
വിപണി കരുതിയതിലും വലിയ പകരച്ചുങ്കവുമായി വന്ന അമേരിക്കൻ വിപണി കോവിഡ് കാലഘട്ടത്തെ അനുസ്മരിപ്പിച്ചു കൊണ്ട് തുടരെ രണ്ട് ദിവസവും തകർന്നപ്പോൾ വിപണിയിൽ നിന്നും ട്രില്യൺ കണക്കിന് ഡോളറാണ് നഷ്ടമായത്. കഴിഞ്ഞ രണ്ട് സെഷനുകളിലായി ഇന്ത്യൻ ജിഡിപിയെക്കാൾ വലിയ നഷ്ടം നേരിട്ട അമേരിക്കൻ വിപണി ട്രംപ് അധികാരമേറ്റ ജനുവരി ഇരുപത് മുതൽ ഇത് വരെ 10 ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്.
ട്രംപിന്റെ താരിഫുകൾക്ക് പകരച്ചുങ്കവുമായി ചൈനയും ഇറങ്ങിയതോടെ വ്യാപാരയുദ്ധവും ഉറപ്പിക്കപ്പെട്ടു. അമേരിക്കയിൽ വിലക്കയറ്റവും, പണപ്പെരുപ്പവും, തൊഴിലില്ലായ്മയും, സാമ്പത്തിക മാന്ദ്യവും മോർഗൻ സ്റ്റാൻലി അടക്കമുള്ളവർ പ്രവചിച്ചതും അമേരിക്കൻ വിപണിയുടെ ആത്മവിശ്വാസത്തെ സ്വാധീനിച്ചു.
അമേരിക്കൻ വിപണി 2020ലെ ശേഷമുള്ള ഏറ്റവും വലിയ വീഴ്ച നേരിട്ടതിന്റെ ആഘാതത്തിൽ ഇന്ത്യൻ വിപണി വെള്ളിയാഴ്ച വില്പന സമ്മർദ്ദത്തിൽ ഒന്നര ശതമാനം നഷ്ടം കുറിച്ചു. വ്യാഴാഴ്ച ഫാർമയുടെ പിന്തുണയിൽ പിടിച്ചു നിന്ന ഇന്ത്യൻ വിപണി വെള്ളിയാഴ്ച സമ്പൂർണ നഷ്ടമാണ് നേരിട്ടത്. മറ്റ് ഏഷ്യൻ, യൂറോപ്യൻ വിപണികളും വെള്ളിയാഴ്ച താരിഫ് കെണിയിൽ വീഴ്ച തുടർന്നു.
മുൻ ആഴ്ചയിൽ 23519 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 22904 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഒരാഴ്ച കൊണ്ട് സെൻസെക്സ് 77414 പോയിന്റിൽ നിന്നും 75364 പോയിന്റിലേക്കും കൂപ്പ്കുത്തി. മെറ്റൽ സെക്ടർ വെള്ളിയാഴ്ച ആറര ശതമാനം വീണപ്പോൾ, ഫാർമ സെക്ടർ വ്യാഴാഴ്ചത്തെ നേട്ടങ്ങൾ കൈവിട്ട് വെള്ളിയാഴ്ച നാല് ശതമാനം നഷ്ടം കുറിച്ചു.
ഫെഡ് & ട്രംപ് വടംവലി
പ്രതീക്ഷിച്ചതിലും ഉയർന്ന ട്രംപ് താരിഫുകൾ പണപ്പെരുപ്പ വർദ്ധനയ്ക്കും, അമേരിക്കയുടെ വളർച്ച തളർത്തുന്നതിനും വഴി വച്ചേക്കുമെന്ന് ഫെഡ് ചെയർമാൻ സൂചിപ്പിച്ചതും വെള്ളിയാഴ്ച അമേരിക്കൻ വിപണിവീഴ്ചയുടെ ആഘാതമേറ്റി. ഫെഡ് റിസർവ് കഴിഞ്ഞ യോഗത്തിൽ സൂചിപ്പിച്ച ഫെഡ് നിരക്ക് കുറക്കൽ ഉണ്ടായേക്കില്ല എന്ന ഭയവും വിപണിയെ ഗ്രസിച്ചു.
റേറ്റിങ് ഏജൻസികൾ അടക്കമുള്ളവർ അമേരിക്കക്ക് സാമ്പത്തിക മാന്ദ്യ സാധ്യത പ്രവചിച്ചതും വിപണിക്ക് കെണിയൊരുക്കി. മോർഗൻ സ്റ്റാൻലി അടക്കമുള്ള ഏജൻസികളും ഫെഡ് നിരക്ക് കുറക്കൽ സാധ്യത നേരത്തെ തന്നെ തള്ളിയിരുന്നു.
എന്നാൽ ഫെഡ് ചെയർമാൻ രാഷ്ട്രീയക്കളി അവസാനിപ്പിച്ച് ഫെഡ് നിരക്ക് കുറക്കണമെന്ന് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഫെഡ് റിസർവിന് പലിശ നിരക്ക് കുറക്കാൻ ഏറ്റവും മികച്ച സമയമാണിതെന്നും ട്രംപ് ഉപദേശിച്ചു. താരിഫ് തീരുമാനങ്ങളിൽ നിന്നും പിറകോട്ടില്ലെന്ന് പ്രഖ്യാപിച്ച ട്രംപ് അമേരിക്കയ്ക്ക് അതിസമ്പന്നതയിലേക്ക് നീങ്ങുന്നതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും ആഹ്വാനം ചെയ്തു.
അമേരിക്കൻ താരിഫും ഇന്ത്യൻ ജിഡിപിയും
അമേരിക്കൻ താരിഫുകൾ ഇന്ത്യയുടെ കയറ്റുമതിയിലും, അതിലൂടെ ആഭ്യന്തര ഉത്പാദനത്തിലും കുറവ് വരുത്തുമെന്ന് മോർഗൻ സ്റ്റാൻലി സൂചിപ്പിച്ചത് ഇന്ത്യൻ വിപണിയിലെ വെള്ളിയാഴ്ചത്തെ വില്പന സമ്മർദ്ദത്തിന് കാരണമായി. നടപ്പ് സാമ്പത്തിക വർഷത്തിലെ 6.5% ജിഡിപി വളർച്ച ലക്ഷ്യത്തിൽ 30-60 ബേസിസ് പോയിന്റുകളുടെ വീഴ്ചയാണ് മോർഗൻ സ്റ്റാൻലി അനുമാനിക്കുന്നത്.
എന്നാൽ ഇന്ത്യയും അമേരിക്കയും തമ്മിൽ എത്രയും പെട്ടെന്ന് കരാറുകളിൽ എത്തിച്ചേർന്നേക്കാമെന്ന പ്രതീക്ഷയിലാണ് വിപണി.
വിപണിയിൽ അടുത്ത ആഴ്ച
∙തിങ്കളാഴ്ച ആരംഭിക്കുന്ന ആർബിഐയുടെ നയാവലോകനയോഗ തീരുമാനങ്ങൾ ബുധനാഴ്ച രാവിലെ പത്ത് മണിക്ക് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും.
∙മാർച്ചിലെ ഇന്ത്യൻ സിപിഐ ഡേറ്റയും ഫെബ്രുവരിയിലെ വ്യാവസായികോല്പാദനക്കണക്കുകളും വെള്ളിയാഴ്ച വരുന്നു.
∙മഹാവീർ അവധി പ്രമാണിച്ച് ഇന്ത്യൻ വിപണിക്ക് വ്യാഴാഴ്ച അവധിയാണ്.
∙അമേരിക്കൻ ഫെഡ് റിസർവിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനുട്സ് ബുധനാഴ്ചയാണ് വരുന്നത്. വ്യാഴാഴ്ച അമേരിക്കൻ സിപിഐ ഡേറ്റ അമേരിക്കൻ വിപണിക്കൊപ്പം ലോകവിപണിയെയും സ്വാധീനിക്കും. വെള്ളിയാഴ്ച അമേരിക്കൻ പിപിഐ ഡേറ്റയും പുറത്ത് വരുന്നു.
∙വ്യാഴാഴ്ച ചൈനീസ് സിപിഐയും, വെള്ളിയാഴ്ച ജർമൻ സിപിഐയും വരുന്നു.
ഓഹരികളും സെക്ടറുകളും
∙ഗിഫ്റ്റ് നിഫ്റ്റി 22407 പോയിന്റിലേക്ക് വീണത് ഇന്ത്യൻ വിപണിക്ക് തിങ്കളാഴ്ച ക്ഷീണമായേക്കാം.
∙അമേരിക്കൻ വിപണി 2020ലെ കോവിഡ് വീഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ നഷ്ടദിനമായി വ്യാഴാഴ്ച മാറിയത് ഇന്ത്യൻ ഐടി സെക്ടറിന് വെള്ളിയാഴ്ചയും തുടർവീഴ്ച നൽകിയിരുന്നു. നാസ്ഡാക്ക് വെള്ളിയാഴ്ചയും തകർച്ച നേരിട്ടത് ഇന്ത്യൻ ഐടി ഓഹരികൾക്ക് കൂടുതൽ വിഴ്ച നൽകിയേക്കും.
∙ഇൻഫോസിസ് എഡിആർ വെള്ളിയാഴ്ച വീണ്ടും അമേരിക്കൻ വിപണിയിൽ 4.44% തകർച്ച നേരിട്ടിരുന്നു.
∙അടുത്ത ആഴ്ചകളിൽ നാലാം പാദറിസൾട്ടുകൾ പ്രഖ്യാപിക്കാനിരിക്കുന്ന ഇന്ത്യൻ ഐടിയിൽ കുറഞ്ഞ വിലകളിൽ വാങ്ങൽ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്ന സാഹചര്യം നിലനിൽക്കുന്നത്ക്ഷീണമാണ്. ഇന്ത്യൻ ഐടി കമ്പനികൾക്ക് ജെപി മോർഗൻ വളർച്ച സാധ്യത കാണുന്നില്ലെന്നും മികച്ച വിലകൾക്കായി കാത്തിരിക്കുകയാണെന്നും സൂചിപ്പിച്ചു.
∙അതെ സമയം ഇന്ത്യൻ ഐടി ഓഹരികളിൽ ദീർഘകാല ലക്ഷ്യങ്ങളോടെ നിക്ഷേപിക്കാനാണ് മാക്വറിയുടെ ഉപദേശം.
∙കോപ്പറിനും അധിക താരിഫ് പരിഗണിക്കുന്നു എന്ന സൂചന ഇന്ത്യൻ മെറ്റൽ ഓഹരികൾക്ക് വെള്ളിയാഴ്ച വലിയ തിരുത്തൽ നൽകി. സ്റ്റീൽ അതോറിറ്റി, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, വേദാന്ത, ഹിന്ദ് കോപ്പർ മുതലായ ഓഹരികളെല്ലാം 5%ൽ കൂടുതൽ നഷ്ടം നേരിട്ടു.
∙മാർച്ചിന്റെ രണ്ടാം ഭാഗത്തിൽ വിദേശഫണ്ടുകൾ നടത്തിയ വാങ്ങലിന്റെ 60%ൽ കൂടുതലും ഫിനാൻഷ്യൽ ഓഹരികളിലേക്കാണ് പോയത് എന്ന സൂചനയും, ആർബിഐ യോഗവും നടക്കാനിരിക്കുന്നതും ഫിനാൻഷ്യൽ ഓഹരികൾക്ക് കൂടുതൽ സാധ്യത നൽകുന്നു.
∙എച്ച്ഡിഎഫ്സി ബാങ്കിന്റെ മികച്ച നാലാം പാദ ലോൺ ബുക്ക് ഓഹരിക്ക് വെള്ളിയാഴ്ച മുന്നേറ്റം നടത്തി.
∙ബജാജ് ഫിനാൻസിന്റെ ലോൺ ബുക്ക് കഴിഞ്ഞ പാദത്തിൽ 26% വളർച്ച നേടിയത് ഓഹരിക്ക് വെള്ളിയാഴ്ച ഒന്നര ശതമാനം മുന്നേറ്റം നൽകി.
∙യുബിഎസ് എസ്ബിഐയുടെയും, ബാങ്ക് ഓഫ് ബറോഡയുടെയും ഗ്രേഡിങ് ഉയർത്തിയത് ഇരു ഓഹരികൾക്കും അനുകൂലമാണ്.
∙ജിയോ-ബ്ലാക്റോക്ക് മ്യൂച്വൽ ഫണ്ട് ബിസിനസിലേക്ക് അംബാനി 150 കോടി രൂപ കൂടി നിക്ഷേപം നടത്തി.
∙മാസഗോൺ ഡോക്സിന്റെ 4.83% ഓഹരികൾ കേന്ദ്ര സർക്കാർ ഓഫർ ഫോർ സെയിൽ വഴി വിറ്റഴിക്കുന്നത് വെള്ളിയാഴ്ച ഓഹരിക്ക് തിരുത്തൽ നൽകിയിരുന്നു. ഓഹരിയുടെ ഓഎഫ്എസ് അടിസ്ഥാന വില 2525 രൂപയാണ്.
അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
ഏപ്രിൽ പത്തിനാണ് ടിസിഎസിന്റെ റിസൾട്ട് വരുന്നത്. ഏപ്രിൽ പത്തിന് തന്നെയാണ് അനന്ത് രാത്തിയും റിസൾട്ട് പ്രഖ്യാപിക്കുന്നത്. ഏപ്രിൽ എട്ടിന് ട്രാൻസ്ഫോർമേഴ്സ് & റെക്റ്റിഫയേഴ്സും റിസൾട്ട് പ്രഖ്യാപിക്കുന്നു.
ഡോളർ
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 85.47/- നിരക്കിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. ഫെഡ് ചെയർമാന്റെ പ്രസ്താവനയിൽ നേരത്തെ നിശ്ചയിച്ച ഫെഡ് നിരക്ക് കുറക്കൽ ഇനിയുണ്ടായേക്കില്ല എന്ന സൂചനയാണ് ഡോളറിന് അനുകൂലമായത്.
സ്വർണം
ഫെഡ് നിരക്ക് കുറക്കൽ സാധ്യത മങ്ങിയതും, ഡോളർ മുന്നേറിയതും വെളിയാഴ്ച സ്വർണത്തിലും ലാഭമെടുക്കലിന് വഴിവെച്ചു. രാജ്യാന്തര വിപണിയിൽ സ്വർണ അവധി 2% നഷ്ടത്തിൽ 3056 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ക്രൂഡ് ഓയിൽ
ട്രംപിന്റെ താരിഫുകൾക്ക് ചൈന തിരിച്ചടിയുമായി ഇറങ്ങിയതോടെ സാമ്പത്തിക മാന്ദ്യ സൂചനയേറിയ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വെള്ളിയാഴ്ച മാത്രം 6% തകർച്ചയാണ് നേരിട്ടത്. 2021ന് ശേഷം ആദ്യമായി 65 ഡോളർ കണ്ട ബ്രെന്റ് ക്രൂഡ് ഓയിൽ 2025ൽ സമ്മർദ്ദത്തിൽ തുടരുമെന്നാണ് ജെപി മോർഗന്റെ അഭിപ്രായം. .
ബേസ് മെറ്റലുകൾ
നേരത്തെ ഒഴിവാക്കിയ കോപ്പർ കൂടി താരിഫ് ലിസ്റ്റിൽ ഉൾപെടുത്തിയേക്കുമെന്ന സൂചന ബേസ് മെറ്റലുകളുടെ തകർച്ചക്ക് കാരണമായി. അലുമിനിയത്തിനും, സ്റ്റീലിനും നേരത്തെ തന്നെ 25% തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച മാത്രം കോപ്പർ 9% വീണപ്പോൾ, വെള്ളി 7%വും, നിക്കൽ 6.6%വും, അലുമിനിയം 3%വും നഷ്ടം കുറിച്ചു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക