
ആഭരണപ്രേമികളെയും (gold) വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത നിരാശയിലാഴ്ത്തി സ്വർണവിലയിൽ (gold price) ഇന്ന് വമ്പൻ മുന്നേറ്റം. സംസ്ഥാനത്ത് (Kerala Gold Rate) ഗ്രാമിന് ഒറ്റയടിക്ക് 250 രൂപ ഉയർന്ന് വില 9,025 രൂപയും പവന് 2,000 രൂപ കുതിച്ച് 72,200 രൂപയുമായി. രണ്ടുദിവസം മുമ്പുവരെ ഗ്രാമിന് 8,755 രൂപയും പവന് 70,040 രൂപയുമായിരുന്നു .
രാജ്യാന്തരവിലയിലെ കുതിച്ചുകയറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. കനത്ത ചുങ്കം ഈടാക്കുകയെന്ന തന്റെ നയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി, അമേരിക്കയ്ക്ക് പുറത്തുനിർമിക്കുന്ന സിനിമകൾക്കുമേൽ 100% ചുങ്കം ഏർപ്പെടുത്തിയ പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണ് പുതിയ ആശങ്കകൾക്ക് വഴിവച്ചത്.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കുള്ള ചുങ്കവും വൈകാതെ പ്രഖ്യാപിക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. ട്രംപിന്റെ ഈ കടുംപിടിത്തം ആഗോള സമ്പദ്വ്യവസ്ഥയ്ക്കുമേൽ വീണ്ടും കരിനിഴൽ വീഴ്ത്തുന്നത് സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന പെരുമ സമ്മാനിക്കുന്നതാണ് വിലക്കുതിപ്പിന് വളമാകുന്നത്.
പുറമെ, ട്രംപിന്റെ സമ്മർദത്തെ വകവയ്ക്കാതെ യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് ഇക്കുറിയും അടിസ്ഥാന പലിശനിരക്ക് നിലനിർത്തിയേക്കുമെന്ന സൂചനകളും സ്വർണത്തിന് നേട്ടമാകുന്നു. ഇന്ത്യയുടെ റിസർവ് ബാങ്ക് അടക്കം ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം കരുതൽ ശേഖരത്തിലേക്ക് വാങ്ങിക്കൂട്ടുന്നതും വിലവർധനയ്ക്ക് വഴിവയ്ക്കുന്നു.
2024-25ന്റെ രണ്ടാംപകുതിയിൽ മാത്രം റിസർവ് ബാങ്ക് 25 ടൺ സ്വർണം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് ഡോളറിനെതിരെ ഇന്ത്യൻ റുപ്പി 5 പൈസ നഷ്ടത്തോടെ വ്യാപാരം തുടങ്ങിയതും കേരളത്തിൽ സ്വർണവില കൂടാൻ വഴിവച്ചു.
കത്തിക്കയറി രാജ്യാന്തര സ്വർണവില
ഇന്നലെ ഔൺസിന് 3,255 ഡോളറായിരുന്ന രാജ്യാന്തര വില, ഇന്ന് ഒരുവേള 3,385 ഡോളറിലേക്ക് കുതിച്ചുകയറി. ഇത് കേരളത്തിലും വില കുത്തനെ കൂടാനിടയാക്കി. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചുങ്കവിഷയത്തിൽ യുഎസ് സമവായത്തിലേക്ക് കടക്കുന്നതിനിടെയാണ്, സ്വർണവില കൂടുന്നതെന്നതും അമ്പരപ്പ് സൃഷ്ടിക്കുന്നുണ്ട്. സമവായനീക്കത്തിനിടയിലും ട്രംപ് പല മേഖലകൾക്കുംമേൽ കനത്ത ചുങ്കം പ്രഖ്യാപിക്കുന്നതാണ് തിരിച്ചടി.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 100ന് താഴെ തുടരുന്നതും സ്വർണം വാങ്ങാനുള്ള താൽപര്യം ഉയർത്തുന്നു; ഇതും വിലയെ മേലോട്ട് നയിക്കുന്നു. രാജ്യാന്തരവില ഓരോ ഡോളർ കൂടുമ്പോഴും കേരളത്തിൽ ഗ്രാമിന് രണ്ടു-രണ്ടര രൂപവീതം കൂടും.
അതുകൊണ്ടാണ്, ഇന്ന് കേരളത്തിൽ ഗ്രാമിന് ഒറ്റയടിക്ക് 250 രൂപയും പവന് 2,000 രൂപയും കൂടാൻ കാരണം. രാജ്യാന്തര വില നിലവിലെ ട്രെൻഡ് തുടർന്നാൽ 3,500 ഡോളർ ഭേദിച്ചേക്കാമെന്നാണ് നിരീക്ഷക വാദങ്ങൾ. അങ്ങനെയെങ്കിൽ കേരളത്തിലും ആനുപാതിക വിലക്കയറ്റമുണ്ടാകും. കഴിഞ്ഞമാസം 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.
18 കാരറ്റും വെള്ളിയും മുന്നോട്ട്
18 കാരറ്റ് സ്വർണം, വെള്ളി വിലകളും ഇന്നു കൂടിയിട്ടുണ്ട്. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്നു 18 കാരറ്റ് സ്വർണം ഗ്രാമിന് വില 210 രൂപ വർധിച്ച് 7,460 രൂപയായി. വെള്ളിക്കു ഗ്രാമിന് രണ്ടു രൂപ ഉയർന്ന് 108 രൂപ. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ അനുകൂല വ്യാപാരികളുടെ കടകളിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് വില 210 രൂപ തന്നെ ഉയർന്ന് 7,410 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ ഉയർന്ന് 108 രൂപയും.
പണിക്കൂലിയും ചേർന്നാലുള്ള വില
സ്വർണാഭരണം വാങ്ങുമ്പോൾ ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവയും നൽകണം. 3 ശതമാനമാണ് ജിഎസ്ടി. ഹോൾമാർക്ക് ഫീസ് 45 രൂപയും അതിന്റെ 18% ജിഎസ്ടിയും; അതായത് 53.10 രൂപ. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം. ബ്രാൻഡഡ്/ഡിസൈനർ ആഭരണങ്ങൾക്കാണ് കൂടുതൽ പണിക്കൂലി. ഇന്ന് നിങ്ങൾ 5% പണിക്കൂലി പ്രകാരം ഒരു പവൻ ആഭരണം വാങ്ങുന്നുവെന്ന് കരുതുക, നികുതിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം വാങ്ങൽവില 78,140 രൂപയാകും. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,768 രൂപയും.