യാന്തര നാണയ നിധിയുമായുള്ള (IMF) പാകിസ്ഥാന്റെ സാമ്പത്തിക ബന്ധം 1958 മുതൽ ആരംഭിച്ചതാണ്. വിഭജനത്തിന്റെ സാമ്പത്തിക തകർച്ചയുമായി മല്ലിടുന്ന സ്വതന്ത്രമായ ഒരു രാഷ്ട്രത്തിനായുള്ള പിന്തുണയായി ആരംഭിച്ചത് പിന്നീട് ഒരു ദീർഘകാല ആശ്രയത്വമായി പരിണമിച്ചു. 1947, 1965, 1971 വർഷങ്ങളിൽ ഇന്ത്യയുമായുള്ള യുദ്ധങ്ങൾ, കിഴക്കൻ പാകിസ്ഥാൻ (ഇപ്പോൾ ബംഗ്ലാദേശ്) വേർപിരിയൽ, നിരന്തരമായ അസ്ഥിരത എന്നിവ ഇസ്ലാമാബാദിന് ബാഹ്യ സഹായത്തിന്റെ ആവശ്യകത കൂട്ടികൊണ്ടിരുന്നു.
ഐ എം എഫിനെ മാത്രമല്ല മറ്റു രാജ്യങ്ങളെയും പാകിസ്ഥാൻ നിരന്തരം ആശ്രയിച്ചിരുന്നു. 2024 ൽ പാകിസ്ഥാന്റെ വിദേശ കടം 13000 കോടി ഡോളറായി ഉയർന്നു. ഇതിൽഏകദേശം 22% ചൈനയുടേതാണ്. പ്രധാനമായും ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) പ്രകാരമാണ് ഇത്.
സാമ്പത്തിക പ്രശ്നങ്ങൾക്ക് പുറമെ, പ്രകൃതി ദുരന്തങ്ങളും പാകിസ്ഥാനെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. 33 ദശലക്ഷം ആളുകളെ ബാധിച്ച 2022 ലെ വെള്ളപ്പൊക്കം 3000 കോടി ഡോളറിന്റെ നാശനഷ്ടങ്ങൾ വരുത്തിവച്ചു കോവിഡിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും വിതരണ ശൃംഖലയിലെ ആഘാതങ്ങളും സ്ഥിരമായി പലിശ പോലും മുടക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചു.
പാകിസ്ഥാന് യുദ്ധത്തിനുള്ള ത്രാണിയുണ്ടോ?
കാശ്മീർ ആക്രമണത്തിന് തിരിച്ചടി നൽകാനാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ ‘ നടപ്പിലാക്കിയത്. ഇതിന്റെ ചുവടു പിടിച്ച് വീണ്ടും ആക്രമണ പരമ്പരയ്ക്കൊന്നും ഇന്ത്യ മുതിരില്ല എന്ന സന്ദേശം സർക്കാർ വൃത്തങ്ങൾ നൽകിയിട്ടുണ്ട്. ഇന്ത്യയെ പ്രകോപിപ്പിച്ചതിന് തിരിച്ചടിച്ചു എന്ന രീതിയിൽ കണക്കാക്കി കൂടുതൽ കാര്യങ്ങൾ വഷളാകാതെ നോക്കിയാൽ അത് ഏറ്റവും ഗുണം ചെയ്യുക പാകിസ്ഥാന് തന്നെയായിരിക്കും എന്ന് രാജ്യാന്തര മാധ്യമങ്ങൾ മുതൽ റേറ്റിങ് ഏജൻസികൾ വരെ അഭിപ്രായപ്പെടുന്നു. പാകിസ്ഥാന്റെ വിദേശ നാണ്യ കരുതൽ ശേഖരവും പരിതാപകരമായ അവസ്ഥയിലാണ്. ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യ സാധനങ്ങളുടെ വ്യാപാരം നിലച്ചതിൽ പിന്നെ പാകിസ്ഥാനിൽ ഭക്ഷ്യ വില കുത്തനെ ഉയരുകയാണ്. യുദ്ധം തുടങ്ങുന്നതിനു മുൻപ് തന്നെ പാകിസ്ഥാനിൽ പ്രശ്നങ്ങൾ അതിരൂക്ഷമാണ് എന്ന് രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ആ അവസ്ഥയിൽ പാകിസ്ഥാന് യുദ്ധം ചെയ്യാനുള്ള ത്രാണിയുണ്ടാകുമോ? സഹായിച്ചുകൊണ്ടിരിക്കുന്ന ചൈനയ്ക്ക് ഇപ്പോൾ നിലവിലുള്ള വായ്പകളെങ്കിലും തിരിച്ചടക്കുമോ എന്ന സംശയം തുടങ്ങിയിട്ടുണ്ട്. പാകിസ്ഥാന് ഒപ്പം നിൽക്കുമെന്ന് ചൈന പറയുമ്പോഴും, അത് എത്രകണ്ട് ഫലവത്താകുമെന്ന സംശയം വിശകലന വിദഗ്ധർക്കുമുണ്ട്.
പാകിസ്ഥാന്റെ കടം-ജിഡിപി അനുപാതം 70% കവിഞ്ഞു. ഈ കടം തീർക്കുന്നതിനുള്ള ചെലവാണ് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുന്നത്. ഐഎംഎഫിന്റെയും ക്രെഡിറ്റ് റേറ്റിങിന്റെയും കണക്കുകൾ പ്രകാരം സർക്കാരിന്റെ വരുമാനത്തിന്റെ 50-60% ഇപ്പോൾ പലിശ അടയ്ക്കുന്നതിനായി മാത്രം ചെലവഴിക്കുന്നു. തകർന്നു തരിപ്പണമായി നിൽക്കുന്ന പാകിസ്ഥാൻ ഭീമമായ തുക ചെലവഴിച്ച് ഒരു യുദ്ധത്തിന് ഒരുങ്ങില്ല എന്ന് തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ത്യക്ക് പാകിസ്ഥാനുമായുള്ള വ്യാപാരം നിലയ്ക്കുന്നത് അധികം പ്രശ്നങ്ങൾ ഉണ്ടാക്കില്ലെങ്കിലും, പ്രതിരോധ ചെലവുകൾ കൂടുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് അത്ര നല്ലതായിരിക്കില്ല.