
മുംബൈ മെട്രോ (Mumbai Metro) റെയിൽ പദ്ധതിയുടെ മൊത്തം ചെലവെത്ര? ഇന്നത്തെ കാലത്ത് ഒരു ഒളിംപ്ക്സ് (Olympics) നടത്താനെന്തു ചെലവ് വരും? ഉത്തരമുണ്ട്, അദാനിയുടെ (Adani Group) കൈയിൽ! ശതകോടീശ്വരൻ ഗൗതം അദാനി (Gautam Adani) നയിക്കുന്ന അദാനി ഗ്രൂപ്പ് കഴിഞ്ഞ സാമ്പത്തികവർഷം (2024-25) നികുതിയായി അടച്ചത് 74,945 കോടി രൂപയാണ്. 2023-24ലെ 58,104 കോടി രൂപയേക്കാൾ 29% അധികം.
74,945 കോടി രൂപകൊണ്ട് ദശലക്ഷങ്ങൾക്ക് പ്രയോജനപ്പെടുന്ന മുംബൈ മെട്രോ റെയിൽ പദ്ധതി പൂർണമായി തീർക്കാനാകുമെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ആധുനികകാല ഒളിംപിക്സിന് ആതിഥ്യം വഹിക്കാനും ഈ തുക മതിയത്രേ. പ്രത്യക്ഷ (Direct), പരോക്ഷ (Indirect) നികുതികളും ജീവനക്കാരുടെ ക്ഷേമത്തിനുള്ള (employee social security) തുകയും ചേരുന്നതാണ് 74,945 കോടി. ഇതിൽ 28,720 കോടി രൂപയാണ് പ്രത്യക്ഷ നികുതി. 45,407 കോടി രൂപ പരോക്ഷ നികുതിയും. 818 കോടി രൂപയാണ് ജീവനക്കാരുടെ ക്ഷേമത്തിനായി നീക്കിവച്ചത്.
മൊത്തം നികുതിയടവിൽ ഏറ്റവുമധികം പങ്കുവഹിച്ചത് അദാനി എന്റർപ്രൈസസ്, അദാനി സിമന്റ്, അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി എന്നീ ലിസ്റ്റഡ് കമ്പനികളാണ്. അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ്, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അംബുജ സിമന്റ്സ്, എൻഡിടിവി, എസിസി, സംഘി ഇൻഡസ്ട്രീസ് എന്നീ ലിസ്റ്റഡ് കമ്പനികളുടെയും പങ്കുകൂടി ചേരുന്നതാണ് അദാനിയുടെ നികുതിക്കണക്ക്.
ഓഹരികളിൽ നേട്ടം
അദാനി ഗ്രൂപ്പിനെതിരെ യുഎസ് വീണ്ടും അന്വേഷണത്തിന്റെ വലവിരിക്കുന്നു എന്ന് കഴിഞ്ഞദിവസം വാർത്തകളുണ്ടായിരുന്നു. ഇറാനിൽ നിന്ന് യുഎസ് ഉപരോധം ലംഘിച്ച് എൽപിജി വാങ്ങിയെന്നായിരുന്നു ആരോപണം. ഇത് ഓഹരികളെ ഇടിവിലേക്കും നയിച്ചിരുന്നു. എന്നാൽ, ഇത് പൊതുവേ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണുള്ളത്. അദാനി എന്റർപ്രൈസസ് 1.09%, അദാനി പോർട്സ് 1.56%, അദാനി ടോട്ടൽ ഗ്യാസ് 1.11%, എൻഡിടിവി 1.69% എന്നിങ്ങനെ ഉയർന്ന് നേട്ടത്തിൽ മുന്നിലുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)