ക്രൂഡ് ഓയിൽ ഉൽപാദനം കൂട്ടുന്നത് സംബന്ധിച്ച് സൗദി അറേബ്യയും റഷ്യയും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത. യുഎസിന്റെ ഷെയ്ൽ ഗ്യാസ് ഉൽപാദകരിൽ നിന്നുള്ള വെല്ലുവിളി നേരിടാൻ ഒരുമിച്ച് നിൽക്കാമെന്ന് സൗദിയും റഷ്യയും നയിക്കുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.
നവംബർ മുതൽ പ്രതിദിനം 1.37 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ അധികമായി ഉൽപാദിപ്പിക്കാനും ധാരണയായി. ഉൽപാദനം ഇതിലുമേറെ കൂട്ടണമെന്നായിരുന്നു സൗദിയുടെ ആവശ്യം.
എന്നാൽ, യുക്രെയ്ന്റെ കനത്ത ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ തുടർന്ന് റിഫൈനറികളുടെ പ്രവർത്തനം താളംതെറ്റിയ റഷ്യ ഇതിനെ ശക്തമായി എതിർത്തു.
റഷ്യയുടെ നിരവധി റിഫൈനറികളും എണ്ണ വിതരണ പൈപ്പ്ലൈനുകളും പെട്രോകെമിക്കൽ പദ്ധതികളും യുക്രെയ്ന്റെ ആക്രമണത്തിൽ കനത്ത നാശനഷ്ടം നേരിട്ടിട്ടുണ്ട്. ഇതോടെ ഉൽപാദനം വൻതോതിൽ ഇടിഞ്ഞു.
റഷ്യയിൽ പലയടിത്തും പെട്രോൾ, ഡീസൽ ക്ഷാമവും രൂക്ഷമായിട്ടുണ്ട്. അതേസമയം, രാജ്യാന്തരതലത്തിലെ വിപണിവിഹിതം നിലനിർത്താനായി ഉൽപാദനം കുത്തനെ കൂട്ടണമെന്നായിരുന്നു സൗദി വാദിച്ചത്.
2.74 ലക്ഷം മുതൽ 5.48 ലക്ഷം ബാരൽ വരെ ഉൽപാദന വർധനയായിരുന്നു സൗദിയുടെ ആവശ്യം.
സൗദിയുടെ മിക്ക റിഫൈനറികൾക്കും ഇതിനുള്ള ശേഷിയുമുണ്ട്. പക്ഷേ, റഷ്യ നിലപാടിൽ ഉറച്ചുനിന്നതോടെ ഒക്ടോബറിലേതിനു സമാനമായി 1.37 ലക്ഷം ബാരൽ വീതം മതിയെന്ന് ഒപെക് പ്ലസ് ധാരണയിലെത്തി.
ഉൽപാദനത്തിൽ പ്രതീക്ഷിച്ചത്ര വർധനയില്ലാത്തത് ക്രൂഡ് ഓയിൽ വില കുതിച്ചുകയറാൻ വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ.
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് വില ഇപ്പോൾതന്നെ 1.38% ഉയർന്ന് 61.72 ഡോളറായിട്ടുണ്ട്. ബ്രെന്റ് വില 1.35% വർധിച്ച് 65.40 ഡോളറിലുമെത്തി.
ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഈ വിലക്കയറ്റം വൻ പ്രതിസന്ധിയാകും. ലോകത്തെ പ്രധാന എണ്ണ ഉൽപാദകരും കയറ്റുമതിക്കാരും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മയുടെ അടുത്തയോഗം നവംബർ രണ്ടിനാണ്.
ഉൽപാദനം വൻതോതിൽ വർധിപ്പിക്കണമെന്നാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ ആവശ്യം.
ഷട്ട്ഡൗൺ: യുഎസിൽ കൂട്ടപ്പിരിച്ചുവിടൽ ഭീതി
ഗവൺമെന്റിന്റെ പ്രവർത്തനച്ചെലവിനുള്ള ഫണ്ട് ഉറപ്പാക്കുന്നത് സംബന്ധിച്ച് ബിൽ പാസാക്കാനും ‘ഷട്ട്ഡൗൺ’ ഒഴിവാക്കാനും ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കും എതിർപക്ഷമായ ഡെമോക്രാറ്റുകൾക്കും ഇനിയും സമവായത്തിലെത്താനായില്ല. പ്രസിഡന്റ് ട്രംപ് നയിക്കുന്ന ഗവൺമെന്റിന്റെ പ്രവർത്തനം തുടർച്ചയായ ആറാം ദിവസവും സ്തംഭിച്ചു (ഷട്ട്ഡൗൺ).
നിലവിലെ സാഹചര്യത്തിൽ ഷട്ട്ഡൗൺ അടുത്തയാഴ്ചയിലേക്കും നീളുമെന്നാണ് ആശങ്ക. ഇന്ന് സെനറ്റിൽ ബിൽ സംബന്ധിച്ച് വീണ്ടും വോട്ടെടുപ്പ് നടക്കുന്നുണ്ട്.
ബിൽ പാസായില്ലെങ്കിൽ ഫെഡറൽ ഗവൺമെന്റ് ജീവനക്കാരെ വലിയതോതിൽ പിരിച്ചുവിടുമെന്ന് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി.
അതേസമയം, ട്രംപും റിപ്പബ്ലിക്കൻ നേതാക്കളും ചർച്ചയ്ക്ക് വരുന്നില്ലെന്നാണ് ഡെമോക്രാറ്റുകൾ ഉയർത്തുന്ന വിമർശനം. ആരോഗ്യ മേഖലയ്ക്ക് ഉൾപ്പെടെയുള്ള സബ്സിഡികൾ പുനഃസ്ഥാപിക്കണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം.
ഇത് ട്രംപ് അനുകൂലിക്കാത്തതിനെ തുടർന്നാണ് ബിൽ തുലാസിലായതും ട്രംപിന്റെ സർക്കാരിന് ഷട്ടർ വീണതും.
ജപ്പാനിൽ തകയ്ചി തരംഗം
ജപ്പാനിൽ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനായ് തകയ്ചി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശം ഓഹരി വിപണികളിൽ അലയടിക്കുകയാണ്. ജാപ്പനീസ് ഓഹരി സൂചികയായ നിക്കേയ് 4.4% കുതിച്ച് പുത്തൻ ഉയരത്തിലെത്തി.
ജപ്പാൻ നിലവിൽ കടന്നുപോകുന്ന സാമ്പത്തികഞെരുക്കങ്ങൾക്കും നയപ്രതിസന്ധികൾക്കും വിരാമം കുറിക്കാൻ തകയ്ചിക്ക് കഴിയുമെന്നാണ് പൊതുവിലയിരുത്തൽ.
∙ യുഎസിൽ ഷട്ട്ഡൗൺ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഓഹരികളിൽ കരുതലോടെയാണ് നിക്ഷേപകരുടെ ഇടപെടൽ. ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ്, എസ് ആൻഡ് പി, നാസ്ഡാക് എന്നിവ 0.1% ഉയർന്നു.
∙ ഷട്ട്ഡൗണിനെ തുടർന്ന് സെപ്റ്റംബറിലെ തൊഴിൽക്കണക്ക് ഉൾപ്പെടെയുള്ള സാമ്പത്തിക സൂചക കണക്കുകൾ ഗവൺമെന്റ് പുറത്തുവിടാതെ വച്ചതും ഓഹരി വിപണിയെ ആശങ്കപ്പെടുത്തുകയാണ്.
ഇന്ത്യൻ ഓഹരികളിൽ ആശങ്കയുടെ കാർമേഘം
വിദേശത്തുനിന്ന് പോസിറ്റീവ് കാറ്റ് വീശുന്നുണ്ടെങ്കിലും ഇന്ത്യൻ ഓഹരി വിപണിയിൽ ആശങ്ക പ്രകടനം.
ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 40ലേറെ പോയിന്റ് താഴ്ന്ന് 25,000 ലെവലിന് താഴെയെത്തി. സെൻസെക്സും നിഫ്റ്റിയും ഇന്നു നഷ്ടത്തിൽ തുടങ്ങിയേക്കാമെന്ന് ഇതു സൂചിപ്പിക്കുന്നു.
∙ കോർപ്പറേറ്റ് കമ്പനികളുടെ സെപ്റ്റംബർപാദ പ്രവർത്തനഫലം ഈയാഴ്ച മുതൽ വന്നുതുടങ്ങുമെന്നതാണ് പ്രധാന ആശങ്ക.
ഒക്ടോബർ 9ന് ടിസിഎസ് പ്രവർത്തനഫലം പുറത്തുവിടും.
∙ യുഎസിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനിറ്റ്സ് ഈയാഴ്ച പുറത്തുവരും. പലിശനിരക്ക് സംബന്ധിച്ച് ഫെഡിന്റെ വിലയിരുത്തലുകൾ അതിലറിയാം.
മാത്രമല്ല, ഫെഡ് ചെയർമാൻ ജെറോം പവൽ, ഫെഡിലെ ട്രംപ് അനുകൂലി സ്റ്റീഫൻ മിറാൻ തുടങ്ങിയവരുടെ ഈയാഴ്ചത്തെ പ്രഭാഷണവും നിർണായകമാണ്.
∙ യുസിന്റെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്കും ഈയാഴ്ച പുറത്തുവരും.
ഇന്ത്യയെ കൈവിട്ട് വിദേശ നിക്ഷേപകർ
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യയിൽ നിന്ന് നിക്ഷേപം വൻതോതിൽ പിൻവലിക്കുന്നത് തുടരുകയാണ്. 2025ൽ ഇതുവരെ അവർ 2 ലക്ഷം കോടി രൂപ തിരിച്ചെടുത്തത് ഓഹരി വിപണികളെ സാരമായി ഉലച്ചിട്ടുണ്ട്.
ഒരു വർഷം ഇത്രയും വിദേശ നിക്ഷേപം നഷ്ടമായതും ചരിത്രത്തിലാദ്യമാണ്. 2022ൽ 1.46 ലക്ഷം കോടി രൂപ പിൻവലിച്ചിരുന്നു.
2024ലെ നഷ്ടം 1.21 ലക്ഷം കോടി രൂപ.
താരിഫ് വിഷയത്തിലടക്കം ഇന്ത്യ നേരിടുന്ന പ്രതിസന്ധി, അമേരിക്കയുമായുള്ള ഭിന്നത, ഓഹരികളുടെ അധികരിച്ച മൂല്യം, കേന്ദ്രത്തിന്റെ സാമ്പത്തിക പരിഷ്കാര നടപടികളിലുണ്ടായ കുറവുകൾ തുടങ്ങിയവയും വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിനു വഴിവച്ചുവെന്നാണ് വിലയിരുത്തൽ.
സ്വർണവില കത്തുന്നു
ആഭരണപ്രേമികൾക്ക് ഇതു നിരാശയുടെ കാലം. സ്വർണത്തിൽ നിക്ഷേപിച്ചവർക്കും ഗോൾഡ് ലോൺ എടുക്കാൻ ശ്രമിക്കുന്നവർക്കും നേട്ടത്തിന്റെയും.
രാജ്യാന്തര സ്വർണവില ചരിത്രത്തിലാദ്യമായി ഔൺസിന് 3,900 ഡോളർ ഭേദിച്ച് കുതിച്ചുപായുകയാണ്. ഔൺസിന് 40 ഡോളർ ഉയർന്ന് 3,924 വരെയെത്തി രാവിലെ വില.
വില അനുനിമിഷം കൂടുകയുമാണ്.
∙ യുഎസിൽ പലിശനിരക്ക് കുറയാനുള്ള സാധ്യത, ട്രംപ് ഗവൺമെന്റ് നേരിടുന്ന ഷട്ട്ഡൗൺ പ്രതിസന്ധി എന്നിവയാണ് സ്വർണത്തിന് ആവേശമാകുന്നത്.
∙ കേരളത്തിൽ ഇന്നു പവൻവില 88,000 രൂപയെന്ന നാഴികക്കല്ല് ഭേദിച്ചേക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]