യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് സാധ്യത മങ്ങിയതോടെ മധ്യേഷ്യ കൂടുതൽ കലുഷിതമാകുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ എംബസികളും സൈനിക താവളങ്ങളും ഉന്നമിട്ടാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നതെങ്കിലും മിസൈലും ഡ്രോണുകളുമേറ്റ് എണ്ണ റിഫൈനറികളും ടാങ്കറുകളും തകരുന്നത് കടുത്ത ആശങ്കയാകുന്നു.
രാജ്യാന്തര ചരക്കുനീക്കത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിടുകകൂടി ചെയ്തതോടെ എണ്ണ, എൽഎൻജി, ഭക്ഷ്യവിലകൾ ‘റോക്കറ്റിലേറി’.
എണ്ണവില വീണ്ടും മുന്നേറ്റം തുടങ്ങിയതോടെ ഓഹരി വിപണികൾ തകർച്ചയിലായി. യുഎസിൽ മിനിയാന്ന് ‘പോസിറ്റീവ്’ ആയിരുന്ന ഓഹരി സൂചികകൾ ഇന്നലെ നിലംപൊത്തി.
ഡൗ ജോൺസ് 870 പോയിന്റ് ഇടിഞ്ഞു. നാസ്ഡാക്കും എസ് ആൻഡ് പി500 സൂചികയും 0.8% വരെ താഴ്ന്നു.
ബ്രെന്റ് ക്രൂഡ് വില ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.30 പ്രകാരം ബാരലിന് 3.75% മുന്നേറി 84.45 ഡോളറിലും യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില 6.83% കുതിച്ച് 79.76 ഡോളറിലുമെത്തി.
ഒരുവേള യുഎസ് ക്രൂഡ് വില 81 ഡോളർ കടന്നിരുന്നു; ബ്രെന്റ് 85.4 ഡോളറും. ഇതോടെയാണ് യുഎസ് ഓഹരികൾ തകർന്നത്.
യുഎസിൽ പെട്രോൾ വില 4 വർഷത്തെ ഉയരമായ 3.25 ഡോളർ ഭേദിച്ചു.
പണപ്പെരുപ്പം കത്തിക്കയറാൻ ഇതു വഴിയൊരുക്കുമെന്ന ആശങ്കയും തിരിച്ചടിയായി. ഇന്ത്യയിലടക്കം ഇന്ധനവില കൂടാനും എണ്ണവില വർധന വഴിയൊരുക്കും.
കടുത്ത സാമ്പത്തിക ആഘാതമാകും ഇതുവഴിയുണ്ടാവുക.
എൽപിജി, എൽഎൻജി, സിഎൻജി വിലകളും കത്തിക്കയറുമെന്നത് ജനങ്ങൾക്ക് ഇരുട്ടടിയാകും. ഇന്ത്യയിൽ പലയിടത്തും ക്ഷാമഭീഷണി ഉയർന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി തുടങ്ങിയിട്ടുണ്ട്.
രാജ്യത്ത് പലയിടത്തും പെട്രോൾ പമ്പുകളിൽ നീണ്ട ‘ക്യൂ’ ദൃശ്യമായിരുന്നു.
ഇറാന്റെ ‘ഹോർമുസ്’ അടയ്ക്കൽ മൂലം ഗൾഫ് എണ്ണയിനങ്ങളുടെ വിലയും കുതിച്ചു.
ഇന്ത്യ വലിയതോതിൽ വാങ്ങുന്ന യുഎഇയുടെ മർബൻ എണ്ണയുടെ വില 16% മുന്നേറി 94.48 ഡോളറായി. പ്രകൃതിവാതക (നാച്ചുറൽ ഗ്യാസ്) 2.64% ഉയർന്ന് 2.99 ഡോളറായി.
എൽഎൻജി നീക്കംചെയ്യാനുള്ള ടാങ്കർനിരക്ക് 40,000 ഡോളറിൽ നിന്ന് ഒറ്റയടിക്ക് 3 ലക്ഷം ഡോളറിലേക്ക് ഇരച്ചുകയറി.
ഇതിനിടെ ഇറാനിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് പകരം അദ്ദേഹത്തിന്റെ 56കാരനായ മകൻ മുജ്താബ ഖമനയിയെ നിയമിക്കാനുള്ള നീക്കത്തിനെതിരെ ട്രംപ് രംഗത്തുവന്നു.
‘‘ഇറാൻ ധൃതിപിടിച്ച് അടുത്ത നേതാവിനെ തിരഞ്ഞെടുക്കുകയാണ്. മുജ്താബ തന്നെയാകും പിൻഗാമി.
പക്ഷേ, ഞാനത് അംഗീകരിക്കുന്നില്ല. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ എന്റെ ഇടപെടലും വേണം.
വേനസ്വേലയിൽ അങ്ങനെയായിരുന്നു’’ – ട്രംപ് പറഞ്ഞു.
ഇറാനെതിരെ കുർദുകൾ ആക്രമണം തുടങ്ങിയത് സ്വാഗതാർഹമാണെന്ന് പറഞ്ഞ ട്രംപ്, ഹോർമുസ് തുറന്നുതന്നെ കിടക്കുമെന്നും മേഖലയിലെ കപ്പൽനീക്കത്തിന് പൂർണ സുരക്ഷ ഉറപ്പാക്കുമെന്നും പറഞ്ഞു. ഇതിനിടെ സ്വർണവില വീണ്ടും കനത്ത നഷ്ടത്തിലേക്ക് മൂക്കുകുത്തി.
കഴിഞ്ഞയാഴ്ച യുദ്ധാവേശംകൊണ്ട് ഔൺസിന് 5,400 ഡോളറിന് മുകളിലേക്ക് കയറിയ സ്വർണം ഇപ്പോൾ 5,058ലേക്ക് വീണു. കേരളത്തിൽ ഇന്നും സ്വർണവില ഇടിയുമെന്ന് ഉറപ്പായി.
എണ്ണവില കുതിക്കുകയും യുഎസിൽ ഉൾപ്പെടെ പണപ്പെരുപ്പം കുതിക്കുമെന്ന് ഏറക്കുറെ ഉറപ്പാവുകയും ചെയ്തതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.
പണപ്പെരുപ്പം കൂടുമെന്നതിനാൽ അടിസ്ഥാന പലിശനിരക്ക് സമീപകാലത്തൊന്നും ഇനി കുറയില്ലെന്നും ഉറപ്പായിട്ടുണ്ട്. ഇതോടെ യുഎസ് ഡോളർ ഇൻഡക്സ് വീണ്ടും മുന്നേറി 99ന് മുകളിലെത്തി.
യുഎസ് ട്രഷറി യീൽഡും (കടപ്പത്ര ആദായനിരക്ക്) കൂടാൻ തുടങ്ങി. സ്വർണനിക്ഷേപങ്ങൾക്ക് ആകർഷണീയത കുറയുകയും നിക്ഷേപകർ കൈവിടുകയും ചെയ്തു.
ഇതാണ് വിലയിടിവിന് കാരണം.
Updating…
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

