സ്വന്തം രാജ്യത്തെ പ്രസിഡന്റിനെ അമേരിക്കൻ സൈന്യം പിടികൂടി ജയിലിലാക്കിയത് ആഘോഷമാക്കി വെനസ്വേലൻ ഓഹരി വിപണി. കാരക്കസ് സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ ബിവിസി ഇന്നലെ 17 ശതമാനമാണ് മുന്നേറിയത്.
367 പോയിന്റ് നേട്ടവുമായി സൂചിക 2,598ൽ വ്യാപാരവും അവസാനിപ്പിച്ചു. കഴിഞ്ഞ ഒരുവർഷത്തിനിടെയുള്ള ഏറ്റവും വലിയ നേട്ടമാണിത്.
കഴിഞ്ഞ വാരാന്ത്യമാണ് കാരക്കസിലെത്തിയ യുഎസ് സൈന്യം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടുകയും ന്യൂയോർക്കിലേക്ക് കൊണ്ടുപോവുകയും ചെയ്തത്.
മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റംചാർത്തി ട്രംപ് ഭരണകൂടം മഡുറോയെ ജയിലിലുമടച്ചു.
വെനസ്വേലയുടെ ഭരണനിയന്ത്രണം ഇനി പരോക്ഷമായി അമേരിക്ക കൈകാര്യം ചെയ്യുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഓഹരി വിപണിയുടെ കുതിപ്പ്. അമേരിക്ക ഇടപെടുന്നതോടെ വെനസ്വേലയ്ക്കു മേലുള്ള ഉപരോധങ്ങളെല്ലാം നീങ്ങുമെന്നാണ് പ്രതീക്ഷ.
ഉപരോധം മൂലം തരിപ്പണമായ എണ്ണവിപണി വീണ്ടും സജീവമാകുന്നത് വെനസ്വേലയുടെ സാമ്പത്തിക തലവരതന്നെ മാറ്റിയെഴുതും.
ലോകത്ത് ഏറ്റവും വലിയ ക്രൂഡ് ഓയിൽ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. വെള്ളി ഉൾപ്പെടെ ലോഹങ്ങളുടെ സമ്പത്തും ധാരാളം.
യുഎസ് സൈന്യം മഡുറോയെ തേടി കാരക്കസിൽ എത്തുംമുൻപ് ചൈനീസ് ചരക്കുവിമാനങ്ങൾ ടൺ കണക്കിന് വെള്ളിയുമായി വെനസ്വേലയിൽ നിന്ന് പറന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
യുഎസ് എണ്ണക്കമ്പനികൾ വെനസ്വേലൻ എണ്ണവിപണിയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നും ബില്യൻ കണക്കിന് ഡോളർ നിക്ഷേപിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതും ഓഹരി വിപണിയുടെ മുന്നേറ്റത്തിനൊരു ഉത്തേജകമായി.
1947ൽ സ്ഥാപിതമായതാണ് ബോൽസ ഡി വലോറെസ് ഡി കാരക്കാസ് (ബിവിസി) എന്ന വെനസ്വേലൻ ഓഹരി വിപണി. തക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ ഓഹരി വിപണിയാണിത്.
വെറും 15 കമ്പനികളേയുള്ളൂ.
കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് ഒരുദിവസം ബിവിസിയിൽ വ്യാപാരം ചെയ്യുന്ന ഓഹരികളുടെ മൂല്യം 10 ലക്ഷം ഡോളറിൽ (ഏകദേശം 9 കോടി രൂപ) താഴെ മാത്രം. എന്നാല്‍ മഡുറോ ഭരണം അവസാനിച്ചതോടെ സാമ്പത്തിക പ്രതിസന്ധികൾ അവസാനിക്കുമെന്ന പ്രതീക്ഷയിൽ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോളസ് ഡി വെനസ്വേലയും (പിഡിവിഎസ്എ) നേട്ടമുണ്ടാക്കി.
കടബാധ്യത കുറയ്ക്കാനായാൽ പുതിയ നിക്ഷേപമെത്തുമെന്നും പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ.
വെനസ്വേലയുടെ കടബാധ്യത പരിഹരിക്കുന്നത് എളുപ്പമല്ലെന്നാണ് വിലയിരുത്തലുകൾ. കടപ്പത്രങ്ങളുടെ തിരിച്ചടവും വിവിധ രാജ്യങ്ങൾക്കും കമ്പനികൾക്കും തിരികെ നൽകാനുള്ളതുമായി വെനസ്വേല 154 ബില്യൻ ഡോളർ (13.87 ലക്ഷം കോടി രൂപ) എങ്കിലും കണ്ടെത്തേണ്ടതുണ്ട്.
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ കമ്പനികൾക്കും ഒരു ബില്യൻ ഡോളറോളം തിരികെ കിട്ടാനുണ്ട്.
യുഎസ് ഇടപെടലിൽ വെനസ്വേലയിൽ ഭരണംമാറുന്നതോടെ വിദേശ നിക്ഷേപകർക്ക് വലിയ അവസരങ്ങൾ തുറക്കുമെന്നും കരുതുന്നു. വെനസ്വേലയില്‍ 500–750 ബില്യൻ ഡോളറിന്റെ നിക്ഷേപ അവസരങ്ങള്‍ തുറക്കുമെന്നാണ് (67.63 ലക്ഷം കോടി രൂപ) അമേരിക്കൻ കൺസൽട്ടിങ് സ്ഥാപനങ്ങളുടെ വിലയിരുത്തൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

