
കേരളത്തിൽ സ്വർണവിലയിൽ ഇന്നും മികച്ച കുറവ്. പവന് 200 രൂപ കുറഞ്ഞ് വില 66,280 രൂപയും ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,285 രൂപയുമായി. ഇതോടെ കഴിഞ്ഞ 3 പ്രവൃത്തിദിനങ്ങളിലായി പവന് 2,200 രൂപയും ഗ്രാമിന് 275 രൂപയും കുറഞ്ഞു.
വില സമീപകാലത്തെ മികച്ച താഴ്ചയിലെത്തിയത് സ്വർണാഭരണശാലകളിലേക്ക് ആഭരണപ്രിയരെയും വിവാഹാഭരണ പർച്ചേസുകാരെയും വീണ്ടും തിരിച്ചെത്തിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഈമാസം മൂന്നിന് രേഖപ്പെടുത്തിയ പവന് 68,480 രൂപയും ഗ്രാമിന് 8,285 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ് വില.
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 6,830 രൂപയായി. അതേസമയം, എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ നൽകിയ വില ഗ്രാമിന് 15 രൂപ കുറച്ച് 6,795 രൂപ. വെള്ളിവില ഇരുകൂട്ടരും ഗ്രാമിന് 102 രൂപയിൽ നിലനിർത്തി.
ആടിയുലഞ്ഞ് രാജ്യാന്തരവില
കഴിഞ്ഞവാരം ഔൺസിന് 3,169.99 ഡോളർ എന്ന സർവകാല റെക്കോർഡ് തൊട്ട രാജ്യാന്തരവില ഇന്നൊരുവേള ഒരുമാസത്തെ താഴ്ചയായ 2,977 ഡോളറിലേക്ക് കൂപ്പുകുത്തിയെങ്കിലും വൈകാതെ തിരിച്ചുകയറി 3,035 ഡോളറിലെത്തി. ഈ തിരിച്ചുകയറ്റം ഇല്ലായിരുന്നെങ്കിൽ ഇന്നു കേരളത്തിൽ വില കൂടുതൽ കുറയുമായിരുന്നു. ഒപ്പം, രൂപ ഇന്ന് വൻതോതിൽ ഡോളറിനെതിരെ ഇടിഞ്ഞിട്ടുണ്ട്. സ്വർണവില ഇന്നു കേരളത്തിൽ ഗ്രാമിനു 100 രൂപയിലേറെ കുറയുമായിരുന്നു; പവന് 800 രൂപയിലധികവും.
സ്വർണം ഇനി എങ്ങോട്ട്?
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച ആഗോള വ്യാപാരയുദ്ധം ഓഹരി, കടപ്പത്ര വിപണികളെ തകർച്ചയിലേക്ക് തള്ളിയിട്ടുണ്ട്. . ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യുഎസ് വീണ്ടുമൊരു സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കുകയുമാണ്. ഇതുമൂലം ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളിലേക്ക് ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ (safe-haven demand) കളംമാറ്റുകയാണ് ആഗോളതലത്തിൽ നിക്ഷേപക ലോകം.
ഇതാണ്, രാജ്യാന്തര സ്വർണവില തിരിച്ചുകയറാൻ ഇടവരുത്തിയതും. ഈ ട്രെൻഡ് നിലനിന്നാൽ സ്വർണവില വീണ്ടും വർധനയുടെ ട്രാക്കിലേക്ക് മാറിയേക്കാം. രൂപ തളരുന്നതും ഇന്ത്യൻ ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്. രാജ്യാന്തര വില വൈകാതെ 3,100 ഡോളറിലേക്ക് എത്തിയേക്കാമെന്ന് നിരീക്ഷകർ പറയുന്നു.
പണിക്കൂലിയും ചേർന്നാൽ വില
3 ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. 53.10 രൂപ ഹോൾമാർക്ക് ചാർജ്. പുറമെ പണിക്കൂലിയും നൽകണം. ഒരു പവൻ ആഭരണം വാങ്ങാൻ 5% പണിക്കൂലി കണക്കാക്കിയാൽ പോലും ഇന്നു കേരളത്തിൽ നൽകേണ്ട വില 71,736 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,967 രൂപയും.
ഏപ്രിൽ 3ന് സ്വർണം വാങ്ങിയവർ കൊടുത്തത് ഒരു പവൻ ആഭരണത്തിന് 74,116 രൂപയും ഒരു ഗ്രാം ആഭരണത്തിന് 9,265 രൂപയുമായിരുന്നു. അതായത് പവന് 2,380 രൂപയും ഗ്രാമിന് 298 രൂപയും അധികം. അതേസമയം, ഇതു 5% പണിക്കൂലി പ്രകാരമുള്ള കണക്കുമാത്രമാണ്. ചില ജ്വല്ലറികൾ മിനിമം 10 ശതമാനം പണിക്കൂലിയൊക്കെയാണ് ഈടാക്കുന്നത്. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി ഇതിലും കൂടുതലുമായിരിക്കും.