
ഇന്ത്യയ്ക്കെതിരെ 24 മണിക്കൂറിനകം കൂടുതൽ തീരുവ പ്രഖ്യാപിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ വൻ ‘സസ്പെൻസ് ത്രില്ലർ’ ആകാൻ ഇന്നത്തെ റിസർവ് ബാങ്കിന്റെ പണനയം. തീരുവയാഘാതം ഇന്ത്യയെ ഉലയ്ക്കുമെന്നതിനാൽ പലിശനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയാറാകുമോ എന്നാണ് ഏവരുടെയും ഉറ്റുനോട്ടം.
ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ അമേരിക്ക കനത്ത തീരുവ ചുമത്തുന്നത്, അവയുടെ ഡിമാൻഡിനെ സാരമായി ബാധിക്കും. കയറ്റുമതി മേഖല തളരും.
ഇന്ത്യയ്ക്കെതിരെ ട്രംപ് 25% തീരുവ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഇതിനുപുറമെ കൂടുതൽ തീരുവ ഉടൻ പ്രഖ്യാപിക്കുമെന്നാണ് വെല്ലുവിളി. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ 100% ഇറക്കുമതി തീരുവ ചുമത്തുമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് ചില മാധ്യമങ്ങൾ ചോദിച്ചപ്പോൾ ‘ശതമാനക്കണക്ക്’ താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
∙ ഇറക്കുമതി തീരുവ അമേരിക്ക 25% ചുമത്തിയാൽതന്നെ അത് ഇന്ത്യയുടെ ജിഡിപിയിൽ 0.2 മുതൽ 0.3% വരെ ഇടിവിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ.
∙ കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവ കൂടും.
∙ രൂപ കൂടുതൽ തളരും.
ഡോളറിനെതിരെ 89-90ലേക്ക് ഇടിയാനുള്ള സാധ്യതയും നിരീക്ഷകർ തള്ളുന്നില്ല. ഇത് രാജ്യത്ത് പണപ്പെരുപ്പം കൂടാനിടയാക്കും.
∙ വിദേശ നിക്ഷേപം ഇടിയുന്നത് ഓഹരി, കടപ്പത്രം, മറ്റ് നിക്ഷേപ മേഖലകൾ എന്നിവയ്ക്കും തിരിച്ചടിയാകും.
ഇതും രൂപയ്ക്ക് കൂടുതൽ ആഘാതമാകും.
ഈ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് കൂടുതൽ കരുതലോടെ പണനയം പ്രഖ്യാപിക്കാനാണ് സാധ്യത. താരിഫ് വിഷയത്തിൽ ട്രംപിന്റെ നിലപാടുകളും ഇന്ത്യയുടെ നീക്കങ്ങളും വിലയിരുത്തിയശേഷം മാത്രം പലിശനിരക്ക് കുറയ്ക്കുന്നതിൽ റിസർവ് ബാങ്ക് തീരുമാനമെടുക്കാനാണ് സാധ്യതയെന്നും ഒരുവിഭാഗം നിരീക്ഷകർ കരുതുന്നു.
∙ ചിലർ മറിച്ചും ചിന്തിക്കുന്നുണ്ട്.
ഒന്ന്, പലിശനിരക്ക് കുറയ്ക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയ്ൽ പണപ്പെരുപ്പം ജൂണിൽ 6 വർഷത്തെ താഴ്ചയായ 2.1 ശതമാനമാണ്.
∙ കഴിഞ്ഞവർഷങ്ങളിൽ റിസർവ് ബാങ്കിനും കേന്ദ്രത്തിനും വലി തലവേദനയുണ്ടാക്കിയ ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് ഇൻഫ്ലേഷൻ) നിലവിൽ നെഗറ്റീവ് 1.06 ശതമാനവുമാണ്.
∙ ഈ രണ്ടുഘടകങ്ങളും പലിശനിരക്ക് കുറയാനുള്ള അനുകൂലഘടകമാണ്. മറ്റൊന്ന്, ഓഗസ്റ്റ് മുതൽ രാജ്യത്ത് ഉത്സവകാല സീസൺ ആരംഭിക്കുന്നുവെന്നതാണ്.
ഈ വേളയിൽ പലിശനിരക്ക് കുറച്ചാൽ വായ്പാ ഡിമാൻഡ് ഉയരുകയും ജനങ്ങൾ ഉപഭോക്തൃവിപണിയിൽ ചെലവ് വർധിപ്പിക്കുകയും ചെയ്യും. ഇത് ഉപഭോഗം (ഡിമാൻഡ്) കൂട്ടും.
ഫലത്തിൽ, അത് സമ്പദ്വളർച്ചയ്ക്ക് ഗുണമാകും.
∙ റിസർവ് ബാങ്ക് ഈ ചിന്തയ്ക്കൊപ്പമാണെങ്കിൽ ഇന്നും പലിശനിരക്കിൽ ഇളവ് പ്രതീക്ഷിക്കാം.
പലിശനിരക്ക് നിലവിൽ
കഴിഞ്ഞ 3 പണനയ യോഗങ്ങളിലായി റിസർവ് ബാങ്കിന്റെ പണനയനിർണയ സമിതി (എംപിസി) ഒരു ശതമാനം കുറച്ച് റിപ്പോനിരക്ക് 5.50% ആക്കിയിട്ടുണ്ട്. ഈ ഇളവ് ആനുപാതികമായി ബാങ്കുകൾ വായ്പാ ഇടപാടുകാർക്ക് കൈമാറിയിട്ടില്ലെന്ന വിമർശനം നിലനിൽക്കുന്നുമുണ്ട്.
നിലവിലെ അടിസ്ഥാന നിരക്കുകൾ ഇങ്ങനെ:
∙ റിപ്പോനിരക്ക് : 5.50%
∙ എസ്ഡിഎഫ് റേറ്റ് : 5.25%
∙ എംഎസ്എഫ് : 5.75%
∙ ഫിക്സ്ഡ് റിവേഴ്സ് റിപ്പോ : 3.35%
∙ സിആർആർ : 4%
∙ എസ്എൽആർ : 18%
ജിഡിപി വളർച്ചാ അനുമാനം കുറയ്ക്കുമോ?
ട്രംപ് തൊടുത്തുവിട്ട താരിഫ് പോരിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ജിഡിപി വളർച്ച, പണപ്പെരുപ്പം എന്നിവ സംബന്ധിച്ച അനുമാനം തിരുത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്ന മറ്റൊരു നിർണായക വിഷയം.
ജിഡിപി വളർച്ചാ അനുമാനം കുറച്ചാൽ ഇന്ത്യൻ സമ്പദ്മേഖല പ്രതിസന്ധിയിലാണെന്ന് റിസർവ് ബാങ്ക് കരുതുന്നുണ്ടെന്ന സ്ഥിതി വരും. ഇത് ഓഹരി വിപണിയെയും നിക്ഷേപമേഖലയെയും ഉലച്ചേക്കും.
∙ നടപ്പുവർഷം (2025-26) ഇന്ത്യ 6.5% വളരുമെന്നാണ് റിസർവ് ബാങ്ക് നേരത്തേ വിലയിരുത്തിയിട്ടുള്ളത്.
ഒന്നാംപാദ വളർച്ച 6.5%, സെപ്റ്റംബർ പാദത്തിൽ 6.7%, ഡിസംബർ പാദത്തിൽ 6.6%, മാർച്ച് പാദത്തിൽ 6.3% എന്നിങ്ങനെയുമാണ് നിലവിലെ വിലയിരുത്തൽ.
∙ പണപ്പെരുപ്പം നടപ്പുവർഷം ശരാശരി 3.7%, ജൂൺപാദത്തിൽ 2.9%, സെപ്റ്റംബർ പാദത്തിൽ 3.4%, ഡിസംബർ പാദത്തിൽ 3.9%, മാർച്ച് പാദത്തിൽ 4.4%. പണപ്പെരുപ്പ അനുമാനം കൂട്ടാനാണ് തീരുമാനമെങ്കിൽ അതിനർഥം പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കങ്ങളിൽ നിന്ന് റിസർവ് ബാങ്ക് പിൻവലിയുമെന്നാണ്.
വെല്ലുവിളി തുടർന്ന് ട്രംപ്, ഇന്ത്യയ്ക്കൊപ്പമെന്ന് റഷ്യ
ഇന്ത്യയ്ക്കെതിരെ കൂടുതൽ വിമർശനങ്ങളും വെല്ലുവിളികളും തൊടുക്കുകയാണ് ട്രംപ്.
ഇന്ത്യ നേരത്തേ വ്യാപാര ചർച്ചകളിൽ അമേരിക്കൻ ഉൽപന്നങ്ങൾക്ക് പൂജ്യം തീരുവ വാഗ്ദാനം ചെയ്തിരുന്നുവെന്ന ‘ഗുരുതര’മായ അഭിപ്രായവും അദ്ദേഹം ഇന്നലെയൊരു ചാനൽ ചർച്ചയിൽ പറഞ്ഞു. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയുടെ ആ വാഗ്ദാനം അദ്ദേഹം നിരസിക്കുകയായിരുന്നത്രേ.
അതേസമയം, വ്യാപാര പങ്കാളികളെ നിശ്ചയിക്കാൻ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്നും ട്രംപിന്റേത് വ്യാപാര നിയമങ്ങളുടെ ലംഘനമാണെന്നും റഷ്യ തുറന്നടിച്ചു.
റഷ്യൻ എണ്ണ വിഷയത്തിൽ അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും നിലപാട് ഇരട്ടത്താപ്പാണെന്ന് ഇന്ത്യയും വിമർശിച്ചിരുന്നു. നിലവിൽ, റഷ്യൻ എണ്ണ ഇറക്കുമതി തുടരാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം.
∙ യൂറോപ്യൻ യൂണിയനും അമേരിക്കയും റഷ്യയിൽ നിന്ന് ഇപ്പോഴും രാസവസ്തുക്കളഉം യുറേനിയവും മറ്റും വൻതോതിൽ വാങ്ങുന്നുണ്ടെന്ന് ഇന്ത്യ പറഞ്ഞിരുന്നു.
∙ അങ്ങനെ അമേരിക്ക വാങ്ങുന്നുണ്ടോയെന്ന് അറിയില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
അതിനിടെ, റഷ്യയുമായി പ്രതിരോധ, ഊർജ രംഗത്തെ ചർച്ചകൾക്കായി കേന്ദ്രസർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിൽ എത്തിയിട്ടുണ്ട്.
ഇന്ത്യ-യുഎസ് ഭിന്നതയുടെ പശ്ചാത്തലത്തിലുള്ള ഡോവലിന്റെ റഷ്യ സന്ദർശനം ഏറെ നിർണായകവുമാണ്.
ഓഹരി വിപണിയിൽ നെഞ്ചിടിപ്പ്
ട്രംപിന്റെ താരിഫ് പോര്, റിസർവ് ബാങ്ക് പണനയം സംബന്ധിച്ച ആകാംക്ഷ എന്നിവ ഇന്ത്യൻ ഓഹരി വിപണിയുടെ നെഞ്ചിടിപ്പ് ഏറ്റുകയാണ്. ഇതിനുപുറമെ ഔഷധ ഇറക്കുമതി 250% തീരുവയെങ്കിലും ചുമത്തുമെന്ന ട്രംപിന്റെ അഭിപ്രായം മരുന്നു കയറ്റുമതി കമ്പനികളുടെ ഓഹരികൾക്കും സമ്മർദപ്പെരുമഴയാകും.
ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 70 പോയിന്റോളം താഴ്ന്നത് സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ വ്യാപാരം തുടങ്ങിയേക്കാമെന്ന് സൂചിപ്പിക്കുന്നു.
∙ ഇന്നലെ സെൻസെക്സ് 0.38%, നിഫ്റ്റി 0.30% എന്നിങ്ങനെ നഷ്ടം നേരിട്ടു.
∙ ബജാജ് ഓട്ടോ, ട്രെന്റ്, ഡിവീസ് ലാബ്, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയവ ഇന്ന് ജൂൺപാദ പ്രവർത്തനഫലം പുറത്തുവിടും.
∙ യുഎസിൽ ഡൗ ജോൺസ് 0.14%, നാസ്ഡാക് 0.65%, എസ് ആൻഡ് പി500 സൂചിക 0.49% എന്നിങ്ങനെയും ഫ്യൂച്ചേഴ്സ് വിപണിയിൽ നാസ്ഡാക് 100 സൂചിക, ഡൗ എന്നിവ 0.2% വീതവും എസ് ആൻഡ് പി500 സൂചിക 0.1 ശതമാനവും താഴ്ന്നു.
∙ താരിഫ് പ്രതിസന്ധികൾ, എഎംഡി ഉൾപ്പെടെ ചില കമ്പനികളുടെ മോശം പ്രവർത്തനഫലം എന്നിവയാണ് യുഎസ് ഓഹരികൾക്ക് തിരിച്ചടിയായത്.
∙ ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.55% ഉയർന്നു. ചൈനയിൽ ഷാങ്ഹായ് 0.06%, ഹോങ്കോങ് വിപണി 0.24% എന്നിങ്ങനെ താഴ്ന്നു.
യൂറോപ്പിൽ ഡാക്സ് 0.37%, എഫ്ടിഎസ്ഇ 0.16% എന്നിങ്ങനെ ഉയർന്നു.
സ്വർണവും രൂപയും
രൂപ ഇന്നലെയും ഡോളറിനെതിരെ വീണു. 16 പൈസ താഴ്ന്ന് മൂല്യം 87.82ൽ എത്തി.
ഇന്നും സമ്മർദത്തിലാണ് രൂപ. കഴിഞ്ഞ ദിവസങ്ങളിൽ ആയിരം കോടി രൂപയ്ക്കുമേൽ ഇന്ത്യൻ ഓഹരികൾ ദിവസവും വിറ്റൊഴിഞ്ഞ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെ വിറ്റത് 22 കോടി രൂപയുടെ ഓഹരികൾ മാത്രം.
∙ സ്വർണവില രാജ്യാന്തര വിപണിയിൽ ഇപ്പോഴുള്ളത് 2 ഡോളർ മാത്രം ഉയർന്ന 3,375 ഡോളറിൽ.
കേരളത്തിൽ ഇന്നും വിലവർധന പ്രതീക്ഷിക്കാം. സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് പുതുക്കാനുള്ള സാധ്യതയേറെ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]