ഡോളറിനെതിരെ രൂപ ഇന്നും വൻ തകർച്ചയിൽ. ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചയുടനെ രൂപയുടെ മൂല്യം 24 പൈസ ഇടിഞ്ഞ് സർവകാല താഴ്ചയായ 90.43ലേക്ക് കൂപ്പുകുത്തി.
ഇന്നലെ രേഖപ്പെടുത്തിയ 90.19 എന്ന ക്ലോസിങ് റെക്കോർഡ് തകർന്നു. ഇന്നലെ വ്യാപാരത്തിനിടെ ഒരുവേള രൂപ 90.29വരെ എത്തിയിരുന്നു.
രൂപയുടെ ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള വീഴ്ചയുമാണ് ഇപ്പോഴത്തേത്.
ചരിത്രത്തിലാദ്യമായാണ് ഡോളറിനെതിരെ 5 രൂപയുടെ ഇടിവ് ഒരുവർഷത്തിനകം തന്നെ രൂപ നേരിടുന്നതെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ടും വ്യക്തമാക്കി. സാധാരണ 500 മുതൽ 1,000ലേറെ ദിവസങ്ങൾക്കിടയിലാണ് ഡോളറിനെതിരെ രൂപ 5 രൂപയ്ക്കുമേൽ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ 85ൽ നിന്ന് 90ലേക്ക് വീഴാൻ ഒരുവർഷം പോലും വേണ്ടിവന്നില്ല.
താരിഫിനുശേഷം തകർച്ച
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പകരംതീരുവ (റെസിപ്രോക്കൽ താരിഫ്) നടപടികൾ ആരംഭിച്ച ഏപ്രിൽ 2 മുതൽ ഇതിനകം രൂപ നേരിട്ട മൂല്യത്തകർച്ച 5.5 ശതമാനമാണ്.
പൂർണമായും വൈദേശിക ഘടകങ്ങളാണ് രൂപയുടെ തളർച്ചയ്ക്ക് കാരണമെന്ന് കേന്ദ്രസർക്കാർ വിലയിരുത്തുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതും രൂപയ്ക്ക് ക്ഷീണമാകുന്നു.
നടപ്പുവർഷം ഇതുവരെ അവർ പിൻവലിച്ചത് 1.5 ലക്ഷം കോടിയിലധികം രൂപയാണ്.
ഇതിനുപുറമേ ഇന്ത്യ വലിയതോതിൽ വാങ്ങുന്ന സ്വർണത്തിനും വെള്ളിക്കും വില റെക്കോർഡിലേക്ക് കുതിച്ചുകയറിയിട്ടും ഡിമാൻഡോ ഇറക്കുമതിയോ കുറഞ്ഞില്ലെന്നതും തിരിച്ചടിയായി. ഡോളറിലാണ് ഇവയുടെ ഇറക്കുമതി ഇടപാടുകൾ.
അതിനാൽ, ഡോളറിന് സ്വീകാര്യത കൂടിയതും രൂപയെ തളർത്തി.
ഇടപെടാതെ ‘രക്ഷകൻ’
രൂപ വലിയതോതിൽ ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് അടിയന്തര ഇടപെടലുകൾ നടത്താറുണ്ട്. എന്നാൽ, ഇത്തവണ അത്തരം ‘രക്ഷാദൗത്യത്തിൽ’ നിന്ന് റിസർവ് ബാങ്ക് വിട്ടുനിൽക്കുകയാണ്.
കാരണം വ്യക്തമല്ല. എന്നാൽ, വിദേശനാണയ ശേഖരം വൻതോതിൽ കുറയുന്നത് ഒഴിവാക്കാനാണ് ഇതെന്നാണ് നിരീക്ഷക വിലയിരുത്തലുകൾ.
വിദേശ നാണയ ശേഖരത്തിൽ നിന്ന് വലിയ അളവിൽ ഡോളർ വിറ്റഴിച്ചായിരുന്നു മുൻകാല രക്ഷാപ്രവർത്തനങ്ങൾ.
രൂപയാണ് മുന്നിൽ, കോളടിച്ചത് പ്രവാസികൾക്ക്
ഏഷ്യയിൽ ഏറ്റവും വലിയ മൂല്യത്തകർച്ച നേരിട്ട കറൻസിയുമാണ് ഇന്ത്യൻ രൂപ.
3.17% താഴ്ന്ന ഇന്തൊനീഷ്യൻ റുപ്യയാണ് രണ്ടാമത്. ഫിലിപ്പീന്സിന്റെ പെസോ 1.54% താഴ്ന്നു.
അതേസമയം, രൂപയുടെ തളർച്ചയിൽ പ്രവാസികൾക്ക് കോളടിച്ചു. യുഎഇ ദിർഹത്തിനെതിരെ രൂപ 24.5ലേക്ക് ഇടിഞ്ഞു.
മറ്റ് ജിസിസി കറൻസികളും രൂപയ്ക്കെതിരെ മുന്നേറ്റത്തിലായതോടെ, ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്കും വർധിച്ചു. ഓരോ ദിർഹവും ദിനാറും റിയാലുമൊക്കെ നാട്ടിലേക്ക് അയക്കുമ്പോൾ കൂടുതൽ രൂപ കിട്ടുമെന്നതാണ് കാരണം.യുഎഇയിൽ നിന്ന് പലരും പതിവായി അയക്കുന്നതിന്റെ 3 ഇരട്ടിവരെ തുക ഇപ്പോൾ നാട്ടിലേക്ക് അയക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

