പെരുമ്പാവൂർ ∙ കൃഷി ചെയ്ത നെല്ലിനുള്ള പണത്തിനായി കർഷകർ കാത്തിരിക്കുമ്പോൾ ഓണക്കാലത്ത് കേരളത്തിലെ ബ്രാൻഡഡ് അരിയുടെ വിൽപനയിൽ വൻ കുതിച്ചുചാട്ടം. മുൻവർഷത്തെ അപേക്ഷിച്ച് 30% വർധനയാണ് കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ അരി വിൽപനയിൽ ഉണ്ടായത്.കേരളത്തിലും വിദേശത്തും നടത്തിയ വിൽപനയുടെ കണക്കാണിത്.
പുഴുക്കലരിക്കു കയറ്റുമതി തീരുവ 20% ആക്കിയതു മൂലം വിലവർധന ഒഴിവാക്കാനായി എന്ന് അരി വ്യാപാരികൾ പറഞ്ഞു. ഉയർന്ന കയറ്റുമതി തീരുവ അടച്ചാൽ രാജ്യാന്തര വിപണിയിൽ മത്സരിക്കുക ബുദ്ധിമുട്ടായതിനാൽ കയറ്റുമതി കുറഞ്ഞു. ഇതോടെ വിപണിയിൽ കൂടുതൽ അരി എത്തിയതാണ് വിലസ്ഥിരതയ്ക്കു കാരണം.
കേരളത്തിലെ ആധുനിക അരി മില്ലുകളിലേക്കു നെല്ല് കൊണ്ടു വരുന്നത് തമിഴ്നാട്, കർണാടക, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ്. ആന്ധ്രയിൽ നിന്ന് അരി വാങ്ങി പായ്ക് ചെയ്തു വിൽക്കുകയാണ്. ഒഡീഷയിൽ നിന്ന് നെല്ലും അരിയും വാങ്ങുന്നുണ്ട്.കുട്ടനാട്ടിലും പാലക്കാട്ടും നെല്ല് ലഭ്യമാണെങ്കിലും സപ്ലൈകോ സംഭരിക്കുകയാണ്. സ്വകാര്യ മില്ലുടമകൾ നെല്ല് കർഷകരിൽ നിന്നു നേരിട്ടു വാങ്ങാൻ തയാറാണെങ്കിലും സർക്കാർ കിലോഗ്രാമിന് നിശ്ചയിച്ച 28.20 രൂപയ്ക്ക് എടുക്കാറില്ല. പരമാവധി 23–24 രൂപയാണ് മില്ലുടമകൾ നൽകുന്നത്. സർക്കാരിനു നെല്ല് നൽകുന്ന കർഷകർ ഉണക്കി വൃത്തിയാക്കി നൽകണം എന്നത് അടക്കമുള്ള നിബന്ധനകൾ ഉണ്ട്.
എന്നാൽ സ്വകാര്യ മില്ലുകൾ പച്ചനെല്ലാണ് എടുക്കുന്നത്.തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ 22.25 രൂപയ്ക്ക് സുലഭമായി നെല്ല് ലഭിക്കുന്നുണ്ട്. കേരളത്തിലെ കർഷകരെ ആശ്രയിക്കാതിരിക്കാനുള്ള മറ്റൊരു കാരണം ഇതാണ്. കേരളത്തിൽ 100 അരിമില്ലുകൾ ഉണ്ട്. ഇവയിൽ 60 എണ്ണവും ഒക്കൽ, കാലടി, അങ്കമാലി, കൂവപ്പടി മേഖലയിലാണ്. ഇത്രയും മില്ലുകൾക്ക് ആവശ്യമായ നെല്ല് കുട്ടനാടും പാലക്കാടും ഉൽപാദിപ്പിക്കുന്നില്ലെന്നു അരിക്കമ്പനി ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]