ന്യൂഡൽഹി • ഇറാനിൽനിന്ന് ക്രൂഡ് ഓയിലും എൽപിജിയും വാങ്ങിത്തുടങ്ങിയതായി സ്ഥിരീകരിച്ച് ഇന്ത്യ. ഇറാനിൽ നിന്നുള്ള 44,000 ടൺ എൽപിജിയുമായി ‘സീ ബേർഡ്’ ടാങ്കർ കഴിഞ്ഞ ദിവസം മംഗളുരുവിലെത്തി.
ഇറാൻ-യുഎസ് യുദ്ധം മൂലം എണ്ണ വിതരണത്തിലുണ്ടായ പ്രതിസന്ധിക്കിടെ ഇറാനിൽ നിന്നുൾപ്പെടെ 40 രാജ്യങ്ങളിൽനിന്ന് ഇന്ത്യൻ റിഫൈനറികൾ അസംസ്കൃത എണ്ണ ഉറപ്പാക്കിയിട്ടുണ്ടെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
മുൻപ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 11-12% ഇറാനിൽ നിന്നായിരുന്നു. എന്നാൽ 2019 ൽ യുഎസ് ഇറാന് ഉപരോധം ഏർപ്പെടുത്തിയതോടെ ഇതു ഗണ്യമായി കുറഞ്ഞു.
പിന്നീട് ഇറാൻ എണ്ണ വാങ്ങുന്നതായി ഇന്ത്യ പരസ്യമാക്കിയിരുന്നില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പ്രതിസന്ധിയിലായതോടെ കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാന്റെ എണ്ണ വാങ്ങുന്നതിനു യുഎസ് താൽക്കാലിക അനുമതി നൽകിയിരുന്നു.
“കപ്പൽ വഴിമാറിയതിൽ ഇന്ത്യയ്ക്ക് പങ്കില്ല’
ഇറാനിൽനിന്നു ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് തിരിച്ച ടാങ്കർ ചൈനയിലേക്കു തിരിച്ചുവിട്ടുവെന്നും പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട
വിഷയങ്ങളാണ് ഇതിനു കാരണമെന്നുമുള്ള വാർത്ത കേന്ദ്രം തള്ളി. 6 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി ഗുജറാത്തിലെ വാഡിനാർ ടാങ്കർ ടെർമിനലിലേക്ക് വരികയായിരുന്ന ‘പിങ് ഷോൺ’ കപ്പലാണ് ചൈനയിലേക്ക് പോയത്.
ഷിപ്പിങ് രേഖകളിൽ ലക്ഷ്യസ്ഥാനം രേഖപ്പെടുത്താറുണ്ടെങ്കിലും വ്യാപാര ആവശ്യങ്ങൾക്കനുസരിച്ച് കപ്പലുകൾ ദിശ മാറാറുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വിശദീകരിച്ചു.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം X.com/narendramodi എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

