ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാനെതിരെ കനത്ത ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞ കാലപരിധി ഇന്ന് തീരും. സമാന ‘അന്ത്യശാസനം’ നേരത്തെയും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിന്നീട് നീട്ടിയിരുന്നു.
എന്നാൽ ഇത്തവണ അതുണ്ടാകില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെ ചൊവ്വാഴ്ച രാത്രി 8 മണിക്ക് (ഇന്ത്യൻ സമയം പുലർച്ചെ 05.30) ആക്രമിക്കുമെന്ന് പറഞ്ഞു. ഒറ്റരാത്രി കൊണ്ട് ഇറാനെ തീർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇതോടെ ക്രൂഡ് ഓയിൽ വില ഉയർന്നു.
ഡബ്ല്യുടിഐ ബാരലിന് 115 ഡോളറിലേക്കും ബ്രെന്റ് ക്രൂഡ് 111 ഡോളറിലേക്കും മർബൻ 119 ഡോളറിലേക്കുമെത്തി. സ്വർണവില ഒരു ശതമാനത്തോളം ഇടിഞ്ഞു.
ഓഹരി വിപണികൾ നഷ്ടത്തിലേക്കുള്ള പാതയിൽ.
താൽക്കാലിക വെടിനിർത്തലിന് പകരം യുദ്ധത്തിന് ശാശ്വതമായ പരിഹാരമാണ് ഇറാൻ തേടുന്നതെന്നാണ് അറിയുന്നത്. ഇതിന് പുറമെ പത്ത് വ്യവസ്ഥകളും ഇറാനുണ്ട്.
ഹോർമുസിൽ പൂർണമായ നിയന്ത്രണം, സാമ്പത്തിക ഉപരോധം നീക്കണം, ഇനി ആക്രമിക്കില്ലെന്ന് ഉറപ്പു നല്‍കണം തുടങ്ങിയ നിർദേശങ്ങളാണ് ഇറാനുള്ളത്. പാലങ്ങളും പവർ പ്ലാന്റുകളും ലക്ഷ്യം വെച്ചാൽ ഇസ്രയേലിലെയും മധ്യേഷ്യയിലെ മറ്റ് രാജ്യങ്ങളുടെയും സമാനമായ കേന്ദ്രങ്ങളിൽ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ ഭീഷണി.
നഷ്ടത്തിലേക്ക്
ഇന്ന് ഗിഫ്റ്റി സിറ്റിയിലെ ഡെറിവേറ്റീവ് സൂചികയായ ഗിഫ്റ്റി നിഫ്റ്റി ചുവപ്പിലാണ്.
ഇന്ത്യൻ ഓഹരി വിപണി താഴ്ന്ന് വ്യാപാരം തുടങ്ങാനാണ് സാധ്യത. ഏഷ്യൻ വിപണികൾ സമിശ്രമായാണ് പ്രതികരിക്കുന്നത്.
ജപ്പാനിലെ നിക്കെയ് സൂചിക നഷ്ടത്തിലാണ്. കോസ്പി, ഷാൻഹായ് സൂചികകൾ നേട്ടത്തിലാണ്.
മുന്നേറി വിപണി
ഇന്ത്യൻ ഓഹരി വിപണി സൂചികകൾ ഇന്നലെ മികച്ച രീതിയിലാണ് മുന്നേറിയത്.
സെൻസെക്സ് 787 പോയിന്റും നിഫ്റ്റി 255 പോയിന്റും ഉയർന്നു. നിഫ്റ്റി 23000 നിലവാരത്തിലേക്കു തിരിച്ചെത്തി.
∙ക്രൂഡ് ഓയിൽ വില അൽപം ഇടിഞ്ഞതാണ് വിപണിയിലെ നേട്ടത്തിനു പ്രധാന കാരണം.
ഇറാനും യുഎസും തമ്മിൽ സമാധാന ചർച്ചകൾ നടക്കുന്നുവെന്ന പ്രതീക്ഷ, ഇന്ത്യൻ രൂപയുടെ നിരക്ക് മെച്ചപ്പെട്ടത്, നാലാം പാദത്തിലെ ബാങ്കുകളുടെ മികച്ച പ്രവര്‍ത്തന റിപ്പോർട്ട് തുടങ്ങിയ കാരണങ്ങളും വിപണിയെ മുന്നേറാൻ സഹായിച്ചു.
∙രാവിലെ നഷ്ടത്തിൽ ആരംഭിച്ച വിപണി ഉച്ചയോടെ ലാഭത്തിലേക്ക് മാറുകയായിരുന്നു. എല്ലാ മേഖലകളിലും ഓഹരി വാങ്ങൽ പ്രകടമായിരുന്നു. ബാങ്കിങ്, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലയിലായിരുന്നു വാങ്ങൽ ശക്തമായത്.
∙ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 452 ലക്ഷം കോടി രൂപയിൽ നിന്ന് 457 ലക്ഷം കോടി രൂപയായി വർധിച്ചു.
ഇന്നലെ മാത്രം നിക്ഷേപകരുടെ സമ്പത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത് അഞ്ച് ലക്ഷം കോടി രൂപയാണെന്ന് കണക്ക്.
∙പബ്ലിക് സെക്ടർ ബാങ്ക് സൂചികയിൽ 2.37 ശതമാനമാണ് നേട്ടം. പ്രൈവറ്റ് ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് ഓഹരികളും മുന്നേറി.
ഓയിൽ ആൻഡ് ഗ്യാസ് മേഖലകളിലെ ഓഹരികൾ ഇന്നലെ നഷ്ടത്തിലായി.
∙അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലും ഇന്നലെ നേരിയ നേട്ടമുണ്ടായി. 14 പൈസ ഉയർന്ന് മൂല്യം 93.04 നിലവാരത്തിലെത്തി.
∙വിദേശ നിക്ഷേപകർ ഇന്നലെയും വിൽപ്പനക്കാരായി.
വിദേശികൾ 7,869 കോടിയുടെ ഓഹരി വിറ്റപ്പോൾ തദ്ദേശീയ നിക്ഷേപകർ 7,950 കോടി രൂപയുടെ ഓഹരികളുടെ അറ്റ വാങ്ങലുകാരായി.
ജ്വല്ലറി ഓഹരികളിൽ നേട്ടം
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്വർണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി വില കേന്ദ്രം കുറച്ചുവെന്ന വാർത്തകൾ വന്നതോടെ ജ്വല്ലറി ഓഹരികളിൽ വലിയ മുന്നേറ്റമുണ്ടായി. സെൻകോ ഗോൾഡ് ഓഹരി 11 ശതമാനവും കല്യാൺ ജ്വല്ലേഴ്സ് ഓഹരി വില 5.4 ശതമാനവും ഉയർന്നു.
വെള്ളിയുടെ അടിസ്ഥാന ഇറക്കുമതി വില കിലോഗ്രാമിന് 2,820 ഡോളറിൽ നിന്ന് 2,427 ഡോളറായും സ്വർണത്തിന്റേത് 10 ഗ്രാമിന് 1,652 ഡോളറിൽ നിന്ന് 1,526 ഡോളറായും കുറച്ചെന്നാണു റിപ്പോർട്ട്.
ഇന്നലെ യുഎസ് വിപണിയും നേട്ടത്തിലായിരുന്നു. 45 ദിവസത്തെ വെടിനിര്‍ത്തൽ കരാർ ഇരുരാജ്യങ്ങളും പരിഗണിക്കുന്നുണ്ടെന്ന വാർത്ത തന്നൊണ് കാരണം.
ഡോ സൂചിക 0.36 ശതമാനവും എസ് ആൻഡ് പി 0.44 ശതമാനവും നാസ്ഡാക്ക് 0.54 ശതമാനവും വര്‍ധിച്ചു. യൂറോപ്യൻ വിപണികൾ സമിശ്രമായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

