
രാജ്യാന്തര ക്രൂഡ് ഓയിൽ (Crude oil price) വില ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ബാരലിന് 70 ഡോളറിന് താഴേക്ക് വീണതോടെ, കുതിച്ചുകയറി ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികൾ. ബ്രെന്റ് ക്രൂഡ് വില ബാരലിന് 68.56 ഡോളറിലേക്കും ഡബ്ല്യുടിഐ ക്രൂഡ് വില 65.37 ഡോളറിലേക്കുമാണ് ഇടിഞ്ഞത്. നിലവിൽ വില ഡബ്ല്യുടിഐക്ക് 66.62 ഡോളറിലേക്കും ബ്രെന്റ് വില 69.57 ഡോളറിലേക്കും മെച്ചപ്പെട്ടിട്ടുണ്ട്. ഒരുവർഷം മുമ്പ് ബ്രെന്റ് വില 91ഡോളറും ഡബ്ല്യുടിഐ വില 87 ഡോളറുമായിരുന്നു.
ഇന്ത്യൻ ബാസ്കറ്റ് (ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നവില) നടപ്പുവർഷം (2024-25) ഏപ്രിലിൽ ശരാശരി 89 ഡോളറായിരുന്നെങ്കിൽ ഇന്നലെ 71.09 ഡോളറാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു കീഴിലെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) കണക്കുകൾ വ്യക്തമാക്കി. അതായത്, ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന വില കുറഞ്ഞു.
ക്രൂഡ് വില ഇടിഞ്ഞതിന്റെ കരുത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികളുടെയും ക്രൂഡ് ഓയിൽ അസംസ്കൃതവസ്തുമായി ഉപയോഗിക്കുന്ന പെയിന്റ് നിർമാണക്കമ്പനികളുടെയും മറ്റും ഓഹരികൾ ഇന്നു വൻതോതിൽ ഉയർന്നു. ഈ മാസം മൂന്നിന് 52-ആഴ്ചത്തെ താഴ്ചയിലായിരുന്നു മൂന്ന് പൊതുമേഖലാ എണ്ണവിതരണക്കമ്പനികളുടെയും ഓഹരിവില. ഇന്ത്യൻ ഓയിലിന്റെ ഓഹരികൾ ഇന്ന് ഒരുഘട്ടത്തിൽ 126.88 രൂപവരെയെത്തി. വ്യാപാരം അവസാനിപ്പിച്ചത് 2.65% നേട്ടവുമായി 125.49 രൂപയിൽ. മാർച്ച് മൂന്നിന് വില 52-ആഴ്ചത്തെ താഴ്ചയായ 110.72 രൂപയായിരുന്നു.
മാർച്ച് മൂന്നിലെ 234.01 രൂപയിൽ നിന്ന് ബിപിസിഎൽ ഓഹരിവില ഇന്ന് 265.95 രൂപവരെ ഉയർന്നു. ഇന്നത്തെ മാത്രം കുതിപ്പ് 4 ശതമാനത്തിലധികം. വ്യാപാരാന്ത്യത്തിൽ ഓഹരിയുള്ളത് 3.56% നേട്ടവുമായി 264.96 രൂപയിൽ. ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) ഓഹരികളും ഇന്ന് 52-ആഴ്ചത്തെ താഴ്ചയായ 287.55 രൂപയിൽ നിന്ന് 342.40 രൂപവരെ എത്തി. ഇന്നത്തെ നേട്ടം 4 ശതമാനത്തിനു മുകളിലായിരുന്നു. 3.71% ഉയർന്ന് 338.25 രൂപയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഏഷ്യൻ പെയിന്റ്സ് (4.75%), വരുമാനത്തിന്റെ മുഖ്യപങ്കും ഇന്ധനം വാങ്ങാൻ ചെലവിടുന്ന വിമാനക്കമ്പനികളായ സ്പൈസ് ജെറ്റ് (2.3%), ഇൻഡർഗ്ലോബ് ഏവിയേഷൻ (ഇൻഡിഗോ,1.5%) തുടങ്ങിയവയും ഇന്നു നേട്ടമുണ്ടാക്കി.
എന്തുകൊണ്ട് ക്രൂഡ് വില താഴുന്നു?
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തുകയും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ വൈകാതെ ‘തിരിച്ചടി തീരുവ’ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ ആഗോള വ്യാപാരയുദ്ധം കലുഷിതമാകുമെന്ന് ഏറക്കുറെ ഉറപ്പായി. യുഎസ് ഉൽപന്നങ്ങൾക്കുമേൽ കനത്ത ഇറക്കുമതി തീരുവ ഈടാക്കുന്ന രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുകയാണ് ‘തിരിച്ചടി തീരുവ’യിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.
ട്രംപിന്റെ നീക്കം രാജ്യങ്ങളുടെ സാമ്പത്തിക സന്തുലിതാവസ്ഥയുടെ താളംതെറ്റിക്കുമെന്നും ആഗോള സാമ്പത്തിക വളർച്ചയെ പിന്നോട്ടടിക്കുമെന്നുമുള്ള വിലയിരുത്തലുകളുണ്ട്. ഇത് ക്രൂഡ് ഓയിൽ ഡിമാൻഡിനെ ബാധിക്കും. മാത്രമല്ല, ഉൽപാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാനുള്ള സൗദി അറേബ്യ, റഷ്യ, യുഎഇ, ഇറാക്ക്, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ തീരുമാനം മൂലം ഡിമാൻഡിൽ കവിഞ്ഞ അളവിൽ ക്രൂഡ് ഓയിൽ വിപണിയിൽ എത്തുമെന്ന വിലയിരുത്തലും വിലയിടിവിന് വഴിവച്ചു.
എന്തുകൊണ്ട് ഓഹരിക്കുതിപ്പ്?
ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും പുറത്തുനിന്ന് വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം ഇറക്കുമതിച്ചെലവിൽ മുന്തിയപങ്കും ഉപയോഗിക്കുന്നതും ക്രൂഡ് ഓയിൽ വാങ്ങാനാണ്. വില കുറഞ്ഞതോടെ, ഇറക്കുമതിച്ചെലവും അതുവഴി ഉൽപാദനച്ചെലവും കുറയുമെന്നതാണ് എണ്ണവിതരണക്കമ്പനികളുടെയും പെയിന്റ് നിർമാതാക്കളുടെയും ഓഹരിവില കുതിക്കാൻ വഴിയൊരുക്കിയത്.
ഉദാഹരണത്തിന്, ഇക്കഴിഞ്ഞ ഒക്ടോബർ-ഡിസംബർ പാദത്തിൽ ഒരു ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതിചെയ്ത് സംസ്കരിച്ച് പെട്രോൾ, ഡീസൽ തുടങ്ങിയവയാക്കി വിൽക്കുന്നതു വഴി ഇന്ത്യൻ ഓയിൽ നേടിയ നേട്ടം (ജിആർഎം) 3.69 ഡോളർ ആയിരുന്നു. മുൻവർഷത്തെ സമാനപാദത്തിൽ ഇതു 13.26 ഡോളറായിരുന്നു. നിലവിൽ ക്രൂഡ് വില കുറഞ്ഞതോടെ, ജിആർഎം മെച്ചപ്പെടുത്താൻ എണ്ണക്കമ്പനികൾക്ക് കഴിയും. ഇത്, മികച്ച ലാഭവും വരുമാനവും നേടാനും സഹായിക്കും.
കുറയുമോ പെട്രോൾ, ഡീസൽ വില?
കഴിഞ്ഞ ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പും കേന്ദ്രം പെട്രോൾ, ഡീസൽ വില കുറയ്ക്കാനുള്ള നടപടിയെടുത്തേക്കുമെന്ന് കരുതിയിരുന്നെങ്കിലും ഉണ്ടായില്ല. അവസാനമായി പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായത് കഴിഞ്ഞ ഒക്ടോബർ 30നാണ്.
പെട്രോൾ പമ്പുടമകൾക്ക് നൽകുന്ന ഡീലർ കമ്മിഷൻ ഉയർത്തുകയും രാജ്യത്തെ ഉൾപ്രദേശങ്ങളിലേക്ക് ഇന്ധനമെത്തിക്കാനുള്ള സംസ്ഥാനാന്തര ചരക്കുനീക്ക ഫീസ് പരിഷ്കരിക്കുകയും ചെയ്ത എണ്ണക്കമ്പനികളുടെ നടപടിയിലൂടെയാണ് അന്നു വില മാറിയത്. കേരളത്തിൽ ചിലയിടങ്ങളിൽ വില കൂടുകയും ചിലയിടത്ത് കുറയുകയും ചെയ്തു. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 107.56 രൂപയായിരുന്നത് 107.48 രൂപയായി കുറഞ്ഞു. ഡീസൽ വില 96.43 രൂപയിൽ നിന്ന് 96.48 രൂപയായി ഉയർന്നു. കൊച്ചിയിൽ പെട്രോളിന് 105.57 രൂപയിൽ നിന്ന് 105.49 രൂപയിലേക്കും ഡീസലിന് 94.50 രൂപയിൽ നിന്ന് 94.43 രൂപയിലേക്കും വില കുറഞ്ഞു.
നികുതിഭാരവും ലാഭവും
നിലവിൽ പെട്രോളിന് ലിറ്ററിന് 19.9 രൂപയും ഡീസലിന് 15.8 രൂപയും കേന്ദ്രം എക്സൈസ് നികുതി ഈടാക്കുന്നുണ്ട്. സംസ്ഥാന സർക്കാർ ഈടാക്കുന്ന നികുതി കൂടിച്ചേരുമ്പോൾ പെട്രോൾ, ഡീസൽ വിലയിൽ ഏതാണ്ട് 37-38 ശതമാനവും നികുതിയാണ്.
കേന്ദ്ര സർക്കാരിൽ നിന്ന് സമ്മർദമുണ്ടാവുകയോ കേന്ദ്രമോ സംസ്ഥാന സർക്കാരോ നികുതി കുറയ്ക്കുകയോ ചെയ്താലേ ഇന്ധനവില കുറയാൻ സാധ്യതയുള്ളൂ. റേറ്റിങ് ഏജൻസിയായ ഇക്രയുടെ (Icra) കഴിഞ്ഞ സെപ്റ്റംബറിലെ കണക്കുപ്രകാരം പൊതുമേഖലാ എണ്ണക്കമ്പനികൾ ഓരോ ലിറ്റർ പെട്രോൾ വിൽക്കുമ്പോളും നേടിയിരുന്ന ലാഭം 15 രൂപയായിരുന്നു; ഡീസലിന് 12 രൂപയും. ആ മാസം ശരാശരി ക്രൂഡ് ഓയിൽ വില 74 ഡോളർ. ഇപ്പോൾ 70 ഡോളറിന് താഴെയും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]