
പഹൽഗാമിലെ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടിയെന്നോണം പാക്കിസ്ഥാനിലേക്കും പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലേക്കും കടന്നുകയറി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് കനത്ത ചാഞ്ചാട്ടത്തിൽ. നഷ്ടത്തോടെ, പതിഞ്ഞ തുടക്കമായിരുന്നെങ്കിലും നിമിഷങ്ങൾക്കകം തന്നെ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിന്റെ ട്രാക്ക് പിടിച്ചു. ഒരുവേള സെൻസെക്സ് 200 പോയിന്റിലേറെ ഉയർന്നെങ്കിലും ഇപ്പോഴുള്ളത് (രാവിലെ 9.50) 110 പോയിന്റ് നഷ്ടത്തിൽ. നിഫ്റ്റിയും ഒരുവേള പച്ചതൊട്ടെങ്കിലും വ്യാപാരം പുരോഗമിക്കുന്നത് 20 പോയിന്റോളം നഷ്ടത്തിൽ.
ഗിഫ്റ്റ് നിഫ്റ്റി നേരത്തെ നഷ്ടം കുറിച്ചപ്പോൾ തന്നെ സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞേക്കുമെന്ന ഭീതിയുണ്ടായിരുന്നു. സെൻസെക്സിലും നിഫ്റ്റിയിലും ഇന്നുടനീളം ചാഞ്ചാട്ടമാണ് നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. ഓഹരി വിഭജനത്തിലേക്ക് കടക്കുന്ന ടാറ്റാ മോട്ടോഴ്സ് ആണ് നിലവിൽ, 4.02% ഉയർന്ന് സെൻസെക്സിൽ നേട്ടത്തിൽ മുന്നിൽ. പവർ ഗ്രിഡ്, ബജാജ് ഫിനാൻസ്, എസ്ബിഐ, ഇൻഡസ്ഇൻഡ് ബാങ്ക് ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയവ 0.5-1.5% ഉയർന്ന് നേട്ടത്തിലുണ്ട്. എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ടൈറ്റൻ, നെസ്ലെ, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി തുടങ്ങിയവ 0.4-0.87% നഷ്ടത്തിൽ വ്യാപാരം ചെയ്യുന്നു.
നിഫ്റ്റി50ലും 4.10% ഉയർന്ന് ടാറ്റാ മോട്ടോഴ്സ് ആണ് നേട്ടത്തിൽ മുന്നിൽ. പവർഗ്രിഡ്. ജിയോഫിൻ, ബെൽ, ബജാജ് ഫിനാൻസ് എന്നിവ 1-1.4% ഉയർന്ന് തൊട്ടുപിന്നാലെയുണ്ട്. ഏഷ്യൻ പെയിന്റ്സാണ് 0.91% താഴ്ന്ന് നഷ്ടത്തിൽ ഒന്നാമത്. നിഫ്റ്റി മിഡ്ക്യാപ്100 സൂചിക 0.69 ശതമാനവും സ്മോൾക്യാപ്100 സൂചിക 0.36 ശതമാനവും നേട്ടത്തിലാണ്. ചാഞ്ചാട്ടത്തിന്റെ സൂചികയായ ഇന്ത്യ വിക്സ് 2.14% കയറിയെന്നത് നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കുന്നു. വിശാലവിപണിയിൽ നിഫ്റ്റി ഓട്ടോ, ധനകാര്യം, മെറ്റൽ, പൊതുമേഖലാ ബാങ്ക്, സ്വകാര്യബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ നേട്ടത്തിലും എഫ്എംസിജി, ഐടി, മീഡിയ, ഫാർമ, റിയൽറ്റി, ഹെൽത്ത്കെയർ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ നഷ്ടത്തിലുമാണുള്ളത്.
പ്രതിരോധ ഓഹരികളിൽ നേട്ടം
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ ഓഹരികൾ ഇന്ന് നേട്ടത്തിലാണുള്ളത്. എങ്കിലും, ഈ കമ്പനികളുടെ ഓഹരികളിലും സമ്മർദ്ദം അലയടിക്കുന്നുണ്ട്. ഇന്ന് വ്യാപാരത്തിന്റെ ആദ്യ മിനിട്ടുകളിലെ വ്യാപാരപ്രകാരം ഗാർഡൻ റീച്ച് ഷിപ്പ്ബിഴ്ഡേഴ്സ് 3.01%, പരസ് ഡിഫൻസ് 3.10%, കൊച്ചിൻ ഷിപ്പ്യാർഡ് 0.69%, ഹിന്ദുസ്ഥാൻ ഏയറോനോട്ടികിസ് 0.30%, ഡേറ്റാ പാറ്റേൺസ് 2.07%, ഭാരത് ഇലക്ട്രോണിക്സ് 0.37%, മാസഗോൺ ഡോക്ക് 1.67% എന്നിങ്ങനെ നേട്ടത്തിലാണ്. ഭാരത് ഡൈനാമിക്സ് നേട്ടത്തിലായിരുന്നെങ്കിലും നിലവിൽ 0.50% താഴ്ന്നു വ്യാപാരം ചെയ്യുന്നു.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)