
കേരളത്തിൽ സ്വർണത്തിന് (Kerala gold price) ഇന്നു മികച്ച വിലക്കുറവ്. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ ചെയർമാനായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഗ്രാമിന് ഇന്ന് 45 രൂപ കുറഞ്ഞ് 8,020 രൂപയായി. 360 രൂപ താഴ്ന്ന് 64,160 രൂപയാണ് പവൻ വില. 35 രൂപ കുറഞ്ഞ് 18 കാരറ്റ് സ്വർണവില ഗ്രാമിന് 6,610 രൂപയായി. അതേസമയം, വെള്ളിവില ഗ്രാമിന് രണ്ടുരൂപ കുതിച്ച് 108 രൂപയിലെത്തി.
എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയുടെ നിർണയപ്രകാരം ഇന്നു സ്വർണവില കൂടുകയാണുണ്ടായത്. ഗ്രാമിന് 10 രൂപ ഉയർന്ന് 8,060 രൂപയായപ്പോൾ പവന് 80 രൂപ വർധിച്ച് 64,480 രൂപയായി. ഗ്രാമിന് 5 രൂപ ഉയർന്ന് 6,635 രൂപയാണ് 18 കാരറ്റിനു വില. വെള്ളിവില ഗ്രാമിന് 106 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
എന്തുകൊണ്ട് ഇന്നും വെവ്വേറെ വില?
സംസ്ഥാനത്ത് സ്വർണത്തിന് ഓരോ ജ്വല്ലറി ഷോറൂമിലും വെവ്വേറെ വിലയാണെന്നത് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ആശയക്കുഴപ്പമാണ്. ചിലർ ബോംബെ വിപണിയിലെ റേറ്റ് പ്രകാരവും ചിലർ സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ റേറ്റ് പ്രകാരവും വില നിർണയിക്കുന്നതാണ് ഈ വ്യത്യാസത്തിനു കാരണം. വ്യാപാരികൾക്കിടയിൽ ചർച്ചകൾ നടക്കുകയാണെന്നും വൈകാതെ ഏകീകൃതവില നിർണയ മാനദണ്ഡം നടപ്പാകുമെന്നും എകെജിഎസ്എംഎ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര മനോരമ ഓൺലൈനിനോട് പറഞ്ഞു.
അതേസമയം, സ്വർണത്തിന്റെ പരിശുദ്ധി അടിസ്ഥാനമാക്കിയുള്ള 93% എന്ന മാനദണ്ഡപ്രകാരമാണ് ഇന്നു വില നിശ്ചയിച്ചതെന്ന് എസ്. അബ്ദുൽ നാസർ വ്യക്തമാക്കി. രാജ്യാന്തരവിലയിൽ ഔൺസിന് 10 ഡോളറിന്റെ വർധനയുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യവും മെച്ചപ്പെട്ടു. രാജ്യാന്തരവില 10 ഡോളർ കൂടിയാൽ സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് 20 രൂപ കൂടണം. എന്നാൽ, രൂപ മെച്ചപ്പെട്ടതിനാൽ 10 രൂപയാണ് കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
സ്വർണാഭരണം വാങ്ങുമ്പോൾ അടിസ്ഥാന വിലയ്ക്ക് പുറമേ ജിഎസ്ടി (3%), ഹോൾമാർക്ക് ഫീസ് (53.10 രൂപ), പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഫെബ്രുവരി 25ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,075 രൂപയും പവന് 64,600 രൂപയുമാണ് കേരളത്തിൽ സ്വർണവിലയുടെ സർവകാല റെക്കോർഡ്.
ഡോളർ വീഴുന്നു, സ്വർണം ഉയരുന്നു
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 107-108 നിലവാരത്തിൽ നിന്ന് നിലവിൽ 104 നിലവാരത്തിലേക്ക് ഇടിഞ്ഞത് സ്വർണത്തിനു ഡിമാൻഡും വിലയും കൂടാൻ ഇടയാക്കി. രാജ്യാന്തര സ്വർണവ്യാപാരം നടക്കുന്നത് ഡോളറിലാണെന്നിരിക്കെ, ഡോളർ ക്ഷീണിച്ചത് സ്വർണ ഡിമാൻഡിനെ ഉഷാറാക്കുകയായിരുന്നു. രാജ്യാന്തരവില ഔൺസിന് 2,926-2,930 ഡോളർ നിലവാരത്തിലേക്ക് ഉയർന്നെങ്കിലും പിന്നീട് 2,917 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. ഫെബ്രുവരിയിൽ കുറിച്ച 2,956 ഡോളറാണ് റെക്കോർഡ്.
ട്രംപിന്റെ താരിഫ് നിലപാടുകൾ ആഗോള വ്യാപാരയുദ്ധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഇറക്കുമതി തീരുവ കൂട്ടിയ ട്രംപിന്റെ നയം അമേരിക്കയിൽ പണപ്പെരുപ്പം കുത്തനെ കൂടാനിടയാക്കിയേക്കുമെന്ന വിലയിരുത്തലും ശക്തം. യുഎസ് സമ്പദ്വ്യവസ്ഥ വീണ്ടും മാന്ദ്യത്തിന്റെ സൂചന നൽകിത്തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച പുറത്തുവരുന്ന തൊഴിൽക്കണക്കുകളിലേക്കാണ് ഇപ്പോൾ ഏവരുടെയും ഉറ്റുനോട്ടം. കണക്കുകൾ നിരാശപ്പെടുത്തിയാൽ സ്വർണവില കൂടുതൽ ഉയർന്നേക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]