താൽക്കാലിക ജീവനക്കാർക്കും കരാർ ജീവനക്കാർക്കും ഇനി ഇഎസ്ഐ ആനുകൂല്യങ്ങൾ നേടാം. ഇവരെക്കൂടി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ (ഇഎസ്ഐസി) പരിധിയിൽ ഉൾപ്പെടുത്താനും ആനുകൂല്യങ്ങൾ ലഭ്യമാക്കാനുമുള്ള സ്പ്രീ(SPREE) പദ്ധതി വീണ്ടും നടപ്പാക്കുന്നു.
ഇഎസ്ഐയിൽ കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തി സാമൂഹികസുരക്ഷ, ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കാനായി 2016ൽ ആരംഭിച്ചതാണ് സ്പ്രീ പദ്ധതി.
ഇതാണിപ്പോൾ ഇഎസ്ഐസി പുനരാരംഭിച്ചിരിക്കുന്നത്. ഇഎസ്ഐയ്ക്കു കീഴിൽ റജിസ്റ്റർ ചെയ്തിട്ടില്ലാത്ത തൊഴിലുടമകൾക്കും തൊഴിലാളികൾക്കും നൂലാമാലകളില്ലാതെ ഇപ്പോൾ പുതുതായി റജിസ്റ്റർ ചെയ്യാനാകും.
റജിസ്ട്രേഷൻ വിരൽത്തുമ്പിൽ
2025 ജൂലൈ 1 മുതൽ 2025 ഡിസംബർ 31 വരെയാണ് പുതിയ റജിസ്ട്രേഷനുള്ള സമയം.
ഇഎസ്ഐയിൽ വരുന്നതോടെ കരാർ, താൽക്കാലിക ജീവനക്കാർക്ക് പ്രതിവർഷം 10 ലക്ഷം രൂപയുടെ സൗജന്യചികിത്സ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
പുതുതായി റജിസ്റ്റർചെയ്യുന്ന തീയതിമുതലോ തൊഴിലുടമ ആവശ്യപ്പെടുന്ന തീയതിമുതലോ ഇഎസ്ഐ പരിരക്ഷ ലഭിക്കും. തൊഴിലുടമകൾക്കു നേരിട്ട് ഇഎസ്ഐസി പോർട്ടൽ, ശ്രംസുവിധ, എംസിഎ പോർട്ടൽ എന്നിവ മുഖേന റജിസ്റ്റർ ചെയ്യാം.
റജിസ്ട്രേഷനു മുൻപുള്ള കാലയളവിൽ ആനുകൂല്യങ്ങളോ ഇളവുകളോ ലഭിക്കില്ല. എന്നാൽ പുതിയ റജിസ്ട്രേഷന് മുൻകാല രേഖകളോ റിപ്പോർട്ടുകളോ ആവശ്യമില്ല. റജിസ്ട്രേഷനില്ലാത്തതിന് തൊഴിലുടമകൾ പിഴയും നൽകേണ്ട.
ഇതുവരെ സമയപരിധിക്കുള്ളിൽ റജിസ്റ്റർ ചെയ്യാതിരുന്നാൽ നിയമനടപടികളും പിഴ കുടിശികയും ബാധകമാകുമായിരുന്നു. വിവരങ്ങൾക്ക് [email protected], 0487–2331080.
പിഴ ചുമത്തുന്നതിനു പകരം സ്വമേധയാ റജിസ്ട്രേഷനെടുക്കാൻ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നതാണ് പുതിയ പദ്ധതി.
ഡിജിറ്റൽ ഇടപാടുകളായതിനാൽ നടപടികളും എളുപ്പമാണ്. ഇഎസ്ഐ നിയമപ്രകാരം റജിസ്റ്റർ ചെയ്യാത്തവർക്കെല്ലാം ഈ പദ്ധതി പ്രയോജനപ്പെടുത്താം.
ഒരുതവണ റജിസ്റ്റർ ചെയ്താൽ ചികിത്സാ ആനുകൂല്യങ്ങൾ ഉൾപ്പെടെ ലഭ്യമാകും.സ്പ്രീ പദ്ധതിക്കു കീഴിൽ ഇതുവരെ 88,000 തൊഴിലുടമകൾക്കു പ്രയോജനം ലഭിച്ചിട്ടുണ്ട് എന്നാണ് കണക്ക്.
ഒറ്റത്തവണ തീർപ്പാക്കാം
ഇഎസ്ഐ നിയമവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ തീർപ്പാക്കാൻ ആംനെസ്റ്റി പദ്ധതിയും ഇഎസ്ഐസി പ്രഖ്യാപിച്ചിട്ടുണ്ട്.
2025 ഒക്ടോബർ 1 മുതൽ 2026 സെപ്റ്റംബർ 30 വരെയാണ് കാലാവധി. ഇഎസ്ഐ പരിരക്ഷയുമായി ബന്ധപ്പെട്ട
തർക്കങ്ങളും പലിശ സംബന്ധിച്ച കേസുകളും തർക്കപരിഹാരത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(മലയാള മനോരമ സമ്പാദ്യം ഓഗസ്റ്റ് 2025 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]