
പ്ലാന്റേഷനുകളിലെ വരുമാന വർധന ലക്ഷ്യമിട്ട് റിപ്പോർട്ട് | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Boosting Kerala Plantation Income | IIM Kozhikode Report Recommends Eco-Tourism | Malayala Manorama Online News
പ്ലാന്റേഷനുകളിലെ വരുമാന വർധന ലക്ഷ്യമിട്ട് റിപ്പോർട്ട്
Published: March 07 , 2025 03:00 PM IST
Updated: March 07, 2025 03:07 PM IST
1 minute Read
ഇക്കോ ടൂറിസം, ബ്രാൻഡിങ് തുടങ്ങിയ ശുപാർശകളുമായി റിപ്പോർട്ട് സർക്കാരിനു കൈമാറി
Munnar tea plantation. Michele Ricucci/istockphotos
പത്തനംതിട്ട ∙ സംസ്ഥാനത്തെ പ്ലാന്റേഷൻ മേഖലയിലെ വൈവിധ്യവൽക്കരണവുമായി ബന്ധപ്പെട്ട് നയരൂപീകരണം നടത്തുന്നതിനായി സർക്കാരിനു കരട് റിപ്പോർട്ട് സമർപ്പിച്ച് പ്ലാന്റേഷൻ ഡയറക്ടറേറ്റ്. കോഴിക്കോട് ഐഐഎം നൽകിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ഇക്കോ ടൂറിസം സാധ്യതകളാണ് വരുമാന വർധനയ്ക്ക് പ്രധാനമായും നടപ്പാക്കുക.
ടൂറിസം പദ്ധതികൾക്കായി ഏകജാലക സംവിധാനം, നിലവിലെ തോട്ടവിളകൾക്കൊപ്പം വിദേശ പഴവർഗങ്ങൾ വളർത്താൻ അനുവദിക്കുക, 10 വർഷം ആയുർദൈർഘ്യമുള്ള എല്ലാ വിളകളെയും തോട്ടവിളകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുക, ചുവപ്പുനാടകൾ ഒഴിവാക്കി നടപടി ക്രമങ്ങൾ ലളിതമാക്കുക, കേരള ബ്രാൻഡ് എന്ന നിലയിൽ പ്രോത്സാഹനം നൽകുക തുടങ്ങിയ ശുപാർശകളും ഐഐഎം റിപ്പോർട്ടിലുണ്ട്. ഇതിന്റെ തുടർച്ചയായുള്ള ശുപാർശയാണു സർക്കാരിനു നൽകിയത്.
മൂന്നാറിലെ തേയിലത്തോട്ടം. ചിത്രം: അരവിന്ദ് ബാല ∙ മനോരമ
വൈവിധ്യവൽക്കരണത്തിന് ആകെയുള്ളതിന്റെ 5% ഭൂമി ഒട്ടേറെ ഉപാധികളോടെയാണ് നിലവിൽ അനുവദിക്കുന്നത്. ഈ ഭൂമിയുടെ 10% ടൂറിസം പദ്ധതിക്കായി വിനിയോഗിക്കാമെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാവുന്ന ഭൂമിയുടെ അളവ് വർധിപ്പിക്കണമെന്നാണ് തോട്ടം ഉടമകളുടെ ആവശ്യം. ചില സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ഇളവു നൽകി നിയമ നിർമാണം നടത്തിയെന്ന കാര്യവും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം സർക്കാർ പരിശോധിക്കും.
കരട് റിപ്പോർട്ട് സർക്കാർതലത്തിൽ ചർച്ച ചെയ്തതിനു ശേഷം ചില നിയമഭേദഗതികൾ വേണ്ടി വരുമെന്നാണു സൂചന. തോട്ടം ഭൂമിയുടെ വിനിയോഗം സംബന്ധിച്ച് നിലവിൽ കർശനമായ വ്യവസ്ഥകളുണ്ട്. ടൂറിസം മേഖലയിലെ വരുമാനത്തിനായി ഭൂമി ഉപയോഗിക്കുമ്പോൾ അതിന് അനുകൂലമായ നിയമ ഭേദഗതി വരുത്തേണ്ടി വരും. തോട്ടം മേഖലയുടെ അടിസ്ഥാന സ്വഭാവം മാറാൻ പാടില്ല എന്ന വ്യവസ്ഥയും കരട് റിപ്പോർട്ടിലുണ്ട്. കോൺക്രീറ്റ് നിർമിതികൾ പരമാവധി കുറച്ച് പരിസ്ഥിതി സൗഹൃദമായി വേണം പദ്ധതികൾ നടപ്പാക്കാൻ. വ്യവസായ വകുപ്പിൽനിന്ന് മന്ത്രിസഭയുടെ പരിഗണനയ്ക്കായി റിപ്പോർട്ട് എത്തുമ്പോൾ ഭൂമി പാട്ടത്തിനു നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിന് നയപരമായ തീരുമാനങ്ങൾ സ്വീകരിക്കേണ്ടി വരും.
English Summary:
A new report from IIM Kozhikode proposes strategies to boost Kerala plantation income through eco-tourism and diversification. The report recommends policy changes to increase revenue and economic growth in the plantation sector.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-agriculture-plantation 1pt724pi4gpd2qakjra444a7l3 mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-news-common-kerala-government 1uemq3i66k2uvc4appn4gpuaa8-list