കൊച്ചി∙ യുഎസ് പ്രതിനിധി സഭ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ പാസാക്കിയതോടെ ലോകവിപണി ഇനി ട്രംപ് എന്ത് ചെയ്യുമെന്ന് ഉറ്റു നോക്കുന്നു. പകരംതീരുവ  മരവിപ്പിച്ചത് 9 വരെ ആയതിനാൽ അതിനു ശേഷം എന്തു സംഭവിക്കുമെന്നതും ഓഹരി വിപണിയെ ബാധിക്കും. 

യുഎസ് ഗവൺമെന്റിന്റെ ചെലവുകളും നികുതി നിരക്കുകളും കുറയ്ക്കലാണ് ബിഗ് ബിൽ കൊണ്ടു പ്രധാനമായും ഉദ്ദേശിക്കുന്നത്.  യുഎസിന് 34 ലക്ഷം കോടി ഡോളർ കടമുള്ളതും നികുതി വെട്ടിക്കുറയ്ക്കൽ വന്നാൽ അതു വീട്ടാൻ ബുദ്ധിമിട്ടാവുമെന്നതും വിപണിയിൽ ആശങ്കയുണർത്തുന്നു.

ഇന്ത്യയുമായുള്ള യുഎസ് വാണിജ്യ കരാർ ചർച്ചകൾ ഇതുവരെ കരയ്ക്ക് അടുത്തിട്ടില്ല. ചർച്ചകൾ പരാജയപ്പെടുകയും ഇന്ത്യയ്ക്കു മേൽ വൻ തീരുവ വരികയും ചെയ്താൽ ഓഹരി വിപണിയെയും ബാധിക്കും. പക്ഷേ, അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി ഭൂരിഭാഗവും ഫാർമയിലും സോഫ്റ്റ്‌വെയറിലുമാണ്. സേവന രംഗത്തിന് ഇറക്കുമതിച്ചുങ്കമില്ല. ഇന്ത്യൻ ഫാർമ ഉൽപന്നങ്ങൾ അമേരിക്കയിൽ അവശ്യ ഔഷധങ്ങളാണെന്നതിനാൽ അതിലും കൈവയ്ക്കാൻ കഴിയില്ല.

ഇന്ത്യയുമായി ഒ‍ത്തുതീർപ്പ് ഉണ്ടാവുമെന്നു തന്നെയാണു കരുതപ്പെടുന്നത്. 90000 കോടി ‍ഡോളർ അധിക വരുമാനമാണ് അധിക താരിഫുകളിലൂടെ അമേരിക്ക പ്രതീക്ഷിക്കുന്നത്. അതു മുഴുവൻ യുഎസ് ഉപഭോക്താക്കളുടെ ചുമലിലേക്കു മാറുമെന്നതിനാൽ ട്രംപ് പിന്മാറിയേക്കാം.

ഇതിനൊപ്പം കോർപറേറ്റ് കമ്പനികളുടെ ആദ്യ ത്രൈമാസ ഫലങ്ങൾ ഈ മാസം രണ്ടാം വാരം മുതൽ പുറത്തു വന്നു തുടങ്ങും.  കോർപറേറ്റ് രംഗം മികച്ച നിലയിലാണ്.

ഇന്ത്യൻ ഓഹരി വിപണിയുടെ വളർച്ച ആഭ്യന്തര ഉപഭോഗത്തെ ആശ്രയിച്ചാണു പ്രധാനമായും എന്നതിനാൽ ആഘാതം അധികം നീണ്ടു നിൽക്കില്ലെന്നും സൂചികകൾ  അടുത്തമാസം പുതിയ ഉയരങ്ങൾ കീഴടക്കുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

English Summary:

Market analysis focuses on Trump’s Big Bill and Q1 results. The bill’s impact on US-India trade and corporate performance is closely monitored.