ന്യൂഡൽഹി ∙ വരുമാനം പങ്കുവയ്ക്കുന്നതിലെ ഫോർമുല സംസ്ഥാനങ്ങൾക്ക് അനുകൂലമായി 60:40 ആക്കി മാറ്റണമെന്ന് കേരളം ആവശ്യപ്പെട്ടു. തുല്യമായി വീതംവയ്ക്കുന്ന (50:50) നിലവിലെ രീതിക്കു പകരം, 60% സംസ്ഥാനങ്ങൾക്കു നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം.
കേന്ദ്രത്തിനു മറ്റു വരുമാന മാർഗമുണ്ടെന്നതും ചെലവു ബാധ്യത സംസ്ഥാന സർക്കാരുകളുടേതാണെന്നും ചൂണ്ടിക്കാട്ടിയാണിത്.
സംസ്ഥാനങ്ങൾക്ക് 8000 മുതൽ 10,000 കോടി വരെ നഷ്ടമുണ്ടാകുമെന്നും ഓട്ടമൊബീൽ, സിമന്റ്, ഇൻഷുറൻസ്, ഇലക്ട്രോണിക്സ് മേഖലയിൽ മാത്രം 2500 കോടി രൂപയുടെ നഷ്ടം കേരളം കണക്കാക്കുന്നതായും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നഷ്ടം നികത്താൻ തുടർന്നും കോംപൻസേഷൻ സെസ് നൽകുകയോ സമാന പദ്ധതി ആവിഷ്കരിക്കുകയോ ചെയ്യണമെന്ന ആവശ്യവും കേരളം ഉന്നയിച്ചു.
ജിഎസ്ടിക്കു പുറമേ, അധിക സെസ് ഈടാക്കിയിരുന്ന പുകയില, പാൻ തുടങ്ങിയ ‘സിൻ ഉൽപന്നങ്ങളിൽ’ കിട്ടുന്ന വരുമാനത്തിൽ നിന്നാണ് സംസ്ഥാനങ്ങൾക്ക് കോംപൻസേഷൻ നൽകിയിരുന്നത്.
ഇതു നിലയ്ക്കുമെങ്കിലും ഇത്തരം ഉൽപന്നങ്ങളുടെ വില കുറയുന്നില്ല. ഫലത്തിൽ, ഇതുവഴി ലഭിക്കുന്ന തുക കേന്ദ്ര സർക്കാരിനു മാത്രമായി ലഭിക്കും.
സംസ്ഥാനങ്ങളുടെ നഷ്ടം നികത്താൻ ഈ തുക വിനിയോഗിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
∙പുതിയ നികുതി മാറ്റം എങ്ങനെ ബാധിക്കുമെന്നോ വരുമാന നഷ്ടം മാറുന്ന സമയപരിധിയെക്കുറിച്ചോ വ്യക്തതയില്ല. ഏതെങ്കിലും കാലത്ത് നാടു നന്നാകുമ്പോൾ മരുന്നും ഭക്ഷണവും വാങ്ങി കഴിച്ചാൽ മതിയോ? ഇന്നും നാളെയും നിത്യച്ചെലവിനും ഭക്ഷണത്തിനുമുള്ള പണം നൽകാനും നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്നത് വെട്ടിക്കുറയ്ക്കാതിരിക്കാനുമുള്ള ന്യായമായ സമീപനം വേണം.-
മന്ത്രി കെ.എൻ.ബാലഗോപാൽ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]