ഇറാനെ ആക്രമിക്കാനുള്ള തയാറെടുപ്പിലാണോ അമേരിക്ക? ഒമാനിൽ സമാധാന ചർച്ച നടക്കാനിരിക്കേ, ഇറാനിലുള്ള യുഎസ് പൗരന്മാരോട് എത്രയുംപെട്ടെന്ന് രാജ്യം വിട്ടുപോകാൻ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ആവശ്യപ്പെട്ടതെന്തിന്? ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാനും പറഞ്ഞതെന്തിന്? യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജേഡ് കഷ്നർ എന്നിവരാണ് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘവുമായി ചർച്ച നടത്തുക.
കഴിഞ്ഞവർഷം ഇസ്രയേലും അമേരിക്കയും ഇറാനുമേൽ ആക്രമണം നടത്തിയശേഷം ഇതാദ്യമായാണ് അമേരിക്കൻ, ഇറാൻ പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടക്കുന്നത്. ചർച്ചയിൽ സമവായമായില്ലെങ്കിൽ ഇറാനിയൻ പരമോന്നത നേതാവ് അലി ഖമനയി ദുഃഖിക്കേണ്ടിവരുമെന്ന് കഴിഞ്ഞദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ആണവപദ്ധതിക്കായുള്ള യുറേനിയം ശേഖരം നശിപ്പിക്കുക, ബാലിസ്റ്റിക് മിസൈലൽ പദ്ധതികൾ ഉപേക്ഷിക്കുക, മധ്യേഷ്യയിലെ ഭീകരവാദ സംഘടനകളെ സഹായിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അമേരിക്ക ഇറാനുമുന്നിൽ വച്ചിരിക്കുന്നത്.
എന്നാൽ, അമേരിക്കയുടേത് ഇറാന്റെ പരമാധികാരത്തിനുമേൽ കടന്നുകയറാനുള്ള ശ്രമമാണെന്നാണ് ഇറാനിയൻ ഭരണകൂടം പ്രതികരിച്ചത്. അമേരിക്ക ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും മധ്യേഷ്യയാകെ യുദ്ധകലുഷിതമാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനും അമേരിക്കയും പരസ്പരം അവിശ്വാസം വച്ചുപുലർത്തുന്നത് സമാധാന ചർച്ചയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
ഇറാനുമേൽ അമേരിക്ക വൈകാതെ വെനസ്വേലൻ മോഡൽ ആക്രമണത്തിന് മുതിർന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നു. സമ്പൂർണ യുദ്ധത്തിലേക്ക് കടക്കാതെ, ഇറാനിയൻ നേതാക്കളെ മാത്രം ഉന്നമിട്ടുള്ള ആക്രമണമായിരിക്കാം അമേരിക്ക ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, സമാധാന ചർച്ച ആദ്യം നടക്കേണ്ടിയിരുന്നത് തുർക്കിയിലായിരുന്നു.
ടർക്കിഷ് സർക്കാർ മധ്യസ്ഥത വഹിക്കാമെന്നും തീരുമാനിച്ചിരുന്നു. എന്നാൽ, അതുവേണ്ടെന്നും ചർച്ച ഒമാനിൽ മതിയെന്നും ഇറാൻ ആവശ്യപ്പെടുകയായിരുന്നു.
തുർക്കിയിലെ ചർച്ചയിൽ സൗദി അറേബ്യ, ഖത്തർ, ഈജിപ്റ്റ് എന്നിവയുടെ പ്രതിനിധികളും സംബന്ധിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെ ഇറാൻ എതിർത്തു.
ചർച്ച ഒമാനിൽ നടത്താമെന്നും ഇറാൻ, അമേരിക്ക പ്രതിനിധികൾ മാത്രം പങ്കെടുത്താൽ മതിയെന്നും ഇറാൻ നിലപാട് എടുക്കുകയായിരുന്നു.
ചർച്ചയിൽ സമവായ സാധ്യത വിരളമായതിനാൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില വീണ്ടും കൂടിത്തുടങ്ങി. സംഘർഷമുണ്ടായാൽ അതു ഗൾഫ് എണ്ണയുടെ ഉൽപാദനത്തെയും വിതരണത്തെയും ബാധിക്കുമെന്ന ആശങ്കയാണ് കാരണം.
മധ്യേഷ്യയിൽ നിന്നുള്ള എണ്ണവിതരണത്തിന്റെ മുഖ്യപങ്കും നടക്കുന്നത് ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാനാകട്ടെ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിലെ അംഗവുമാണ്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.29% തിരിച്ചുകയറി 68.36 ഡോളറിലെത്തി. 1.31% നേട്ടവുമായി ഡബ്ല്യുടിഐ ക്രൂഡ് വില 64.12 ഡോളറുമായിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

