
നേട്ടത്തോടെ തുടങ്ങിയെങ്കിലും വില്പന സമ്മർദ്ദത്തിന് അടിപ്പെട്ട ഇന്ത്യൻ വിപണി നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഫെഡ് യോഗത്തിന് മുന്നോടിയായി അമേരിക്കൻ വിപണിയുടെ വീഴ്ചയും അതിർത്തിയിലെ യുദ്ധസന്നാഹങ്ങളും ബാങ്കിങ്, അദാനി ഓഹരികളിലെ ലാഭമെടുക്കലും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. ഫെഡ് യോഗം ഇന്നാരംഭിക്കാനിരിക്കെ അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും നഷ്ടത്തിൽ തുറന്നതും ഇന്ത്യൻ വിപണിക്ക് തിരിച്ചു വരവ് നിഷേധിച്ചു.
നിഫ്റ്റി 24509 വരെ മുന്നേറിയ ശേഷം 81 പോയിന്റ് നഷ്ടത്തിൽ 24379 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 155 പോയിന്റ് മാത്രം നഷ്ടമാക്കി 80641 പോയിന്റിലും ക്ളോസ് ചെയ്തു. മുൻ നിര സൂചികകളുടെ നഷ്ടം നാമമാത്രമാണെങ്കിലും നിഫ്റ്റി നെക്സ്റ്റ്-50 സൂചികയും, നിഫ്റ്റി മിഡ് & സ്മോൾ ക്യാപ് സൂചികകളും 2%ൽ കൂടുതൽ വീണതും വിപണിയുടെ നഷ്ട വ്യാപ്തി വർദ്ധിപ്പിച്ചു.
മഹീന്ദ്രയുടെ മികച്ച റിസൾട്ടിന്റെ പിൻബലത്തിൽ നേട്ടം കുറിച്ച ഓട്ടോ സെക്ടറൊഴികെ മറ്റെല്ലാ സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. റിയൽറ്റി സെക്ടറിന്റെ ഇന്നത്തെ നഷ്ടം മൂന്നര ശതമാനമാണ്.
തകർന്ന് പൊതുമേഖല ബാങ്കുകൾ
പൊതുമേഖല ബാങ്കുകളുടെ ഉടമസ്ഥാവകാശം വിൽക്കുന്നതിന് പകരം ഓഫർ ഫോർ സെയിൽ വഴി അഞ്ചു പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിൽക്കാനാവും ശ്രമിക്കുക എന്ന വാർത്ത പൊതു മേഖല ബാങ്കുകൾക്ക് വലിയ തിരുത്തലാണ് നൽകിയത്. പൊതു മേഖല ബാങ്കിങ് സൂചിക 4.8% തകർന്നപ്പോൾ ബാങ്ക് നിഫ്റ്റി 1.18% നഷ്ടം കുറിച്ചു.
ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായം മുൻവർഷത്തിൽ നിന്നും മെച്ചപ്പെട്ടതാണെങ്കിലും പലിശ വരുമാനം കുറഞ്ഞത് ഓഹരിക്ക് 10% വീഴ്ച നൽകിയത് ബാങ്കിങ് സെക്ടറിന് ക്ഷീണമായി. ഇന്ന് 250 രൂപക്ക് വ്യാപാരം ആരംഭിച്ച ബാങ്ക് ഓഫ് ബറോഡ 223 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സ്റ്റീലും മരുന്നും അമേരിക്കയിൽ നിന്നും
അമേരിക്കയിൽ നിന്നുമുള്ള സ്റ്റീലിനും ഫാർമ ഉത്പന്നങ്ങൾക്കും വാഹനഘടകങ്ങൾക്കും ഇറക്കുമതി തീരുവ ഒഴിവാക്കാൻ ഇന്ത്യ ആലോചിക്കുന്നു എന്ന വാർത്തയും വിപണിയെ സ്വാധീനിച്ചു. ഫാർമ സെക്ടർ 1.11% നഷ്ടം കുറിച്ചു.
ഫെഡ് നിരക്ക് നാളെ
പണപ്പെരുപ്പ ഭീഷണിയുടെയും ട്രംപിന്റെ ഭീഷണിയുടെയും പശ്ചാത്തലത്തിൽ അമേരിക്കൻ ഫെഡ് റിസർവ് യോഗം ഇന്നാരംഭിക്കാനിരിക്കെ ലോകവിപണി സമ്മർദ്ദത്തിൽ വീണു. ട്രംപിന്റെ സമ്മർദ്ദതന്ത്രങ്ങൾക്ക് ഫെഡ് ചെയർമാന്റെ പ്രസംഗത്തെ സ്വാധീനിക്കാൻ കഴിയുമോ എന്നാണ് വിപണി ഉറ്റു നോക്കുന്നത്. നാളെയാണ് ഫെഡ് റിസർവ് പലിശ നിരക്കും പുതിയ നയങ്ങളും പ്രഖ്യാപിക്കുന്നത്. നിലവിൽ ഫെഡ് നിരക്ക് 4.50% ആണ്.
ഡോളർ
ഇന്ത്യൻ രൂപക്കെതിരെ അമേരിക്കൻ ഡോളർ 84.366/- നിരക്കിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ബോണ്ട് യീൽഡും ഇന്ന് നേരിയ മുൻതൂക്കം നേടിയത് ഡോളറിന് തുടർമുന്നേറ്റ സാധ്യതയാണ് സൂചിപ്പിക്കുന്നത്. ഫെഡ് തീരുമാനങ്ങൾ ഡോളറിന്റെയും ഒപ്പം മറ്റ് നാണയങ്ങളുടെ നിരക്കുകളെയും സ്വാധീനിക്കും.
സ്വർണം
താരിഫ് ചർച്ചകൾ മന്ദഗതിയിലാണെന്നത് സുരക്ഷിത നിക്ഷേപമാർഗമായ സ്വർണത്തിന്റെ ആവശ്യകതയും വിലയും വീണ്ടും വർദ്ധിപ്പിച്ചു. രാജ്യാന്തര വിപണിയിൽ സ്വർണവില രണ്ട് ശതമാനത്തോളം വർദ്ധിച്ച് 3388 ഡോളറിലാണ് തുടരുന്നത്. ഫെഡ് തീരുമാനങ്ങൾ സ്വർണവിലയേയും സ്വാധീനിക്കും.
വെള്ളിയും ഇന്ന് ഡോളർ വീഴ്ചയുടെ പശ്ചാത്തലത്തിൽ മികച്ച മുന്നേറ്റം നേടി. അലുമിനിയം ഒഴികെയുള്ള മറ്റ് ബേസ് മെറ്റലുകളും ഇന്ന് നേട്ടത്തിലാണ് തുടരുന്നത്.
ക്രൂഡ് ഓയിൽ
ഒപെക് ഉല്പാദന വർദ്ധന വീഴ്ത്തിയ ക്രൂഡ് ഓയിൽ ഡോളർ വീഴ്ചയുടെ പിന്തുണയിൽ ഇന്ന് തിരികെ കയറിത്തുടങ്ങി. ബ്രെന്റ് ക്രൂഡ് ഓയിൽ ഏഷ്യൻ വിപണി സമയത്ത് 2% മുന്നേറി 61.50 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
കോൾ ഇന്ത്യ, ഹഡ്കോ, മംഗളൂരു കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസർ, ടാറ്റ കെമിക്കൽസ്, എംആർഎഫ്, വോൾട്ടാസ്, ബ്ലൂസ്റ്റാർ, ഡാബർ, യുബിഎൽ, എപിഎൽ അപ്പോളോ, ക്രാഫ്റ്റ്സ്മാൻ ഓട്ടോമേഷൻ, മാൻ ഇൻഡസ്ട്രീസ്, റൂട്ട് മൊബൈൽ, സ്റ്റാർ ഹൗസിങ് ഫിനാൻസ്, വണ്ടർലാ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
മികച്ച റിസൾട്ടുകൾ
മികച്ച നാലാം പാദ റിസൾട്ടിന്റെ പിൻബലത്തിൽ മഹീന്ദ്രക്ക് രാജ്യാന്തര ബ്രോക്കർമാർ മികച്ച വില ലക്ഷ്യം കുറിച്ചത് ഓഹരിക്ക് മുന്നേറ്റം നൽകി. എം&എമ്മിന് 3650 രൂപയാണ് സിഎൽഎസ്എ ലക്ഷ്യമിട്ടിരിക്കുന്നത്.
അറ്റാദായത്തിൽ മുൻവർഷത്തിൽ നിന്നും വീഴ്ച കുറിച്ചെങ്കിലും എസ്ബിഐക്ക് സിഎൽഎസ്എ 1050 രൂപയും, ജെപി മോർഗൻ 915 രൂപയും ദീർഘകാല ലക്ഷ്യം കാണുന്നു. നോമുറ കോട്ടക്ക് ബാങ്കിന് 2350 രൂപ ലക്ഷ്യം കാണുമ്പോൾ ആക്സിസ് ബാങ്കിന് 1300 രൂപയാണ് ബാങ്ക് ഓഫ് അമേരിക്കയുടെ ദീർഘകാല ലക്ഷ്യം.
കോഫോർജ്, സിഗ്നിറ്റി, സിസിഎൽ പ്രോഡക്ട്സ്, കാപ്രി ഗ്ലോബൽ, ഹിന്ദ് റെക്റ്റിഫയർ, നില സ്പേസസ്, സ്മൃതി ഓർഗാനിക്സ് മുതലായ കമ്പനികളും തിങ്കളാഴ്ച മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ചു.
യെസ് ബാങ്ക്
സെബിയിൽ നിന്നും യെസ് ബാങ്കിന്റെ 51% ഓഹരി വാങ്ങുവാനുള്ള അനുമതി ജപ്പാന്റെ സുമിറ്റോമോ മിത്സുയി ബാങ്കിങ് കോർപറേഷൻ (എസ്എംബിസി) സ്വന്തമാക്കി എന്ന വാർത്ത യെസ് ബാങ്കിന് 10% മുന്നേറ്റം നൽകിയിരുന്നു. നാലാം പാദത്തിൽ മികച്ച റിസൾട്ടും പുറത്ത് വിട്ട യെസ് ബാങ്ക് തിരിച്ചു വരവിന്റെ ലക്ഷണങ്ങളും കാണിച്ചിരുന്നു.
ലേഖകന്റെ വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക