
ആഭരണപ്രേമികളുടെയും വിവാഹാവശ്യത്തിന് ഉൾപ്പെടെ ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവരുടെയും നെഞ്ചിടിപ്പേറ്റി സ്വർണവില വീണ്ടും കേരളത്തിൽ റെക്കോർഡ് തൊട്ടു. ഗ്രാമിന് 10 രൂപ വർധിച്ച് വില 9,380 രൂപയും പവന് 80 രൂപ ഉയർന്ന് 75,050 രൂപയുമായി.
കഴിഞ്ഞ ജൂലൈ 23നും വില ഇതേ നിലവാരത്തിലെത്തി ചരിത്രം കുറിച്ചിരുന്നു. അതിനുശേഷം പവൻ വീണ്ടും 75,000 രൂപ ഭേദിച്ചതും ആദ്യമാണ്.
3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ഫീസും ശരാശരി 10% പണിക്കൂലിയും കൂട്ടിയാൽതന്നെ ഇന്നൊരു പവൻ ആഭരണം വാങ്ങാൻ 85,000 രൂപയ്ക്കടുത്ത് നൽകണം.
18 കാരറ്റ് സ്വർണവില റെക്കോർഡ് തിരുത്തി. ചില കടകളിൽ വില ഇന്നു ഗ്രാമിന് 5 രൂപ ഉയർന്ന് പുത്തനുയരമായ 7,750 രൂപയിലെത്തി.
മറ്റു ചില കടകളിൽ വില ഗ്രാമിന് 5 രൂപ വർധിച്ച് 7,700 രൂപയാണ്. വെള്ളിക്കും വ്യത്യസ്ത വിലകളാണുള്ളത്.
ചില ജ്വല്ലറികളിൽ ഗ്രാമിന് ഒരു രൂപ ഉയർന്ന് 124 രൂപ. മറ്റു കടകളിൽ ഒരു രൂപതന്നെ ഉയർന്ന് 123 രൂപ.
14 കാരറ്റ് സ്വർണം ഗ്രാമിന് 5 രൂപ വർധിച്ച് 5,995 രൂപയും 9 കാരറ്റിനു വില 5 രൂപ ഉയർന്ന് 3,865 രൂപയുമായി.
താരിഫ് പ്രശ്നങ്ങളും യുഎസിൽ അടിസ്ഥാന പിലശനിരക്ക് ഉടൻ കുറഞ്ഞേക്കുമെന്ന സൂചനകളുമാണ് സ്വർണത്തിന് കരുത്താകുന്നത്. താരിഫ് പ്രതിസന്ധികൾ മൂലം ഓഹരി, കടപ്പത്ര വിപണികൾ തളരുന്നതും ഡോളർ അസ്ഥിരമായതും സ്വർണനിക്ഷേപങ്ങൾക്ക് സുരക്ഷിത നിക്ഷേപം എന്ന പെരുമ നൽകുകയും ഡിമാൻഡ് വിലയും കൂടാനിടയാക്കുകയും ചെയ്യുന്നു.
രാജ്യാന്തരവില ഔൺസിന് 3,374 ഡോളറിൽ നിന്ന് 3,385 ഡോളർ വരെ ഉയർന്നിരുന്നു. ഇന്ന് രൂപ ഡോളറിനെതിരെ 9 പൈസ ഉയർന്ന് 87.71ൽ ആണ് വ്യാപാരം തുടങ്ങിയത്.
രൂപ മെച്ചപ്പെട്ടില്ലായിരുന്നെങ്കിൽ കേരളത്തിൽ സ്വർണവില ഇന്ന് ഇതിലും കൂടുകയും പുത്തൻ ഉയരം കുറിക്കുകയും ചെയ്യുമായിരുന്നു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിൽ ട്രംപിന്റെ സ്വാധീനം ശക്തമാവുകയാണ്. ട്രംപിനെ എതിർത്തിരുന്ന ഗവർണർ ആഡ്രിയാന കൂഗ്ലർ കഴിഞ്ഞദിവസം രാജിവച്ചിരുന്നു.
പകരം നിയമനം ട്രംപ് ഉടൻ നടത്തും. നിലവിലെ ചെയർമാൻ ജെറോം പവലിന്റെ പ്രവർത്തന കാലാവധി അടുത്ത മേയ് വരെയുണ്ടെങ്കിലും പകരക്കാരനെ ട്രംപ് ഉടൻ പ്രഖ്യാപിക്കും.
ട്രംപിന്റെ വിശ്വസ്തരായ മുൻ ഗവർണർ കെവിൻ വാർഷ്, നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസറ്റ് എന്നിവരിലൊരാൾക്കാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നിരന്തരം ആവശ്യപ്പെട്ടിട്ടും പവൽ പലിശ കുറയ്ക്കാത്തത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. സാധാരണ, നിലവിലെ ചെയർമാൻ പദവിയൊഴിയുന്ന വേളയിലാണ് പകരക്കാരനെ പ്രസിഡന്റ് പ്രഖ്യാപിക്കുക.
പവലിന്റെ പകരക്കാരനെ ഇപ്പോഴേ പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കം പലിശനിരക്ക് ഉടനടി കുറയ്ക്കാനുള്ള സമ്മർദം സൃഷ്ടിക്കാനുള്ള തന്ത്രമായും കരുതപ്പെടുന്നു. സെപ്റ്റംബറിലാണ് ഇനി ഫെഡിന്റെ പണനയ നിർണയ യോഗം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]