ചുരുങ്ങിയകാലംകൊണ്ട് ഇന്ത്യൻ ചലച്ചിത്ര ആസ്വാദകർക്കിടയിൽ പ്രിയങ്കരിയായി മാറിയ താരമാണ് സമാന്ത റൂത്ത് പ്രഭു. അഭിനയമികവുകളും ഉറച്ച നിലപാടുകളും താരത്തെ വാർത്തകളിലും താരമാക്കുന്നുണ്ട്. ഇപ്പോഴിതാ, നിക്ഷേപക ലോകത്തേക്കും ചുവടുവയ്ക്കുകയാണ് സമാന്ത; സീക്രട്ട് ആൽകെമിസ്റ്റ് എന്ന വെൽനെസ് ബ്രാൻഡിലൂടെ.
സീഡ് ഫണ്ടിങ് വഴി 5 ലക്ഷം ഡോളർ (ഏകദേശം 4.2 കോടി രൂപ) ആണ് സമാന്ത നിക്ഷേപിച്ചതെന്ന് കമ്പനി വ്യക്തമാക്കി. അങ്കിത തഡാനി, ആകാശ് വാലിയ എന്നിവർ ചേർന്ന് തുടക്കമിട്ട സീക്രട്ട് ആൽകെമിസ്റ്റ്, 30 വർഷത്തോളമായി ആരോമതെറാപ്പി (മനസ്സിനും ശരീരത്തിനും ഒരുപോലെ സൗഖ്യം നൽകുന്ന ചികിത്സാരീതി) അധിഷ്ഠിതമായ പ്രീമിയം ഉൽപന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. ക്രീം, ഷവർജെൽ തുടങ്ങിയ വെൽനസ് ഉൽപന്നങ്ങളും വൈകാതെ പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഫാംഈസിയുടെ സ്ഥാപകൻ സിദ്ധാർത്ഥ് ഷാ, പ്ലിക്സ് സ്ഥാപകൻ റിഷഭ് സത്യ എന്നിവരും സമാന്തയ്ക്ക് പുറമേ സീക്രട്ട് ആൽകെമിസ്റ്റിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. നിക്ഷേപ പങ്കാളിയായി സമാന്ത എത്തുന്നത് കമ്പനിയെ കൂടുതൽ ഉപഭോക്താക്കളിലേക്ക് ആകർഷിക്കുമെന്ന് സീക്രട്ട് ആൽകെമിസ്റ്റ് അധികൃതർ പറഞ്ഞു.
വിദേശത്ത് ചികിത്സയ്ക്കായി പോയപ്പോൾ അവിടങ്ങളിൽ ആരോമതെറാപ്പി മികച്ചരീതിയിൽ പ്രയോജനപ്പെടുത്തുന്നത് ശ്രദ്ധിച്ചിരുന്നെന്ന് സമാന്ത പറഞ്ഞു. മനസ്സിനും ശരീരത്തിനും മികച്ച ആശ്വാസമാണ് തനിക്കും ആരോമതെറാപ്പി നൽകിയത്. ഇന്ത്യയിലെത്തിയപ്പോൾ ഈ രംഗത്തെ ആഭ്യന്തര ബ്രാൻഡുകളെ കുറിച്ച് തിരഞ്ഞു. സീക്രട്ട് ആൽകെമിസ്റ്റ് വിശ്വസ്ത ‘പങ്കാളി’യാണെന്നും സമാന്ത പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]