
കൊച്ചി∙ ഡോളറിനെതിരെ ചൊവ്വാഴ്ച 87.88ൽ എത്തിയ രൂപയുടെ മൂല്യം വരും മാസങ്ങളിൽ ഇനിയും കുറയുമോ എന്നത് യുഎസ് ഇറക്കുമതിത്തീരുവയെ ആശ്രയിച്ചിരിക്കും. വർഷാവസാനം 89 രൂപയിൽ എത്തുമെന്നു കരുതുന്നുണ്ടെങ്കിലും യുഎസുമായി സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായാൽ തീരുവ കുറഞ്ഞ് രൂപ ശക്തിയാർജിക്കാനും സാധ്യതയുണ്ട്.
ഡോളർ മൂല്യം വർധിക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിലും മറ്റുമുള്ള കറൻസികളുടെ മൂല്യം വർധിക്കുന്നതിനാൽ മലയാളികൾക്കു വരുമാന നേട്ടവുമാണ്.
നാട്ടിലേക്കുള്ള പണം വരവും വർധിക്കും. യുഎഇ ദിർഹം 23 രൂപ 90 പൈസയിൽ എത്തി. 1000 ദിർഹം നാട്ടിലേക്ക് അയച്ചാൽ 23900 രൂപ കിട്ടും.
ഖത്തർ റിയാൽ 24 രൂപ 12 പൈസയിലെത്തിയതോടെ 1000 റിയാലിന് 24120 രൂപയായി. ബാങ്കുകളിലെത്തുന്ന വാർഷിക റെമിറ്റൻസ് കണക്കുകളിലും കുതിച്ചുചാട്ടമുണ്ടാകും.
രൂപയെ തളർത്തുന്നത്
ട്രംപ് ഇന്ത്യയ്ക്ക് 25% തീരുവ ഏർപ്പെടുത്തിയതും ഇനിയും വർധിപ്പിക്കുമെന്നു പ്രഖ്യാപിച്ചതുമാണ് രൂപയുടെ മൂല്യമിടിയാൻ കാരണം.
തീരുവ കൂടുമ്പോൾ യുഎസിലേക്കുള്ള കയറ്റുമതി കുറയുകയും അങ്ങനെ കയറ്റുമതി വരുമാനം കുറയുമ്പോൾ വ്യാപാരക്കമ്മി വർധിക്കുകയും ചെയ്യും.
കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാരക്കമ്മി.
കഴിഞ്ഞ വർഷം ഇന്ത്യയ്ക്ക് 9000 കോടി ഡോളറിന്റെ വ്യാപാരക്കമ്മി ഉണ്ടായിരുന്നു. കയറ്റുമതിയിലൂടെ ലഭിക്കുന്ന ഡോളറിനെക്കാൾ ഇത്രയും കോടി ഡോളർ അധികം ഇറക്കുമതിക്കായി ചെലവഴിക്കേണ്ടി വരും.
വിദേശ ഓഹരി നിക്ഷേപം
ഓഹരി വിപണിയിലെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപം വൻ തോതിൽ പിൻവലിക്കുമ്പോഴും ഡോളർ മൂല്യം വർധിച്ച് രൂപ താഴും.
ഡോളർ കൊടുത്തു വാങ്ങിയ ഓഹരി വിദേശികൾ വിൽക്കുമ്പോൾ നൂറു കണക്കിനു കോടി ഡോളർ ബാങ്കുകളിലൂടെ തിരികെ കൊടുക്കേണ്ടി വരും.
പക്ഷേ, അമേരിക്കയിൽ തൊഴിലില്ലായ്മ വർധിക്കുന്നു എന്നാണു തൊഴിൽ വകുപ്പ് പുറത്തുവിട്ട കണക്കുകൾ.
യുഎസ് ജിഡിപി വളർച്ച കുറയുന്നുവെന്നാണ് അതിനർഥം. സെപ്റ്റംബറിൽ ഫെഡറൽ റിസർവ് യോഗം ചേരുമ്പോൾ യുഎസിലെ പലിശ നിരക്കുകൾ കുറയ്ക്കാൻ ഇതു കാരണമാവും. അതോടെ യുഎസിൽ നിന്നു നൂറു കണക്കിനു കോടി ഡോളർ ഇന്ത്യയും ദക്ഷിണ കൊറിയയും തയ്വാനും ഉൾപ്പെടുന്ന വികസ്വര വിപണികളിലേക്ക് ഒഴുകിയേക്കും.
ഇതു രൂപയെ ശക്തമാക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]