ന്യൂഡൽഹി ∙ രാജ്യത്തെ ബാങ്കുകൾ, പെൻഷൻ, ഓഹരി, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് എന്നിവയിലായി അവകാശികളില്ലാതെ 1.82 ലക്ഷം കോടി രൂപയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് അവകാശികൾക്ക് തിരികെ നൽകാനായി 3 മാസം നീളുന്ന ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന ബോധവൽക്കരണ പരിപാടിക്ക് ധനമന്ത്രാലയം തുടക്കംകുറിച്ചു.
പണം അവകാശികൾക്കു തിരികെ നൽകുന്നതിന് രാജ്യവ്യാപകമായി ക്യാംപുകൾ അടക്കം നടത്താനും ആലോചനയുണ്ട്.
‘1.82 ലക്ഷം കോടി രൂപയും സർക്കാരിന്റെ പക്കൽ സുരക്ഷിതമാണ്. കൃത്യമായ രേഖകളുമായി വന്നാൽ ആ നിമിഷം നിങ്ങൾക്കു പണം ലഭിക്കും.’– ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
ഇത്രയും വലിയ തുക മടക്കിനൽകുന്നതുവഴി സാമ്പത്തിക മേഖലയിൽ കേന്ദ്രം ഉണർവ് പ്രതീക്ഷിക്കുന്നുമുണ്ട്.
ബാങ്കുകളിൽ മാത്രം 75,000 കോടി
2025 ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് അവകാശികളില്ലാത്ത 75,000 കോടി രൂപയാണ് ബാങ്കുകൾ റിസർവ് ബാങ്കിന്റെ പ്രത്യേക ഫണ്ടിലേക്ക് മാറ്റിയത്. 10 വർഷത്തിലേറെയായി അവകാശികളില്ലാത്ത നിക്ഷേപങ്ങളാണ് ഇങ്ങനെ മാറ്റാറുള്ളത്.
ഡിവിഡൻഡ് ക്ലെയിം ചെയ്യാത്തതിനാൽ 90,000 കോടി രൂപ മൂല്യമുള്ള 172 കോടി ഓഹരികളും അവകാശികളെ കാത്തിരിക്കുന്നു. ഇൻഷുറൻസ് കമ്പനികളിൽ 14,000 കോടി രൂപയാണ് ക്ലെയിം ചെയ്യാതെ കിടക്കുന്നത്.
മ്യൂച്വൽ ഫണ്ടുകളിൽ 3,000 കോടി രൂപയുമുണ്ട്. മരണശേഷം അവകാശികളില്ലാതെയാകുന്നതിനു പുറമേ നടപടിക്രമങ്ങളിലെ അശ്രദ്ധ, വിലാസത്തിലെ മാറ്റം, മറവി തുടങ്ങിയ കാരണങ്ങളാൽ ഇത് സംഭവിക്കാം.
കഴിഞ്ഞ ഒരു മാസം മാത്രം 450 കോടി രൂപ അവകാശികൾക്ക് മടക്കിനൽകി. 10 വർഷത്തിനു മുകളിൽ നിർജീവമായ അക്കൗണ്ടിലെ തുക അവകാശിക്ക് കൈമാറിയാൽ ബാങ്കിന് 25,000 രൂപ വരെ ലഭിക്കും.
എങ്ങനെ തിരിച്ചുപിടിക്കാം?
∙ ബാങ്ക് അക്കൗണ്ടുകൾ: udgam.rbi.org.in എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്യുക.
ഹോം പേജിൽ Individual എന്നതിനു താഴെ തിരയേണ്ട അക്കൗണ്ടിന്റെ ഉടമയുടെ പേര് നൽകുക.
ഓരോ ബാങ്കും പ്രത്യേകമായോ, All ഓപ്ഷൻ വഴി എല്ലാ ബാങ്കുകളും ഒരുമിച്ച് തിരഞ്ഞെടുത്തോ സേർച് ചെയ്യാം. Non-Individual ഓപ്ഷൻ വഴി സ്ഥാപനങ്ങളുടെ നിക്ഷേപങ്ങളും ക്ലെയിം ചെയ്യാം.
∙ ഇൻഷുറൻസ്: bimabharosa.irdai.gov.in എന്ന വെബ്സൈറ്റിലെ Unclaimed money ടാബ് തുറന്ന് ഇൻഷുറൻസ് കമ്പനി തിരഞ്ഞെടുക്കുക. ഉടമയുടെ പേര്, പോളിസി നമ്പർ, ജനനത്തീയതി, പാൻ നമ്പർ തുടങ്ങി ഏതെങ്കിലുമൊക്കെ വിവരങ്ങളുപയോഗിച്ച് തിരയാം.
∙ ഓഹരി/ഡിവിഡൻഡ്: തുടർച്ചയായി 7 വർഷത്തോളം ഡിവിഡൻഡ് ക്ലെയിം ചെയ്യപ്പെടാത്ത ഓഹരികൾ ഇൻവെസ്റ്റർ എജ്യുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ടിലേക്ക് മാറ്റാറുണ്ട്. ഇവ ക്ലെയിം ചെയ്യാനായി iepf.gov.in എന്ന വെബ്സൈറ്റിലെ സേർച് ഫെസിലിറ്റി ഉപയോഗിക്കാം.
∙ മ്യൂച്വൽ ഫണ്ട്: നിക്ഷേപം നടത്തിയ കമ്പനി വെബ്സൈറ്റ് വഴിയോ റജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റിന്റെ വെബ്സൈറ്റ് വഴിയോ തിരയാം. mfcentral.com എന്ന വെബ്സൈറ്റിലെ ‘മിത്ര’ പേജും ഇതിനായി ഉപയോഗിക്കാം.
∙ നാഷനൽ പെൻഷൻ സിസ്റ്റം : എൻപിഎസിലെ പോയിന്റ് ഓഫ് പ്രസൻസ് സേവനദാതാവുമായി ബന്ധപ്പെടുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]