ഇൻഡിഗോ സർവീസുകൾ താറുമാറായതിനു പിന്നാലെ മറ്റ് വിമാനക്കമ്പനികൾ യാത്രാക്കൂലി കുത്തനെ കൂട്ടിയത് യാത്രക്കാർക്ക് കനത്ത തിരിച്ചടിയായി. ഇൻഡിഗോ സർവീസ് റദ്ദായതുമൂലം പ്രതിസന്ധി നേരിട്ടവരാണ് കൂടുതൽ നിരാശയിലായത്.
ഇന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നോൺ–സ്റ്റോപ്പ് എയർ ഇന്ത്യ ടിക്കറ്റിന് 55,955 മുതൽ 64,557 രൂപ വരെയാണ് നിരക്ക്.
അതേസമയം, പ്രതിസന്ധി ബാധിക്കപ്പെട്ട റൂട്ടുകളിലെ യാത്രാക്കൂലിക്ക് പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ ഇന്ന് ഉത്തരവിറക്കിയിട്ടുണ്ട്.
ഇതിനു മുകളിലുള്ള നിരക്ക് ഈടാക്കാൻ പാടില്ലെന്നാണ് കമ്പനികൾക്ക് നിർദേശം. കോവിഡ് കാലത്താണ് സമാനമായ നിയന്ത്രണം കേന്ദ്രം ഏർപ്പെടുത്തിയത്.
വിമാനക്കമ്പനികൾ അസാധാരണമാംവിധം ഉയർന്ന വിമാനക്കൂലി ഈടാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഗൗരവമായെടുത്തിട്ടുണ്ടെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു. അവസരം മുതലെടുത്ത് യാത്രാക്കൂലി കൂട്ടുന്നതിൽനിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി എല്ലാ ബാധിത റൂട്ടുകളിലും മന്ത്രാലയം അതിന്റെ നിയന്ത്രണ അധികാരങ്ങൾ ഉപയോഗപ്പെടുത്തിയതായി അറിയിച്ചിട്ടുമുണ്ട്.
ഇന്നലത്തെ റിപ്പോർട്ടുകൾ പ്രകാരം, കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 38,000 രൂപ കടന്നിരുന്നു.
യാത്രാക്കൂലി കൂട്ടരുതെന്ന് കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രി തന്നെ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും ഇത് മുഖവിലയ്ക്കെടുത്തില്ലെന്നാണ് നിരക്കുകൾ വ്യക്തമാക്കുന്നത്. തുടർന്നാണ് ഇന്ന് കേന്ദ്രം ഉത്തരവിറക്കിയത്.
അത്യാവശ്യയാത്രകൾ നടത്തുന്നവരാണ് ഏറെ വലഞ്ഞത്.
ഇൻഡിഗോയ്ക്ക് ആധിപത്യമുള്ള ഒട്ടേറെ റൂട്ടുകളുണ്ട്. ഇവിടങ്ങളിൽ മറ്റ് വിമാനങ്ങൾ കുറവായതിനാൽ യാത്രാക്ലേശം രൂക്ഷമാണ്.
സ്പൈസ്ജെറ്റ് അടക്കമുള്ള കമ്പനികൾ ഡൽഹി പോലെയുള്ള പ്രധാന വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സർവീസുകൾ കൂട്ടി. ഡൽഹിയിൽ നിന്ന് നാളത്തേക്ക് കൊച്ചിയിലേക്ക് ടിക്കറ്റെടുക്കുന്നവർക്ക് വിവിധ വിമാനക്കമ്പനികളുടെ നിരക്ക് 27000 രൂപ മുതൽ 40000 രൂപ വരെയായിരുന്നു.
ഡൽഹി–കൊച്ചി സാധാരണ നിരക്ക് 7000 മുതൽ 10000 രൂപ വരെയാണ്.
ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് 16000 മുതൽ 18000 രൂപ വരെ നൽകണം. 2800 മുതൽ 6000 രൂപ വരെയാണ് സാധാരണ നിരക്ക്.
ഹൈദരാബാദ് –കൊച്ചി നിരക്ക് 18000 മുതൽ 27000 രൂപ വരെയാണ്. സാധാരണ ടിക്കറ്റ് നിരക്ക് 5000 മുതൽ 8000 രൂപ വരെ മാത്രമാണ്.
കൊച്ചിയിൽ നിന്നുള്ള ആഭ്യന്തര റൂട്ടുകളിൽ ഏറ്റവും വലിയ നിരക്കു വർധന ഹൈദരാബാദ് സെക്ടറിലാണ്.
കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് ഏറ്റവുമധികം സർവീസുകൾ നടത്തുന്നത് ഇൻഡിഗോ ആണ്. ഇൻഡിഗോയുടെ ഏതാണ്ട് മുഴുവൻ ഹൈദരാബാദ് സർവീസുകളും ഇന്നലെ റദ്ദാക്കിയിരുന്നു.
ചില വിമാനക്കമ്പനികളുടെ ഇടയ്ക്ക് ഒരു സ്റ്റോപ്പുള്ള ഹൈദരാബാദ്, ഡൽഹി സർവീസുകളുടെ ടിക്കറ്റ് നിരക്ക് 45,000 രൂപ വരെ ഉയർന്നിട്ടുണ്ട്.
മുംബൈ–ഡൽഹി സെക്ടറിൽ ഇന്നലെ വിമാന നിരക്ക് 50,000 രൂപയ്ക്കു മുകളിലെത്തി. മുംബൈയിൽ നിന്ന് ഇന്ന് കൊച്ചിയിലേക്കു നേരിട്ടുള്ള വിമാനത്തിൽ 15,000 രൂപ മുതൽ 34,000 വരെയാണ് ഇന്നലെ വൈകിട്ടത്തെ നിലയനുസരിച്ചുള്ള നിരക്ക്.
തിരുവനന്തപുരത്തേക്ക് 21,028 രൂപ മുതൽ 55,000 രൂപ വരെയാണിത്.
ഇന്നലെ തിരുവനന്തപുരത്തു നിന്ന് മുംബൈയിലേക്ക് 34000 രൂപയും തിരികെ 75447 രൂപയും വരെ എത്തിയിരുന്നു നിരക്ക്. ഡൽഹിയിലേക്ക് 48500 രൂപ, തിരികെ 70000 രൂപ എന്നിങ്ങനെയും നിരക്കു കുതിച്ചു.
ബെംഗളൂരുവിൽ നിന്ന് 25000 രൂപ. ഇന്നത്തെ മുംബൈ–കോഴിക്കോട് നിരക്ക് 18,500 മുതൽ 43000 വരെയാണ്.
സാധാരണ 10000 രൂപയിൽ താഴെയാണു നിരക്ക്.
നാളെ മുംബൈയിൽ നിന്നു കൊച്ചിയിലേക്ക് 23,000 രൂപ മുതൽ 42,000 രൂപ വരെയാണു നിരക്ക് ഈടാക്കാൻ കമ്പനികൾ തീരുമാനിച്ചിരുന്നത്; തിരുവനന്തപുരത്തേക്ക് 22,278 രൂപ മുതൽ 25,000 രൂപ വരെ. കോഴിക്കോട്– ചെന്നൈ പാതയിൽ ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ 26000 രൂപയാണ് കുറഞ്ഞ നിരക്ക്.
സാധാരണ 4500– 6500 രൂപ മാത്രമാണ്. കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് നിരക്ക് 35000ത്തിനു മുകളിലെത്തി.
ചെന്നൈ – കോയമ്പത്തൂർ റൂട്ടിലെ ടിക്കറ്റ് നിരക്ക് 60,000 രൂപ വരെയായി.
സാധാരണ 3500– 4500 രൂപയാണ്. 27000 രൂപയാണു ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക്.
സാധാരണ നിരക്ക് 3500–4000 രൂപ. ശരാശരി 9,000 വിലയുണ്ടായിരുന്ന കൊൽക്കത്ത- കൊച്ചി ടിക്കറ്റിന് 23000 രൂപയ്ക്കു മുകളിലെത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

