കൊച്ചി ∙ ഇന്ത്യയിലെ സ്വാഭാവിക റബറിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പുതിയ തോട്ടങ്ങൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ടയർ നിർമാതാക്കളുടെ സംഘടനയായ ഓട്ടമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) ഐസ്‌പീഡ് പദ്ധതിക്കു തുടക്കമിട്ടു. ഉൽപാദനക്ഷമതയും ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ രണ്ടു ലക്ഷത്തോളം വരുന്ന റബർ കർഷകർക്കു ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ.

ആത്മ നടപ്പാക്കുന്ന ഇന്ത്യൻ നാച്വറൽ റബർ ഓപ്പറേഷൻസ് ഫോർ അസിസ്റ്റഡ് ഡവലപ്മെന്റിന്റെ (പ്രോജക്ട് ഇൻറോഡ്) ഭാഗമായാണ് ഇൻറോഡ് സ്‌കില്ലിങ് ആൻഡ് പ്രൊഡക്‌ഷൻ എഫിഷ്യൻസി എൻഹാൻസ്മെന്റ് ഡ്രൈവ് (ഐസ്‌പീഡ്) പ്രഖ്യാപിച്ചത്. ത്രിപുരയിലെയും അസമിലെയും കൃഷിയിടങ്ങളിൽ ആരംഭിച്ച സ്മോക് ഹൗസ് യൂണിറ്റുകൾ ആത്മ ചെയർമാനും എംആർഎഫ് ലിമിറ്റഡ് വൈസ് ചെയർമാനും എംഡിയുമായ അരുൺ മാമ്മൻ ഉദ്ഘാടനം ചെയ്തു.

റബർ കർഷകരുടെ അറിവിലും കഴിവുകളിലുമാണ് ഐസ്പീഡ് പദ്ധതി വഴി നിക്ഷേപം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട കർഷകരെ ശക്തിപ്പെടുത്തുന്ന മാതൃക പിന്തുണയ്ക്കുന്നതിൽ ഇന്ത്യൻ ടയർ വ്യവസായം അഭിമാനിക്കുന്നു. ഉയർന്ന നിലവാരമുള്ള ഷീറ്റ് ഉൽപാദിപ്പിക്കാൻ 3,000 സ്മോക് ഹൗസുകളും 3,000 ഷീറ്റ് റോളിങ് മെഷീനുകളും സ്‌ഥാപിക്കുമെന്ന് ഇൻറോഡ് ചെയർമാൻ പ്രവീൺ തൃപാഠി പറഞ്ഞു.

ആകെ 1100 കോടി രൂപയുടെ നിക്ഷേപമുള്ള പദ്ധതി ആത്മ അംഗങ്ങളായ എംആർഎഫ്, അപ്പോളോ, സിയറ്റ്, ജെകെ എന്നിവയുടെ ധനസഹായത്തോടെയാണു നടപ്പാക്കുന്നത്. റബർ ബോർഡ് ഓഫ് ഇന്ത്യയ്ക്കാണ് പദ്ധതി നിർവഹണ ചുമതല. 145 കോടി ചെലവിട്ടു നടപ്പാക്കുന്ന ഐസ്പീഡിലൂടെ 5 വർഷം കൊണ്ടു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പശ്ചിമ ബംഗാളിലെയും രണ്ടു ലക്ഷത്തിലധികം ചെറുകിട റബർ കർഷകർക്കും നഴ്‌സറികൾക്കും നേരിട്ടു പ്രയോജനം ലഭിക്കും.

English Summary:

ATMA’s ICE SPEED project aims to enhance natural rubber quality and expand plantations in India, benefiting over two lakh rubber farmers through improved productivity and infrastructure. This ₹1100 crore initiative promises a significant boost to the Indian rubber industry.