കല്ലുമ്മക്കായ് വളരെ പ്രധാനപ്പെട്ട ഒരു വിഭവമാണ്.
പ്രത്യേകിച്ച് മലബാറുകാർക്ക്. ഈരംഗത്തെ അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്തി സ്വന്തമായി ബിസിനസ് ചെയ്യുകയാണ് സുഹൈൽ മൂപ്പൻ എന്ന ചെറുപ്പക്കാരൻ.
കാസർകോട് തൃക്കരിപ്പൂരിനടുത്ത് തങ്കയത്താണ് സുഹൈലിന്റെ ‘എസ്ആർ ഫുഡ്സ്’ എന്ന സ്ഥാപനം.
എന്താണ് ബിസിനസ്?
കല്ലുമ്മക്കായ് അട, കല്ലുമ്മക്കായ് ഫ്രൈ, കല്ലുമ്മക്കായ് മസാല, കല്ലുമ്മക്കായ് മിക്സ് തുടങ്ങിയവയാണ് ഉൽപന്നങ്ങൾ. ഓർഡറനുസരിച്ച് സ്പെഷൽ കല്ലുമ്മക്കായ് വിഭവങ്ങളും തയാറാക്കി നൽകും.
എന്തുകൊണ്ട് ഈ ബിസിനസ്?
ഏഴു വർഷക്കാലം ഖത്തറിൽ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലിചെയ്തിട്ടും കാര്യമായ സമ്പാദ്യമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല.
അവിടെവച്ച് സംരംഭങ്ങളുടെ വിഡിയോകള്‍ കാണുന്നതും
പതിവായിരുന്നു. അങ്ങനെയാണ് ഭക്ഷ്യസംരംഭം തുടങ്ങാനുള്ള പ്രചോദനം ലഭിച്ചതെന്ന് സുഹൈൽ പറയുന്നു.
ആദ്യം ഖത്തറിൽതന്നെ സ്നാക്സ് ഉൽപന്നങ്ങളുടെ ലഘുസംരംഭം തുടങ്ങി.
കൂടുതൽ ഐറ്റം ഉണ്ടാക്കാനുള്ള പ്രയാസവും തൊഴിലാളികളെ ആവശ്യത്തിനു കിട്ടാത്തതും കാരണം അതു വിജയം കണ്ടില്ല. കുടുംബത്തിനൊപ്പം ജീവിക്കാനായി ഗൾഫ് ഉപേക്ഷിച്ചു നാട്ടിലെത്തി.
അങ്ങനെയാണ് ഇവിടെ സംരംഭം തുടങ്ങാൻ തീരുമാനിച്ചത്.
സമൂസ, പക്കാവട, കട്ലറ്റ് തുടങ്ങിയവയെല്ലാം നിർമിക്കുന്ന ധാരാളം സ്ഥാപനങ്ങൾ ചുറ്റുമുണ്ട്. എന്നാൽ, കല്ലുമ്മക്കായ് അടിസ്ഥാനപ്പെടുത്തി ഒരു സംരംഭം ഇല്ലെന്നതും ഈ രംഗത്ത് വൻ സാധ്യതകളുണ്ടെന്നും മനസ്സിലാക്കിയാണ് സ്ഥാപനം തുടങ്ങിയത്.
കല്ലുമ്മക്കായയുടെ തോടു കളയുക എന്നതു ശ്രമകരമാണ്. അതുകൊണ്ടുതന്നെ ക്ലീൻ ചെയ്ത് ഉൽപന്നങ്ങൾ റെഡി–ടു–ഈറ്റ് വിഭവങ്ങളായി വിപണിയിലെത്തിച്ചപ്പോൾ വലിയ സ്വീകര്യത ലഭിച്ചു.
ലളിതമാണ് നിർമാണരീതി
തോടു കളയുന്ന പണി കഴിഞ്ഞാൽപിന്നെ എല്ലാം ലളിതമാണ്.
∙ പ്രാദേശികമായി കല്ലുമ്മക്കായ് സംഭരിച്ച് തോട് നീക്കംചെയ്യുന്നു.
∙ പിന്നീട് സ്റ്റീമർ മെഷീൻ ഉപയോഗിച്ച് സ്റ്റീം ചെയ്യുന്നു. ∙ മുളക്, കുരുമുളക്, ജീരകം, ഗ്രാമ്പൂ, കറുവപ്പട്ട തുടങ്ങിയവ ചേർത്ത് സ്വയം തയാറാക്കിയ മസാല പുരട്ടുന്നു.
∙ മസാല പിടിച്ചശേഷം ഫ്രൈ ചെയ്ത് ചൂടോടെ പായ്ക്കറ്റിലാക്കി വിൽക്കുന്നു.
കുടുംബത്തിന്റെ എതിർപ്പ്
ഖത്തറിൽ തുടങ്ങിയ സംരംഭം പാളിയതിനാൽ വലിയ എതിർപ്പാണ് കുടുംബത്തിൽനിന്നുണ്ടായത്. ഇനി ഈ വഴിക്കു പോകണ്ട
എന്ന് എല്ലാവരും ഉപദേശിച്ചു. എന്നാൽ ഇതൊരു ചലഞ്ചായി ഏറ്റെടുക്കുകയായിരുന്നു.
ആദ്യം വീട്ടിലെ ചെറിയ ആവിച്ചെമ്പിൽ സ്വയം ഉൽപന്നങ്ങളുണ്ടാക്കിക്കൊണ്ടായിരുന്നു തുടക്കം. ജോലിക്കാരാരും ഇല്ലായിരുന്നു.
എന്നാൽ മാർക്കറ്റിൽ ശ്രദ്ധേയമായതോടെ എല്ലാ കുടുംബാംഗങ്ങളും സഹകരിക്കാൻതുടങ്ങി. ഇപ്പോൾ ആറു തൊഴിലാ ളികളുണ്ട്.
സ്റ്റീമർ മെഷീൻ, മിക്സിങ് മെഷീൻ, ഫ്രയിങ് മെഷീൻ എന്നിവ ഘട്ടംഘട്ടമായി വാങ്ങി. ഇതിന് വായ്പയൊന്നുംതന്നെ എടുത്തിട്ടില്ല.
എല്ലാം സ്വന്തം സമ്പാദ്യം.
പ്രതിദിനം 1,500 കല്ലുമ്മക്കായ്
1,500മുതൽ 2,000വരെ കല്ലുമ്മക്കായയാണ് പ്രതിദിനം പ്രോസസ് ചെയ്യുന്നത്. ഒരെണ്ണത്തിന് 15 രൂപ നിരക്കിലാണ് കടക്കാർക്കു നൽകുന്നത്.
അവർ 20 രൂപ നിരക്കിൽ വിൽക്കുന്നു.
രാവിെല 7 മണിക്കു തുടങ്ങി 2 മണിവരെയാണ് വിഭവങ്ങള്‍ തയാറാക്കുന്നത്. പിന്നെ ചൂടാറുംമുൻപേ വിൽപനയ്ക്കായി പോകും.
ബേക്കറിഷോപ്പുകൾ, റസ്റ്ററന്റുകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ മറ്റു ഷോപ്പുകൾ എന്നിവിടങ്ങളിലാണ് വിതരണം. ഇപ്പോൾ സ്ഥിരം ഉപഭോക്താക്കളുണ്ട്.
ഏകദേശം അഞ്ചുലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവാണ് ലഭിക്കുന്നത്. 20–30% വരെയാണ് വിതരണതലത്തിൽ ലഭിക്കുന്ന അറ്റാദായം.
തൃശൂർ, എറണാകുളം എന്നിവിടങ്ങളിലും ഇപ്പോൾ വിൽപനയുണ്ട്.
സ്വന്തം ഔട്ലെറ്റ്
സ്വന്തം നിലയിൽ ഏതാനും ഔട്ലെറ്റുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സുഹൈല്‍. അതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.
ഭാര്യ റസിയ ഈ ബിസിനസിൽ പൂർണമായും സഹായിക്കുന്നു. റസ്മിൻ, ജയാൻ, ഇസാൻ എന്നീ മൂന്നു കുട്ടികളും ഇവർക്കുണ്ട്.
അനുകൂലം
∙ കഴിക്കുന്നവർക്ക് തോടു കളയുന്ന ഭാരിച്ച പണി ഒഴിവാക്കുന്നു.
∙ മാംസം കൂടുതൽ കിട്ടുന്ന വലിയ കല്ലുമ്മക്കായ് മാത്രം ഉപയോഗിക്കുന്നു. ∙ മികച്ച മസാലക്കൂട്ട് തയാറാക്കി ഉപയോഗിക്കുന്നു.
∙ ക്രെഡിറ്റ് വിൽപന വരുന്നേയില്ല. ∙ ‘കഫേ കല്ലുമ്മക്കായ്’ എന്ന ബ്രാൻഡ് നെയിമിൽ ചെയ്യുന്നു.
∙ അതതു ദിവസം വിൽക്കാൻ കഴിയുന്നത് എത്രയെന്നു കണക്കുകൂട്ടി അതനുസരിച്ച് ഉൽപാദനം ക്രമീകരിക്കാൻ കഴിയുന്നു. ∙ 30%വരെ അറ്റാദായം ലഭിക്കുന്നു.
പ്രതികൂലം
∙ അനുകരിച്ചുകൊണ്ടു തുടങ്ങുന്ന ബിസിനസുകൾ
∙ കല്ലുമ്മക്കായ് ലഭിക്കുന്നതിലെ അനിശ്ചിതത്വം.
പുതുസംരംഭകരോട്
പുതുമയേറിയ നാടൻവിഭവങ്ങൾക്ക് ഏറെ സാധ്യതകളുണ്ട്.
വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി തുടങ്ങിയാൽ മതി. രണ്ടുലക്ഷം രൂപയുടെ വിൽപന നേടിയാൽപോലും 60,000 രൂപവരെ ലാഭം നേടാം.
∙ പ്രധാനമന്ത്രിയുടെ ഭക്ഷ്യസംസ്കരണ സംരംഭ പദ്ധതി (PMFME) പ്രകാരം ഒരു ജില്ല, ഒരു ഉൽപന്നം എന്ന പദ്ധതിയില്‍ കാസർകോട് ജില്ലയില്‍നിന്നു തിരഞ്ഞെടുത്തിരിക്കുന്നത് കല്ലുമ്മക്കായയാണ്.
വിലാസം: സുഹൈൽ മൂപ്പൻ, എസ്ആർ ഫുഡ്സ് (SR Foods), തങ്കയം, തൃക്കരിപ്പൂർ പി.ഒ., കാസർകോട്–671310
(മലയാള മനോരമ സമ്പാദ്യം ഓഗസ്റ്റ് 2025 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്) ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]