
അർജന്റീന, ബ്രസീൽ, കൊളംബിയ, വെനസ്വേല… പറഞ്ഞുവരുന്നത് ഫുട്ബോളിനെ കുറിച്ചല്ല. ക്രൂഡ് ഓയിലിന്റെ കാര്യമാണ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ബുദ്ധിമുട്ടേറിയതായതോടെ, ഇന്ത്യൻ കമ്പനികൾ കണ്ടെത്തിയ പുത്തൻ സ്രോതസ്സുകളാണ് മേൽപ്പറഞ്ഞ രാജ്യങ്ങൾ. റഷ്യക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ അധിക ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യയുടെ ക്രൂഡ് ഓയിൽ വാങ്ങുന്നത് കഴിഞ്ഞമാസം ഇന്ത്യ വൻതോതിൽ വെട്ടിക്കുറച്ചു.
പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നിവയാണ് റഷ്യൻ എണ്ണയോടുള്ള താൽപര്യം കുറച്ചതും പകരം ഇറാക്ക് ഉൾപ്പെടെയുള്ള രാജ്യങ്ങളെ കൂടുതലായി ആശ്രയിച്ചതും. ജനുവരിയിൽ റഷ്യൻ എണ്ണ ഇറക്കുമതി മുൻമാസത്തേക്കാൾ 13% ഉയർന്ന് പ്രതിദിനം 16.7 ലക്ഷം ബാരൽ ആയിരുന്നു. ഫെബ്രുവരിയിൽ ഇതുപക്ഷേ, 11% ഇടിഞ്ഞ് പ്രതിദിനം 14.8 ലക്ഷം ബാരൽ ആയെന്ന് വിപണി ഗവേഷകരായ കെപ്ലർ (Kpler) വ്യക്തമാക്കി.
ജനുവരി 10നാണ് ജോ ബൈഡൻ ഭരണകൂടം രണ്ട് റഷ്യൻ എണ്ണക്കമ്പനികൾക്കും 180 ടാങ്കറുകൾക്കുംമേൽ അധിക ഉപരോധം ഏർപ്പെടുത്തിയത്. എണ്ണ വാങ്ങുന്നതിന്റെ പണമിടപാടുകൾക്കും ഉപരോധം ബാധകമായിരുന്നു. ഫലത്തിൽ, റഷ്യൻ എണ്ണക്കമ്പനികളുമായുള്ള ഇടപാടുകൾ പ്രയാസകരമാവുകയും ടാങ്കറുകളുടെ ലഭ്യതക്കുറവും ഇന്ത്യൻ എണ്ണക്കമ്പനികളെ ബദൽവഴി തേടാൻ നിർബന്ധിതരാക്കി.
കൂടുതൽ നേട്ടം ഇറാക്കിന്
റഷ്യൻ എണ്ണ ഇറക്കുമതിയിലെ കുറവുനികത്താൻ ഇന്ത്യ കൂടുതലായി കഴിഞ്ഞമാസം ആശ്രയിച്ചത് ഇറാക്കിനെ. ജനുവരിയിലെ പ്രതിദിനം 10.2 ലക്ഷം ബാരൽ എന്നതിൽ നിന്ന് കഴിഞ്ഞമാസത്തെ ഇറക്കുമതി 6% ഉയർന്ന് പ്രതിദിനം 10.8 ലക്ഷം ബാരലായി. സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി 7.23 ലക്ഷം ബാരലിൽ നിന്ന് പ്രതിദിനം 7 ലക്ഷം ബാരലായി കുറഞ്ഞു; ഇടിവ് 3%. യുഎസിൽ നിന്നുള്ള ഇറക്കുമതിയിൽ 50 ശതമാനവും ഇടിവുണ്ടായി.
യുദ്ധവും ഡിസ്കൗണ്ടും
റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യക്കുമേൽ യുഎസും യൂറോപ്യൻ യൂണിയനും ഉപരോധം ഏർപ്പെടുത്തുകയും റഷ്യൻ എണ്ണ വാങ്ങുന്നത് യൂറോപ്യൻ രാഷ്ട്രങ്ങൾ നിർത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തതോടെ, ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുത്തനെ കൂടുകയും റഷ്യ ഒന്നാംസ്ഥാനം നേടുകയും ചെയ്തിരുന്നു. ബാരലിന് വിപണിവിലയേക്കാൾ വൻതോതിൽ ഡിസ്കൗണ്ട് നൽകി ഇന്ത്യൻ കമ്പനികളെ റഷ്യ ആകർഷിച്ചു. യുദ്ധത്തിന് മുമ്പ് ഒരു ശതമാനത്തിലും താഴെയായിരുന്നു ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം. യുദ്ധാനന്തരം അത് 40 ശതമാനം വരെയെത്തി.
ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ മൊത്തം ഇറക്കുമതിച്ചെലവിൽ മുഖ്യപങ്കും ഉപയോഗിക്കുന്നതും ക്രൂഡ് ഓയിൽ വാങ്ങാനാണ്. റഷ്യൻ എണ്ണയ്ക്ക് ഡിസ്കൗണ്ട് ലഭിച്ചതോടെ, ഇറക്കുമതിച്ചെലവും ആനുപാതികമായി വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികളും കുറയ്ക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു.
പുതിയ പങ്കാളികളെ തേടി
ഫെബ്രുവരിയിൽ ആകെ 48.2 ലക്ഷം ബാരൽ വീതം ക്രൂഡ് ഓയിലാണ് ഇന്ത്യ പ്രതിദിനം ഇറക്കുമതി ചെയ്തത്. ജനുവരിയിൽ പ്രതിദിനം 50 ലക്ഷം ബാരൽ വീതമായിരുന്നു. ഫെബ്രുവരിയിൽ പക്ഷേ, ദിനങ്ങളുടെ എണ്ണം കുറവായിരുന്നതാണ് ഇറക്കുമതിക്കണക്കും കുറഞ്ഞുനിൽക്കാൻ കാരണം.
ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ഒപെക്, റഷ്യ, അമേരിക്ക എന്നീ പരമ്പരാഗത സ്രോതസ്സുകൾക്ക് പകരം പുതിയ പങ്കാളികളെ തേടുന്നുണ്ട് ഇന്ത്യ.
നൈജീരിയ, ബ്രസീൽ, വെനസ്വേല, അർജന്റീന, ഖത്തർ, അംഗോള, കൊളംബിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങിയിരുന്നു. ആദ്യമായാണ് അർജന്റീനയുടെ എണ്ണ ഇന്ത്യയിലെത്തിയത്; ഇറക്കുമതി ചെയ്തത് ബിപിസിഎൽ. 40 രാജ്യങ്ങളിൽ നിന്ന് നിലവിൽ ഇന്ത്യൻ കമ്പനികൾ ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]