
ന്യൂഡൽഹി ∙ ഇരുചക്ര ടാക്സികൾ നിയമ വിധേയമാക്കാൻ മോട്ടർ വാഹന നിയമത്തിൽ ഭേദഗതിയുമായി കേന്ദ്ര സർക്കാർ. മോട്ടർ വാഹന നിയമത്തിൽ ടാക്സി വാഹനങ്ങളെക്കുറിച്ചു പറയുന്ന ‘കോൺട്രാക്ട് കാരിയർ’ നിർവചനത്തിൽ ഇരുചക്രവാഹനങ്ങളെയും ഉൾപ്പെടുത്തിയ കരടു മാർഗരേഖ പൊതുജനാഭിപ്രായം തേടുന്നതിനായി ഗതാഗത മന്ത്രാലയം പുറത്തിറക്കി. കരടുരേഖ അംഗീകരിക്കപ്പെട്ടാൽ ബൈക്കുകളും സ്കൂട്ടറുകളും ടാക്സി റജിസ്ട്രേഷൻ നേടി മഞ്ഞ നമ്പർ പ്ലേറ്റുമായി നിരത്തിലിറങ്ങും.
ഒല, ഊബർ പോലുള്ള ഓൺലൈൻ ടാക്സികൾ നിലവിൽ ബൈക്ക് ടാക്സി സർവീസ് നടത്തുന്നുണ്ടെങ്കിലും ഇവയ്ക്ക് നിയമ പിന്തുണയില്ല.
കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഇത്തരം ബൈക്ക് ടാക്സികൾക്കു വിലക്കുണ്ട്. ഇരുചക്ര വാഹനങ്ങൾ കമേഴ്സ്യൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു ചട്ടവിരുദ്ധമാണ്. ആദ്യം പിടി വീണാൽ 5,000 രൂപ വരെ പിഴ ഈടാക്കാം. രണ്ടാമതും പിടിക്കപ്പെട്ടാൽ 10,000 രൂപയും പിന്നീട് ഒരു ലക്ഷം രൂപ വരെയുമാകാം. ഒരു വർഷം വരെ തടവും ലഭിക്കാം.
അംഗീകൃത ടാക്സികളിൽ യാത്രക്കാരന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. റോഡ് ടാക്സ്, പ്രത്യേക പെർമിറ്റ് എന്നിവ സഹിതമാണ് ഇവ സർവീസ് നടത്തുക. പുതിയ ഭേദഗതി വരുന്നതോടെ കാറുകളും ഓട്ടോയും പോലെതന്നെ ബൈക്കുകൾക്കും ടാക്സി സർവീസ് നടത്താം. റജിസ്ട്രേഷൻ സമയത്ത് അധിക ടാക്സും പെർമിറ്റ് തുകയും അടയ്ക്കുകയും നിർദിഷ്ട കാലയളവിൽ പുതുക്കുകയും വേണം. ഒക്ടോബർ 15 വരെ ഭേദഗതിയിൽ പൊതുജനാഭിപ്രായം അറിയിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]