
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിക്ഷേപ വാഗ്ദാനം സ്വന്തമാക്കി കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന കാസ്മ (KAASMA) എന്ന സംരംഭം. മലിനജല സംസ്കരണത്തിൽ പുതുവിപ്ലവം തന്നെ സൃഷ്ടിച്ചേക്കുന്ന കാസ്മയുടെ ആശയം നിക്ഷേപക പാനലിന്റെ ഹൃദയം കവർന്നതോടെ, സ്വന്തമാക്കിയത് കോടികളുടെ നിക്ഷേപ വാഗ്ദാനം.
ഇതോടൊപ്പം മാറ്റുരച്ച പീപ്പിൾഐഒ (PPLIO) എന്ന മലയാളി സ്റ്റാർട്ടപ്പ് സംരംഭവും കരസ്ഥമാക്കിയത് മികച്ച കൈയടിയും തുടർവളർച്ചയ്ക്കുള്ള പിന്തുണയും. ഓരോ കമ്പനിയും ജീവനക്കാരും തമ്മിലെ ബന്ധം ദൃഢമാക്കുന്ന ഐഡിയയാണ് പീപ്പിൾഐഒ മുന്നോട്ടുവച്ചത്. കാണാം, ത്രസിപ്പിക്കുന്ന 10-ാം എപ്പിസോഡ് നാളെ .
വിജയത്തിലേക്കുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വളർച്ചാവീഥിയിൽ ആത്മവിശ്വാസവും പിന്തുണയും നൽകി മനോരമ ഓൺലൈൻ ഒരുക്കിയ ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോയാണ് ‘’. ഇത്തരമൊരു റിയാലിറ്റി ഷോ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യം. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരുക്കിയ എലവേറ്റിന്റെ സംപ്രേഷണം മാർച്ച് 5നാണ് ആരംഭിച്ചത്. ആദ്യ എപ്പിസോഡുകൾ ഇതിനകം കണ്ടതു ലക്ഷക്കണക്കിനുപേർ.
പ്രമുഖ സംരംഭകരും കേരളം കണ്ട ഏറ്റവും ശ്രദ്ധേയ നിക്ഷേപകരുമായ ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വി. സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ എന്നിവരാണ് നിക്ഷേപക പാനലിൽ.
ഏത് ബിസിനസ് മേഖലയിലെയും മികവുറ്റതും വേറിട്ടതുമായ ആശയങ്ങൾ പാനലിന് മുൻപിൽ മികച്ച രീതിയിൽ അവതരിപ്പിച്ച് നിക്ഷേപ/മെന്ററിങ് പിന്തുണ നേടാനുള്ള സുവർണാവസരമാണ് എലവേറ്റ്. ബ്രഹ്മ ലേണിങ് സൊല്യൂഷൻസ് സാരഥി ഡോ. സജീവ് നായർ ആണ് എലവേറ്റിന്റെ മെന്റർ.
നൂതനവും മികച്ച വളർച്ചാസാധ്യതയുള്ളതും മൂലധനത്തിനായി ശ്രമിക്കുന്നതുമായ ബിസിനസ്/സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഫണ്ടിങ്, മെന്ററിങ്, ഇൻകുബേഷൻ, നെറ്റ്വർക്കിങ് എന്നിവയ്ക്കു പിന്തുണ ഉറപ്പാക്കാനും വിജയവഴിയിലേക്ക് നയിക്കാനും ഒരുക്കിയ വേദിയാണ് ‘’. കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള ഏയ്ഞ്ചൽ നെറ്റ്വർക്ക് (KAN) എന്നിവയുടെയും പിന്തുണയോടെ സംഘടിപ്പിച്ച എലവേറ്റിൽ 500ൽ പരം അപേക്ഷകൾ ലഭിച്ചു. കൂടുതൽ മികവുറ്റ 21 സംരംഭങ്ങളാണ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സംരംഭകർക്ക് മികച്ച അവതരണത്തിന്റെ സാധ്യതകളെക്കുറിച്ച് ഉള്ക്കാഴ്ച നൽകുന്ന ഗ്രൂമിങ് സെഷനും ഒരുക്കിയിരുന്നു. ബ്രഹ്മ ലേണിങ് സൊല്യൂഷൻസ് സിഇഒ എ.ആർ. രഞ്ജിത്ത് ഗ്രൂമിങ് സെഷനു നേതൃത്വം നൽകി. സംരംഭകരുടെ അനുഭവങ്ങളെയും എങ്ങനെ ആശയത്തെ മികച്ച ബിസിനസ് സംരംഭമാക്കി മാറ്റാം എന്നതിനെയും കുറിച്ചു കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക ക്ലാസുകൾ നയിച്ചു. വിവിധ ബിസിനസ് സംരംഭങ്ങളുടെ സാധ്യതകളെയും ഭാവിയെയും കുറിച്ച് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫും സംസാരിച്ചു.