അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾക്കെതിരായ ജനവികാരമാണ് അടുത്തിടെ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ഇറക്കുമതി തീരുവ വർധിപ്പിച്ചതും സമ്പന്നർക്ക് മാത്രം പ്രയോജനം ലഭിക്കുന്ന തരത്തിലുള്ള നികുതിയിളവുകളും സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്ന വിലയിരുത്തലുകൾ ശക്തമാണ്.
തിരഞ്ഞെടുപ്പ് ഫലം തന്റെ നയങ്ങൾക്കുള്ള തിരിച്ചടിയാണെന്ന് തിരിച്ചറിഞ്ഞ ഡോണൾഡ് ട്രംപ്, “ജീവിതച്ചെലവിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമായെന്ന്” പ്രതികരിക്കുകയും ചെയ്തു.
വിലക്കയറ്റത്തിന്റെ പ്രതിസന്ധികൾ
ഇറക്കുമതി ഉൽപന്നങ്ങൾക്ക് ചുമത്തിയ ഉയർന്ന നികുതി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാൻ കാരണമായി. തദ്ദേശീയ ഉൽപാദനം വർധിപ്പിക്കുമെന്ന വാഗ്ദാനത്തോടെ നടപ്പിലാക്കിയ ഈ പരിഷ്കാരങ്ങൾ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറി.
ബീഫ്, കോഫി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ മുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, വാഹന ഘടകങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുടെയെല്ലാം വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്ധനവിലയും കൃഷിമേഖലയും
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അമേരിക്കയിലെ ഇന്ധനവിലയെ രൂക്ഷമായി ബാധിച്ചു.
ഡീസൽ വില 6.52 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലെത്തിയത് ഗതാഗതച്ചെലവ് വർധിപ്പിക്കുകയും കൃഷിമേഖലയ്ക്ക് കനത്ത ആഘാതം ഏൽപ്പിക്കുകയും ചെയ്തു. അമേരിക്കൻ നയങ്ങൾക്ക് തിരിച്ചടിയായി മറ്റ് രാജ്യങ്ങൾ സോയാബീൻ, പന്നിയിറച്ചി തുടങ്ങിയ ഉൽപന്നങ്ങൾക്ക് നികുതി വർധിപ്പിച്ചത് കർഷകർക്കും കയറ്റുമതിക്കാർക്കും വലിയ നഷ്ടമുണ്ടാക്കി.
സാമ്പത്തിക അസമത്വവും പണപ്പെരുപ്പവും
കോർപറേറ്റ് നികുതി കുറച്ചതും വരുമാനത്തിലുണ്ടായ ഇടിവും ദേശീയ കടം വർധിക്കാൻ വഴിയൊരുക്കി. നികുതിയിളവുകളുടെ ആനുകൂല്യങ്ങൾ വൻകിട
കമ്പനികളിലും സമ്പന്നരിലും മാത്രമായി ഒതുങ്ങിയത് വരുമാന അസമത്വം വർധിപ്പിച്ചു. ട്രംപ് ഭരണകൂടം അധികാരമേൽക്കുമ്പോൾ 3 ശതമാനമായിരുന്ന പണപ്പെരുപ്പം 3.7 ശതമാനമായി ഉയർന്നതും ജനങ്ങളിൽ അതൃപ്തിയുണ്ടാക്കി.
പലിശ നിരക്കിലെ വർധന
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചത് ഭവനവായ്പകൾ ഉൾപ്പെടെയുള്ള എല്ലാ വായ്പകളുടെയും തിരിച്ചടവ് ഭാരം കൂട്ടി. ഇതോടെ ഭവന വാടകയും കുതിച്ചുയർന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലെ അമിതമായ നിക്ഷേപം വളർച്ചാ നിരക്കിനെ സഹായിച്ചെങ്കിലും, ഈ മേഖലയിലൂന്നിയുള്ള ഭരണകൂടത്തിന്റെ വികസന നയങ്ങൾ ജനഹിതത്തിന് വിരുദ്ധമായാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

