കൊൽക്കത്ത∙ രാജ്യത്തെ തെർമൽ പവർ പ്ലാന്റുകളുടെ പ്രവർത്തന മികവ് കണ്ടെത്താൻ കേന്ദ്ര സർക്കാരിനു കീഴിലുള്ള സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ഏർപ്പെടുത്തിയ റാങ്കിങ്ങിൽ ഒന്നാംസ്ഥാനം നേടി ബംഗാൾ സർക്കാരിനു കീഴിലെ വെസ്റ്റ് ബംഗാൾ പവർ ഡെവലപ്മെന്റ് കോർപറേഷൻ (ഡബ്ല്യുബിപിഡിസിഎൽ). കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ എൻടിപിസി, ഡിവിസി, മറ്റു സംസ്ഥാന തെർമൽ പവർ കമ്പനികൾ, സ്വകാര്യ തെർമൽ കമ്പനികളായ റിലയൻസ്, അദാനി പവർ, ടാറ്റാ പവർ തുടങ്ങി 201 കമ്പനികളെ പിന്തള്ളിയാണ് നേട്ടം.

ഡബ്ല്യുബിപിഡിസിഎലിനു കീഴിലുള്ള സന്താൾധിഗി പവർ പ്ലാന്റിനാണ് ഒന്നാം റാങ്ക്. കോർപറേഷനു കീഴിലുള്ള ഭക്രേശ്വർ പ്ലാന്റ് രണ്ടാംസ്ഥാനവും സാദർസിഗി പ്ലാന്റ് നാലാംസ്ഥാനവും നേടി. എൻടിപിസി, അദാനി പവർ, റിലയൻസ് പവർ തുടങ്ങിയവയെ പിന്നിലാക്കി കോർപറേഷനും സന്താൾധിഗി പ്ലാന്റും ഒന്നാംസ്ഥാനം നേടിയത് സംസ്ഥാനത്തിന്റെ മികവിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

ഓരോ പ്ലാന്റും വിവിധ മേഖലകളിൽ പുലർത്തുന്ന മികവ് പരിഗണിച്ചായിരുന്നു റാങ്കിങ്. കമ്പനിയിലുള്ള 30,000ലേറെ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് കാര്യക്ഷമത വർധിപ്പിക്കാൻ പദ്ധതികൾ നടപ്പാക്കിയതാണ് നേട്ടത്തിന്റെ അടിസ്ഥാനമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.ബി. സലിം പറഞ്ഞു. ഓപ്പറേഷൻ മെയിന്റനൻസ്, എഫിഷൻസി, കോൾ മൈനിങ്, ജസ്റ്റ് ഇൻ ടൈം റിപ്പയർ മെയിന്റനൻസ് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്ന പത്ത് പോയിന്റ് സ്ട്രാറ്റജി നടപ്പാക്കിയത് ഈ വലിയ നേട്ടം കൈവരിക്കാൻ മുതൽക്കൂട്ടായെന്നും അദ്ദേഹം പറഞ്ഞു.

മലയാളിയായ പി.ബി. സലിം 2019ൽ ചുമതല ഏറ്റെടുക്കുമ്പോൾ കമ്പനി നഷ്ടത്തിലായിരുന്നു. എന്നാൽ, തൊട്ടടുത്ത വർഷം തന്നെ കമ്പനി 102 കോടി രൂപ ലാഭം നേടി. കഴിഞ്ഞവർഷം 800 കോടിയിലധികം ലാഭം നേടിയതിനു പുറമെ മുഴുവൻ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസും നൽകാനായി. 104  കോടി രൂപ ലാഭവിഹിതമായി സർക്കാരിനും നൽകി. ഈ വർഷം ലാഭം ആയിരം കോടി കവിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

English Summary:

WBPDCL: West Bengal’s Powerhouse Tops India’s Thermal Plant Rankings.