
ആഗോളവല്‍ക്കരണം എന്ന ആശയം തന്നെ ലോകത്തിന് പരിചയപ്പെടുത്തിയത് അമേരിക്കയാണ്. തങ്ങളുടെ വിപണിയുടെ വളര്‍ച്ച ഏതാണ്ട് പാരമ്യത്തിലെത്തിയെന്ന് ബോധ്യമായതോടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വിപണി വിപുലീകരിക്കാനുള്ള തന്ത്രമാണ് ആഗോളവല്‍ക്കരണത്തിലൂടെ അമേരിക്ക വിജയകരമായി നടപ്പിലാക്കിയത്.
ഇന്നിപ്പോള്‍ ചൈന പോലുള്ള മറ്റു പല രാജ്യങ്ങളും കൂടി ആഗോളവല്‍ക്കരണത്തിന്റെ ഗുണഭോക്താക്കളായി മാറിയതോടെ അതിനോടുള്ള `കൊതിക്കെറുവ്’ ഒരു യുഎസ് പ്രസിഡന്റ് പരസ്യമായി പ്രഖ്യാപിക്കുന്നു. അയാള്‍ ആഗോളവല്‍ക്കരണത്തിന് എതിരായി തിരിയുകയും തന്റെ രാജ്യത്തെ പഴയ കാലത്തേക്ക് തിരിച്ചു നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നത്.
ഡബ്ല്യുടിഒ, ഗാട്ട് തുടങ്ങിയവ വഴി അമേരിക്ക തന്നെ വ്യാപാര രംഗത്ത് സൃഷ്ടിച്ച ലോകക്രമമാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തികൊണ്ട് ട്രംപ് ഇപ്പോള്‍ തിരുത്താന്‍ ശ്രമിക്കുന്നത്. തന്റെ രാജ്യത്ത് ശക്തമായിരിക്കുന്ന സംരക്ഷണവാദികളുടെ തീവ്രവലതുപക്ഷ രാഷ്ട്രീയം അതിന് അയാള്‍ക്ക് തുണയേകുന്നു.
എന്നാല്‍ സ്വന്തം പോസ്റ്റിലേക്ക് തന്നെ ഗോളടിക്കുന്ന ഈ കളി, തങ്ങളുടെ തന്നെ പരാജയത്തിലേക്കാണ് നീങ്ങുന്നതെന്ന് സാമ്പത്തിക വിദഗ്ധരും ആഗോള ഗവേഷണ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിട്ടും തുടരുമ്പോള്‍ ആഗോള വ്യാപാര രംഗം പതുക്കെ നിശ്ചലമാകുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്.
ഡിമാന്റിന്റെ കടയ്ക്കൽ വച്ച കത്തി
ട്രംപ് വരുത്തിവച്ച ആശയക്കുഴപ്പവും അനിശ്ചിതത്വവും ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിയെ ബാധിച്ചുതുടങ്ങി. ഉയര്‍ന്ന തീരുവ മൂലം ഇറക്കുമതി നടത്തുന്നവര്‍ക്ക് വരുന്ന അമിത ചെലവ് ഡിമാന്റിന്റെ കടയ്ക്കലാണ് കത്തിവക്കുന്നത്. കയറ്റുമതി കുത്തനെ കുറയുന്നതോടെ വിദേശ വിപണിയെ പ്രധാനമായും ആശ്രയിക്കുന്ന മേഖലകളിലെ ഉല്‍പ്പാദനം ഗണ്യമായി കുറയുകയും തൊഴിലുകള്‍ കൊഴിഞ്ഞുപോകുകയും ചെയ്യും.
പുതിയ തീരുവകളുടെ പശ്ചാത്തലത്തില്‍ ഇറക്കുമതിക്കാരും കയറ്റുമതിക്കാരും തമ്മില്‍ ഇരുകൂട്ടര്‍ക്കും ഗുണകരമാകും വിധം ഒരു ധാരണയിലെത്തുക എളുപ്പമല്ല. പുതിയ വ്യാപാര ബന്ധങ്ങള്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയം കാണാന്‍ സമയമെടുക്കും. ചുരുക്കത്തില്‍ ആഗോള തലത്തിലുള്ള വ്യാപാരം നിശ്ചലാവസ്ഥയിലേക്ക് നീങ്ങുന്ന സ്ഥിതിയാണുള്ളത്.
ഉയര്‍ന്ന തീരുവ ആര്‍ക്കും ഗുണകരമാകുന്നില്ല എന്നതാണ് ട്രംപ് തുടങ്ങിവെച്ച ഈ തീക്കളിയുടെ ഏറ്റവും നിര്‍ഭാഗ്യകരമായ വശം. ചൈന പോലുള്ള രാജ്യങ്ങള്‍ യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തി കൊണ്ട് തിരിച്ചടിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് രാഷ്ട്രീയമായ പകവീട്ടല്‍ മാത്രമായി കലാശിക്കുകയാണ് ചെയ്യുന്നത്. സാമ്പത്തിക തലത്തില്‍ ഇറക്കുമതി ചെലവ് കൂടുന്നതിന്റെ ദോഷഫലങ്ങള്‍ ആ രാജ്യങ്ങളും നേരിടേണ്ടി വരും.
എന്തിനാണ് ട്രംപ് ഈ തീക്കളി കളിക്കുന്നത്?
അമേരിക്കയെ വീണ്ടും മഹത്തായ നിലയിലെത്തിക്കുക എന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ഈ നയം രൂപപ്പെടുത്തിയിരിക്കുന്നത് എന്നാണ് ട്രംപ് അവകാശപ്പെടുന്നതെങ്കിലും നേരേ വിപരീതമായ ഫലമാണ് അതുണ്ടാക്കുക എന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നുണ്ട്.
തീവ്രദേശീയവാദവും കുടിയേറ്റ വിരുദ്ധതയും മുഖമുദ്രയായ സംരക്ഷണ വാദികളായ തന്റെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് നിരന്തരം താന്‍ ഉയര്‍ത്തിപ്പോന്ന വാഗ്ദാനം നടപ്പിലാക്കുമ്പോള്‍ ട്രംപിന് കഴിഞ്ഞേക്കും. പക്ഷേ ഈ തീക്കളി മറ്റേത് രാജ്യത്തെയും ജനങ്ങളേക്കാള്‍ തങ്ങളെത്തന്നെയാണ് ഏറ്റവും കൂടുതല്‍ പൊള്ളിക്കുന്നതെന്ന് ആ വോട്ട്ബാങ്കും വ്യാപാരയുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങുന്നതോടെ തിരിച്ചറിയും.
അതോടെ സംരക്ഷണ വാദികളുടെ ഇപ്പോഴത്തെ രാഷ്ട്രീയ മുറവിളി അതിജീവനത്തിനുള്ള കരച്ചില് ആയി മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അപ്പോള്‍ ട്രംപ് എന്താകും ചെയ്യുക? ഈ ചോദ്യത്തിനുള്ള ഉത്തരമായിരിക്കും ഒരു പക്ഷേ നിലവിലുള്ള പ്രതിസന്ധി എപ്പോള്‍ മാറുമെന്ന ചോദ്യത്തിന് കൂടിയുള്ള ഉത്തരമാകുന്നത്.
(ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ലേഖകന്‍)