
കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ ഓഹരി വിപണി നേരിട്ട ഇടിവ് 4 ശതമാനം.
അതേസമയം, ഈ പശ്ചാത്തലത്തിലും ഉലയാതെ നേട്ടത്തിൽ പിടിച്ചുനിന്ന് ഇന്ത്യൻ ഓഹരി വിപണി. പാക്കിസ്ഥാനിലെ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിലെ കെഎസ്ഇ-100 സൂചികയാണ് ഏപ്രിൽ 22നു ശേഷം ഇതിനകം 4 ശതമാനം താഴേക്കുപോയത്.
ഇക്കാലയളവിൽ ഇന്ത്യയുടെ സെൻസെക്സ് 1.5 ശതമാനം നേട്ടം കുറിച്ചു. പ്രതീകാത്മക ചിത്രം
ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനുമായുള്ള വാണിജ്യബന്ധം നിർത്തലാക്കുന്നതുൾപ്പെടെ കടുത്ത നടപടികൾ ഇന്ത്യ സ്വീകരിച്ചിരുന്നു.
ഇന്ത്യയുമായുള്ള സംഘർഷം പാക്കിസ്ഥാൻ സമ്പദ്വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളുമെന്ന് രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാനു നൽകുന്ന രക്ഷാപ്പാക്കേജ് പുനഃപരിശോധിക്കണമെന്ന് ഐഎംഎഫിനോടും എഡിബിയോടും മറ്റും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
പുറമെ, പാക്കിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഇന്ത്യ ഉയർത്തിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ജമ്മുകശ്മീരിലെ ശ്രീനഗറിൽ ദാൽ തടാകത്തിനു സമീപം കാവൽ നിൽക്കുന്ന സൈനികൻ (Photo: PTI)
പണം തിരിമറി, ഭീകരവാദ ഫണ്ടിങ് എന്നിവ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെയാണ് രാജ്യാന്തര സംഘടനയായ എഫ്എടിഎഫ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തുക. ഗ്രേ ലിസ്റ്റിൽ അകപ്പെട്ടാൽ അതു പാക്കിസ്ഥാനിലേക്കുള്ള നിക്ഷേപം, വാണിജ്യം തുടങ്ങിയവയെ സാരമായി ബാധിക്കും.
ഈ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാൻ ഓഹരി വിപണിയുടെ വീഴ്ച. മിക്ക പാക്കിസ്ഥാനി കമ്പനികളുടെ ഓഹരികളിലും ആശങ്കയോടെയുള്ള വിറ്റൊഴിയൽ (panic selling) സമ്മർദമുണ്ട്.
ഇന്നും പാക്കിസ്ഥാനി ഓഹരി വിപണി തളർച്ചയിലേക്ക് നീങ്ങേണ്ടിയിരുന്നതാണെങ്കിലും കേന്ദ്രബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ അടിസ്ഥാന പലിശനിരക്ക് ഒരു ശതമാനം വെട്ടിക്കുറച്ചത് താൽകാലിക ആശ്വാസമാവുകയായിരുന്നു. ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തി (Image Credit : PTI)
അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ പ്രതിസന്ധികളിൽ ഉലയാതെ നേട്ടമാണ് ഇക്കാലയളവിൽ കുറിച്ചത്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയോടുള്ള നിക്ഷേപക വിശ്വാസം, ശക്തമായ അടിത്തറ എന്നിവ നേട്ടത്തിന് സഹായകമായെന്നാണ് വിലയിരുത്തലുകൾ. 2001ലെ പാർലമെന്റ് ആക്രമണം ഒഴിച്ചാൽ പാക്കിസ്ഥാനുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ കാര്യമായ നഷ്ടം നേരിട്ടിട്ടില്ലെന്ന് ഇക്കണോമിക് ടൈംസിന്റെ ഒരു റിപ്പോർട്ട് വ്യക്തമാക്കി. വിദേശ പോർട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) നിലവിൽ വൻതോതിൽ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടുന്നതും കരുത്താണ്.
കഴിഞ്ഞ 12 സെഷനുകളിലായി മാത്രം അവർ 40,147 കോടി രൂപയാണ് ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചത്. രണ്ടുവർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ നിക്ഷേപകാലയളവാണിത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
English Summary:
Pakistan stock market (KSE 100) down 4% post Pahalgam attack, Sensex gains 1.5%
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]