
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറക്കുമതി തീരുവ കുത്തനെ കൂട്ടി തുടങ്ങിവച്ച ആഗോള വ്യാപാരയുദ്ധം ഓഹരി വിപണികളെ ചോരക്കളമാക്കി. യുഎസ് ഫ്യൂച്ചേഴ്സ് നേരിട്ട കനത്ത നഷ്ടത്തിന്റെ ആഘാതം ഇന്ത്യൻ ഓഹരി വിപണികളെയടക്കം പിടിച്ചുലച്ചു. യുഎസ്, ജാപ്പനീസ്, യൂറോപ്യൻ ഓഹരി വിപണികളുടെ തകർച്ചയുടെ സ്വാധീനത്താൽ ഇന്നു വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ സെൻസെക്സ് 3,200 പോയിന്റിലേറെ നിലംപൊത്തി. നിഫ്റ്റി 1,000 പോയിന്റിലധികം ഇടിഞ്ഞു. നിക്ഷേപകരുടെ സമ്പത്തിൽ നിന്ന് നിമിഷങ്ങൾകൊണ്ട് ചോർന്നത് 20 ലക്ഷം കോടി രൂപ.
യുഎസിൽ കഴിഞ്ഞയാഴ്ചയിലെ അവസാന രണ്ടുദിവസങ്ങളിലും ഓഹരി വിപണികൾ കനത്ത നഷ്ടം നേരിടുകയും ട്രില്യൻകണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാവുകയും ചെയ്തിട്ടും അതിനെ ‘നിസാരവൽകരിച്ച’ വൈറ്റ്ഹൗസിന്റെയും ട്രംപിന്റെയും നിലപാടുകളാണ് നിക്ഷേപകരെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ഇതുമൂലം മിക്കവരും കൈവശമുള്ള ഓഹരികൾ വിറ്റൊഴിഞ്ഞ് പിൻവലിഞ്ഞത് ഓഹരികളെ തകർച്ചയിലേക്ക് തള്ളി.
മരുന്നു കഴിക്കൂ എന്ന് ട്രംപ്
‘‘ഓഹരി വിപണി ഇടിയണമെന്ന് എനിക്ക് ആഗ്രഹമൊന്നുമില്ല. പക്ഷേ, ചിലപ്പോഴൊക്കെ ചിലതെല്ലാം പരിഹരിക്കാൻ നിങ്ങൾ മരുന്നു കഴിക്കേണ്ടി വരും’’ എന്നായിരുന്നു ഓഹരിത്തകർച്ചയെ കുറിച്ച് ട്രംപിന്റെ അഭിപ്രായം. യുഎസിൽ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ഫ്യൂച്ചേഴ്സ് 2.5 ശതമാനവും എസ് ആൻഡ് പി 500 ഫ്യൂച്ചേഴ്സ് 2.9 ശതമാനവും നാസ്ഡാക്-100 ഫ്യൂച്ചേഴ്സ് 3.9 ശതമാനവും ഇടിഞ്ഞു.
ഇതിന്റെ ചുവടുപിടിച്ച് ജാപ്പനീസ് നിക്കേയ് 6 ശതമാനത്തിലധികവും ഓസ്ട്രേലിയൻ സൂചിക 4.05 ശതമാനവും തകർന്നടിഞ്ഞു. ഇതോടെ, ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി 900 പോയിന്റിലേറെ വീണപ്പോൾ തന്നെ സെൻസെക്സും നിഫ്റ്റിയും ഇന്ന് ചുവപ്പുമയമാകുമെന്ന് ഉറപ്പായിരുന്നു. ട്രംപിന്റെ നയങ്ങൾ യുഎസിനു തന്നെ തിരിച്ചടിയാകുമെന്നും യുഎസ് വൈകാതെ സാമ്പത്തികമാന്ദ്യത്തിലേക്ക് വീഴുമെന്നുമുള്ള വിലയിരുത്തലുകളും ശക്തമാണ്.
തരിപ്പണമായി ഇന്ത്യൻ ഓഹരികൾ
180ലേറെ രാജ്യങ്ങൾക്കുമേലാണ് ട്രംപ് അധിക ഇറക്കുമതി തീരുവ അടിച്ചേൽപ്പിച്ചത്. 10% അടിസ്ഥാന തീരുവയ്ക്ക് പുറമെ ഓരോ രാജ്യത്തിനും പ്രത്യേകം പകരച്ചുങ്കമാണ് ബാധകം. ഇതിനെ ചൈന യുഎസ് ഉൽപന്നങ്ങൾക്കുമേൽ 34% പകരച്ചുങ്കം ഏർപ്പെടുത്തി തിരിച്ചടിച്ചു.
ചൈനയുടെ പാത മറ്റു പല രാജ്യങ്ങളും പിന്തുടരുമെന്നായതോടെയാണ് ആഗോള വ്യാപാരയുദ്ധം കലുഷിതമാകുമെന്ന പേടി ശക്തമായത്. ചൈനയ്ക്ക് യുഎസുമായുള്ള വ്യാപാരത്തിൽ ട്രില്യനിലധികം വ്യാപാര സർപ്ലസ് ഉണ്ടെന്നും അതു കുറയ്ക്കാൻ അവരാണ് ശ്രമിക്കേണ്ടതെന്നും ട്രംപ് പറഞ്ഞതും വ്യാപാരപ്പോര് കനക്കാനേ വഴിവയ്ക്കൂ എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
വമ്പൻ നഷ്ടത്തോടെ 71,449ലാണ് ഇന്ന് സെൻസെക്സ് വ്യാപാരം തുടങ്ങിയത്. 71,425 വരെ വീഴുകയും ചെയ്തു. ഇടിഞ്ഞത് 4 ശതമാനത്തോളം. ഇന്ത്യൻ ഓഹരി വിപണി ഇത്രയും തകർച്ച ഒറ്റദിവസം നേരിടുന്നത് ഏറെക്കാലത്തിനുശേഷമാണ്. നിലവിൽ വ്യാപാരം ആദ്യ മണിക്കൂർ ആകുമ്പോഴേക്കും സെൻസെക്സുള്ളത് 2,807 പോയിന്റ് (-3.74%) തകർന്ന് 72,538ൽ.
പച്ചതൊട്ടില്ല, ഒറ്റ ഓഹരിപോലും
സെൻസെക്സിൽ ഒറ്റ ഓഹരിപോലും പച്ചതൊട്ടില്ല. ടാറ്റാ മോട്ടോഴ്സ് 10%, ടാറ്റാ സ്റ്റീൽ 9.93%, എച്ച്സിഎൽ ടെക് 6.60%, ടെക് മഹീന്ദ്ര 6%, എൽ ആൻഡ് ടി 5.9% എന്നിങ്ങനെ ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിൽനിൽക്കുന്നു. 21,758ൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി 21,743 വരെ താഴ്ന്നു. ഇപ്പോൾ വ്യാപാരം നടക്കുന്നത് 923 പോയിന്റ് (-4.03%) തകർന്ന് 21,980ൽ. കഴിഞ്ഞ 10 മാസത്തിനിടെ ഇത്രയും താഴ്ച നിഫ്റ്റി കാണുന്നത് ഇതാദ്യം.
നിഫ്റ്റി50ൽ ട്രെന്റ് ആണ് 16.45% ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിൽ. ടാറ്റാ സ്റ്റീൽ 10.51%, ടാറ്റാ മോട്ടോഴ്സ് 10%, ഒഎൻജിസി 7.32%, ഹിൽഡാൽകോ 6.80% എന്നിങ്ങനെ കൂപ്പുകുത്തി നഷ്ടത്തിൽ മുൻനിരയിലുണ്ട്.
വിശാല വിപണിയിൽ നിഫ്റ്റി ഓട്ടോ 5.03%, ഫിനാൻഷ്യൽ സർവീസസ് 3.57%, എഫ്എംസിജി 1.82%, ഐടി 5.46%, മീഡിയ 5.83%, മെറ്റൽ 7.36%, ഫാർമ 3.03%, പൊതുമേഖലാ ബാങ്ക് 3.6%, പ്രൈവറ്റ് ബാങ്ക് 3.35%, റിയൽറ്റി 5.39%, ഹെൽത്ത്കെയർ സൂചിക 3.04%, കൺസ്യൂമർ ഡ്യൂറബിൾസ് 3.44%, ഓയിൽ ആൻഡ് ഗ്യാസ് 4.72% എന്നിങ്ങനെ കനത്ത നഷ്ടത്തിലാണുള്ളത്. ബാങ്ക് നിഫ്റ്റിയും 4 ശതമാനത്തോളം വീണു.
കത്തിക്കയറി വിക്സ്
ആഗോള വ്യാപാരയുദ്ധം ഒട്ടുമിക്ക കമ്പനികളെയും സാമ്പത്തികമായി തളർത്തുമെന്നും മിക്ക രാജ്യങ്ങളുടെയും ജിഡിപി തകർന്നടിയുമെന്നുമുള്ള വിലയിരുത്തലുകളാണ് ഓഹരി വിപണികളെ വീഴ്ത്തുന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾക്യാപ് എന്നിവയും 6 ശതമാനത്തിനടുത്ത് തകർന്നു.
അതേസമയം, ഓഹരിവിപണിയെ വരുംദിവസങ്ങളിലും കാത്തിരിക്കുന്നത് തകർച്ചയായേക്കാമെന്ന് വ്യക്തമാക്കി ഇന്ത്യ വിക്സ് 7.12% മുന്നേറി 20.88ൽ എത്തി. നിക്ഷേപകർക്കിടയിൽ ആശങ്ക അതിശക്തമെന്ന് വ്യക്തമാക്കുന്ന സൂചികയാണിത്.
രാജ്യാന്തര ക്രൂഡ് ഓയിൽ വില 6 ശതമാനത്തിലധികം ഇടിഞ്ഞ് സമീപകാലത്തെ ഏറ്റവും താഴ്ചയായ ബാരലിന് 60 ഡോളർ നിലവാരത്തിലേക്ക് വീണതും വ്യക്തമാക്കുന്നത് ലോകം സാമ്പത്തികമാന്ദ്യത്തിന്റെ നിഴലിലേക്ക് കടക്കുവെന്ന ആശങ്കയിലാണെന്നാണ്. ഒഎൻജിസി അടക്കമുള്ള എണ്ണഓഹരികളെ വലയ്ക്കുന്നതും ഇതാണ്.
തരിപ്പണമായി രൂപ
രൂപയും ഇന്നു ഡോളറിനെതിരെ വൻ ഇടിവിലായി. വ്യാപാരം ആരംഭിച്ചതു തന്നെ 41 പൈസ ഇടിഞ്ഞ് 85.65ൽ. കഴിഞ്ഞ രണ്ടുമാസത്തിനിടയിലെ ഏറ്റവും മോശം വ്യാപാരത്തുടക്കം. മാർച്ചിൽ ഡോളറിനെതിരെ 2.3% നേട്ടം രൂപ നേടിയിരുന്നു. എന്നാൽ, ഏപ്രിലിൽ കടകവിരുദ്ധ പ്രകടനമാണ് രൂപ നടത്തുന്നത്.
ചോരപ്പുഴയായി കേരള ഓഹരികളും
വിരലിലെണ്ണാവുന്നത്ര കേരള ഓഹരികൾ പോലും ഇന്ന് പച്ചതൊട്ടിട്ടില്ല. ഡബ്ല്യുഐപിഎൽ 10%, സഫ സിസ്റ്റംസ് 5%, ജിടിഎൻ 2%, ആഡ്ടെക് 0.6% എന്നിവ ഉയർന്നതു മാത്രമാണ് അപവാദം.
കേരള ആയുർവേദ 10%, സോൾവ് പ്ലാസ്റ്റിക്സ് 8.46%, കൊച്ചിൻ മിനറൽസ് (സിഎംആർഎൽ) 8.4%, ഫാക്ട് 8%, പോപ്പുലർ വെഹിക്കിൾസ് 6.76%, ആസ്പിൻവാൾ 7%, കൊച്ചിൻ ഷിപ്യാർഡ് 7%, ജിയോജിത് 7%, ബിപിഎൽ 6.3%, മുത്തൂറ്റ ക്യാപിറ്റൽ 6.5%, ഹാരിസൺസ് മലയാളം 5.48% എന്നിങ്ങനെ നഷ്ടത്തിൽ വ്യാപാരം ചെയ്യുന്നു.
വെർട്ടെക്സ്, കിങ്സ് ഇൻഫ്ര, ധനലക്ഷ്മി ബാങ്ക്, ടോളിൻസ് ടയേഴ്സ്, കിറ്റെക്സ്, പോപ്പീസ്, ന്യൂമലയാളം സ്റ്റീൽ, ഇൻഡിട്രേഡ്, സെല്ല സ്പേസ്, ഇസാഫ്, വണ്ടർല, മുത്തൂറ്റ് മൈക്രോഫിൻ, അപ്പോളോ ടയേഴ്സ്, റബ്ഫില, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ് എന്നിവ 4-6% ഇടിഞ്ഞുമാണ് ആദ്യ മണിക്കൂറിലുള്ളത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)