ന്യൂഡൽഹി ∙ നിലവിൽ 10,000 രൂപയുടെ
പ്രീമയത്തിന് 1,800 രൂപയുടെ നികുതി (18%) അടക്കം 11,800 രൂപയാണ് ഈടാക്കുന്നത്. സെപ്റ്റംബർ 22ന് 18% നികുതി ഒഴിവാക്കുന്നതോടെ പ്രീമിയത്തിനുള്ള ചെലവ് 10,000 രൂപയായി കുറയേണ്ടതാണ്.
നികുതി പൂർണമായും ഒഴിവാക്കുന്നതു വഴി ഇൻഷുറൻസ് കമ്പനികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ക്ലെയിം ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്.
അതിനാൽ നിരക്കിലെ കുറവ് അതേപടി പ്രതിഫലിക്കുമോ എന്നതിൽ അവ്യക്തതയുമുണ്ട്. ദൈനംദിന പ്രവർത്തനങ്ങൾക്കായി കമ്പനി ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും (ഓഫിസ് വാടക അടക്കം) അടയ്ക്കുന്ന ജിഎസ്ടി ക്ലെയിം ചെയ്യാനുള്ള സംവിധാനമാണ് ഐടിസി.
ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന നികുതിയും അവർ അടച്ച നികുതിയും തമ്മിൽ തട്ടിക്കിഴിക്കാമായിരുന്നു.
ഇത് സാധിക്കാതെ വരുമെന്നതിനാൽ കമ്പനികളുടെ ചെലവ് കൂടും. അതുകൊണ്ട് അടിസ്ഥാന പ്രീമിയം നിരക്കിലെ ഇളവ് പൂർണമായും ലഭിക്കാതെ വരാം.
ചിലപ്പോൾ അടിസ്ഥാന പ്രീമിയം നിരക്ക് കൂട്ടാനുമിടയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വന്നേക്കും.
2023–24ൽ മാത്രം ആരോഗ്യ, ലൈഫ് ഇൻഷുറൻസുകളിൽ നിന്നായി കേന്ദ്രവും സംസ്ഥാനങ്ങളും 16,398 കോടി രൂപയാണ് ജിഎസ്ടിയായി ഈടാക്കിയത്.
ഇതിൽ ആരോഗ്യ ഇൻഷുറൻസിൽ നിന്ന് 8,263 കോടിയും ലൈഫ് ഇൻഷുറൻസിൽ 8,135 കോടിയുമാണ് പിരിച്ചത്. ഇതിനു പുറമേ റീ–ഇൻഷുറൻസ് ഇനത്തിൽ 2,045 കോടി ആരോഗ്യ, ലൈഫ് ഇൻഷുറൻസുകളിൽ നിന്നാണ് സർക്കാരുകൾക്ക് ലഭിച്ചു.
ഏതിനൊക്കെ ഇളവ്?
വ്യക്തിഗത ലൈഫ്, ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കു (ഫാമിലി ഫ്ലോട്ടർ, സീനിയർ സിറ്റിസൺ പോളിസി അടക്കം) മാത്രമേ ഇളവ് ലഭിക്കൂ.
ടേം, യുലിപ്, എൻഡോവ്മെന്റ്, റീ–ഇൻഷുറൻസ് സേവനങ്ങൾക്കും നികുതി ഒഴിവാകും. കമ്പനികളും മറ്റും അതിലെ ജീവനക്കാർക്കായി എടുക്കുന്ന ഗ്രൂപ്പ് ഇൻഷുറൻസുകൾക്ക് നിലവിലെ 18% നികുതി തുടരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]