
നാളെയാണ്.. നാളെ!! പ്രവാസി മലയാളികൾ ഉൾപ്പെടെ കാത്തിരുന്ന് ആവേശത്തോടെ വരവേറ്റ ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്ൽ നടത്തുന്ന മെഗാ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) നാളെ തിരശീല വീഴും. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്) ലിസ്റ്റിങ് ലക്ഷ്യമിട്ട് ഒക്ടോബർ 28നാണ് ലുലു റീറ്റെയ്ൽ ഐപിഒയ്ക്ക് തുടക്കമായത്. വിൽപനയ്ക്ക് വച്ച ഓഹരികൾക്ക് ആദ്യ മണിക്കൂറിൽ തന്നെ 100 ശതമാനത്തിലധികം അപേക്ഷകൾ കിട്ടിയിരുന്നു. യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വമ്പൻ ഐപിഒ എന്ന റെക്കോർഡുമാണ് സൂപ്പർഹിറ്റ് പരിവേഷത്തോടെ ലുലു റീറ്റെയ്ൽ സ്വന്തമാക്കുന്നത്.
ഓഹരിക്ക് 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയായിരുന്നു (44.40 രൂപ മുതൽ 46.49 രൂപവരെ) ഇഷ്യൂ വില. 136 കോടി ഡോളർ മുതൽ 143 കോടി ഡോളർ വരെ (ഏകദേശം 11,424 കോടി രൂപ മുതൽ 12,012 രൂപവരെ) സമാഹരണമാണ് ഐപിഒയുടെ ലക്ഷ്യം. 2,004 കോടി മുതൽ 2,107 കോടി ദിർഹം വരെ (48,231 കോടി രൂപവരെ/546-574 കോടി ഡോളർ) വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) വിലയിരുത്തിയുമാണ് ലുലു റീറ്റെയ്ൽ ഐപിഒ. ഇതിൽ 89% യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കും (ക്യുഐബി) 10% ചെറുകിട നിക്ഷേപകർക്കും (റീറ്റെയ്ൽ നിക്ഷേപകർ) ബാക്കി ഒരു ശതമാനം കമ്പനിയിലെ യോഗ്യരായ ജീവനക്കാർക്കുമായി നീക്കിവച്ചിരുന്നു.
റീറ്റെയ്ൽ നിക്ഷേപകർക്ക് മിനിമം 5,000 ദിർഹം (1.14 ലക്ഷം രൂപ), ക്യുഐബികൾക്ക് 50 ലക്ഷം ദിർഹം (11.44 കോടി രൂപ) എന്നിങ്ങനെയാണ് ഐപിഒയ്ക്ക് അപേക്ഷിക്കാവുന്ന മിനിമം തുക. റീറ്റെയ്ൽ നിക്ഷേപർക്ക് തുടർന്ന് 1,000 ദിർഹത്തിന്റെ (22,800 രൂപ) ഗുണിതങ്ങൾക്കായും അപേക്ഷിക്കാം. യോഗ്യരായ ജീവനക്കാർക്ക് മിനിമം 2,000 ഓഹരികൾ ഉറപ്പാക്കുമെന്ന് ലുലു വ്യക്തമാക്കിയിരുന്നു.
ഇപ്പോഴും വൻ ഡിമാൻഡ്; അലോട്ട്മെന്റ് ഭാഗ്യം ആർക്ക്?
ലുലു റീറ്റെയ്ൽ ഐപിഒ അവസാനിക്കാൻ ഒരുദിവസം മാത്രം ശേഷിക്കേയും മികച്ച അപേക്ഷകളാണ് റീറ്റെയ്ൽ നിക്ഷേപകരിൽ നിന്നും നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നും ഇപ്പോഴും ലഭിക്കുന്നത്. ഇഷ്യൂവിലെ ഉയർന്ന വിലയായ 2.04 ദിർഹപ്രകാരം അപേക്ഷിച്ചവർക്കായിരിക്കും അലോട്ട്മെന്റ് ഭാഗ്യമുണ്ടാവുക. 2.04 ദിർഹമായിരിക്കും ഓഹരിക്ക് അന്തിമവിലയായി നിശ്ചയിച്ചേക്കുക. നവംബർ ആറിനാണ് അന്തിമവില പ്രഖ്യാപനം. അലോട്ട്മെന്റ് സംബന്ധിച്ച എസ്എംഎസ് നവംബർ 13ന് നിക്ഷേപകർക്ക് ലഭിക്കും. നവംബർ 14ന് ലുലു റീറ്റെയ്ൽ ഓഹരികൾ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും.
റെക്കോർഡുകൾ കടപുഴകിയ ഐപിഒ
മൊത്തം 25% ഓഹരികളാണ് ഐപിഒയിലൂടെ ലുലു റീറ്റെയ്ൽ വിറ്റഴിക്കുന്നത്. മൂല്യത്തിലും സബ്സ്ക്രിപ്ഷനിലും യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന നേട്ടം ലുലു റീറ്റെയ്ൽ നേടിക്കഴിഞ്ഞു. ഊർജ സേവനസ്ഥാപനമായ എൻഎംഡിസി എനർജി ഓഗസ്റ്റിൽ നടത്തിയ 87.7 കോടി ഡോളറിന്റെ റെക്കോർഡ് ഐപിഒയാണ് പഴങ്കഥയായത്. സബ്സ്ക്രിപ്ഷനിലാകട്ടെ പാർക്കിൻ കോ ഈ വർഷം നടത്തിയ ഐപിഒയിൽ ലഭിച്ച 165 മടങ്ങ് എന്ന റെക്കോർഡും പിന്തള്ളപ്പെട്ടുവെന്നാണ് വിലയിരുത്തലുകൾ.
സൗദി അറേബ്യയിലും യുഎഇയിലും ഉൾപ്പെടെ കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ തുറന്ന് വിപണിവിപുലീകരിക്കുക, കടബാധ്യതകൾ വീട്ടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മലയാളിയും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലി നയിക്കുന്ന ലുലു റീറ്റെയ്ലിന്റെ ഐപിഒ. യുഎഇയിലും ഒട്ടുമിക്ക ഗൾഫ് നാടുകളിലെയും മിക്ക കുടുംബങ്ങൾക്കും സുപരിചിതമാണെന്നതും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി ഇന്ത്യക്കാരുടെ ശക്തമായ സാന്നിധ്യവുമാണ് ജിസിസി മേഖലയെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലുവിന്റെ ഐപിഒയ്ക്കുള്ള മികച്ച സ്വീകാര്യതയുടെ മുഖ്യ കാരണങ്ങൾ.
മറ്റൊന്ന്, നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 75% തുക ലാഭവിഹിതമായി നൽകുന്നത് പരിഗണിക്കുമെന്ന പ്രഖ്യാപനമാണ്. കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം ജിസിസിയിൽ 240 സ്റ്റോറുകൾ ലുലുവിനുണ്ട്. യുഎഇയിൽ മാത്രം 103. സൗദിയിൽ 56. സൗദിയിൽ രണ്ടുവർഷത്തിനകം ഇത് 100ലേക്ക് ഉയർത്തും. ജിസിസിയിൽ ഓൺലൈൻ വിപണിയിലും ലുലു ശക്തമാണ്.
2023ൽ 5.6% വളർച്ചയോടെ 730 കോടി ഡോളറായിരുന്നു ലുലുവിന്റെ വരുമാനം. 2024ന്റെ ആദ്യപകുതിയിലെ വരുമാനം 5.6% വളർച്ചയോടെ 390 കോടി ഡോളറാണ്. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പ് 2023ലെ ലാഭം (എബിറ്റ്ഡ) 7.2% നേട്ടത്തോടെ 70.28 കോടി ഡോളറും 2024ന്റെ ആദ്യ പകുതിയിൽ 4.2% വളർച്ചയോടെ 39.10 കോടി ഡോളറുമാണ്. ഈ മികച്ച സാമ്പത്തിക പ്രകടനവും ലുലു ഐപിഒയ്ക്ക് മികച്ച സ്വീകാര്യത കിട്ടാനുള്ള ആകർഷണഘടകമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]