എച്ച്ഡിബി  ഫിനാൻഷ്യൽ ഐപിഒ വിപണിയിൽ ഹിറ്റായതോടെ ഓഹരി വിപണിയിൽ ഐപിഒകളുടെ കുത്തൊഴുക്കായിരിക്കുമെന്ന് സെബിയിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾ ഒഴിയുന്നതന്റെ സൂചനകളും ഐപിഒകൾക്ക് പ്രതീക്ഷയാണ്. വിപണിയിൽ നിന്ന്18,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് സ്റ്റാർട്ടപ്പുകള്‍ അണിയറയിൽ ഒരുങ്ങുന്നത്.

ഇകോമേഴ്സ് കമ്പനിയായ മീഷോ വ്യാഴാഴ്ച 4050 കോടി രൂപ സമാഹരിക്കാൻ പബ്ലിക് ഇഷ്യൂവിനു അനുമതി തേടി സെബിയിൽ രേഖകൾ സമർപ്പിച്ചതിനു പിന്നാലെ വിവിധ സ്റ്റാർട്ടപ്പുകളും ഇകൊമേഴ്സ് കമ്പനികളുമൊക്ക അനുമതിയ്ക്കായി ഫയൽ സമർപ്പിക്കാൻ തിരക്കിട്ട് തയാറെടുക്കുന്നു.

സ്റ്റാർട്ടപ്പുകൾ മാത്രം ഒരു ഡസനാണ്  സെബിക്ക് രേഖകൾ സമർപ്പിച്ച് പബ്ലിക്ക് ഇഷ്യു നടത്താനായി നീക്കം നടത്തുന്നത്. 18,000 കോടി രൂപയാണ് ഈ സ്റ്റാർട്ടപ്പുകൾ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. ഇതിൽ പൈൻലാബ്സ്, ഷാഡോഫ്ക്സ്, വേക്ഫിറ്റ്, ക്യുവർ ഫുഡ് എന്നിവയൊക്കെ കഴിഞ്ഞ ആഴ്ച ഡ്രാഫ്റ്റ് സെബിയിൽ സമർപ്പിച്ചിട്ടുണ്ട്. ഫിൻടെക് കമ്പനികളായ പൈൻ ലാബ്സും ഗ്രോയും യഥാക്രമം 2600 കോടി രൂപയും 1735 കോടി രൂപയും സമാഹരിക്കാൻ ഒരുങ്ങുന്നു. എഡ്യൂക്കേഷണൽ ടെക്നോളജി സ്ഥാപനമായ ഫിസിക്സ് വാല 4000 കോടി രൂപയുടെ ഐപിഒ ആണ് നടത്തുന്നത്.

ലെൻസ്കാർട്ട്, ഗ്രോ, ഷിപ്പ്റോക്കറ്റ്, ബോട്ട്, അർബൻ കമ്പനി, ഫോൺപേ, സെപ്റ്റോ, ഓയോ എന്നിവരും ഓഹരിവിപണിയിലേയ്ക്ക് കടക്കാനുള്ള തയാറെടുപ്പിലാണ്. ബോട്ട്, വേക്ക്ഫിറ്റ്, അർബൻ കമ്പനി എന്നിവ ചെറിയ ഐപിഒകൾ നടത്താനാണ് തയാറെടുക്കുന്നത്. ആയിരം കോടി രൂപ വീതമാണ് ഈ കമ്പനികൾ സമാഹരിക്കുന്നത്. ഇതിനു പുറമേ എൽജി ഇലക്ട്രോണിക്സ് ഇന്ത്യ, എൻഎസ്ഡിഎൽ, ജെഎസ്ഡബ്യു തുടങ്ങിയ വമ്പന്മാരും വിപണിയിലേയ്ക്ക് വരാൻ തയാറെടുക്കുന്നുണ്ട്.

2021ല്‍ സൊമാറ്റോ ആണ് ഐപിഒ അവതരിപ്പിച്ച് ഓഹരി വിപണിയിലേയ്ക്ക് കടന്നുവന്ന ആദ്യ ന്യൂജെൻ കമ്പനി. തുടർന്ന് പേഎടിഎം, ഡെൽഹിവെറി,  നൈക, മൊബിക്വിക്ക് എന്നീ ന്യൂജെന്‍ കമ്പനികളും ഐപിഒ നടത്തിയിരുന്നു.

English Summary:

The success of HDFC’s IPO has triggered a wave of new-gen Indian startups rushing to enter the stock market, collectively aiming to raise billions of dollars. This article details the companies preparing for IPOs, their projected funding, and the overall market trends.