
ഇന്ത്യയ്ക്കെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്കുമേൽ കഴിഞ്ഞയാഴ്ച 25% ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ്, തീരുവ ഇനിയും കുത്തനെ കൂട്ടുമെന്ന് ട്രൂത്ത് സോഷ്യൽ സാമൂഹിക മാധ്യമത്തിൽ ഭീഷണിപ്പെടുത്തി.
25% തീരുവ ഓഗസ്റ്റ് 7ന് പ്രാബല്യത്തിൽ വരാനിരിക്കേയാണ് വീണ്ടും വെല്ലുവിളി.
റഷ്യൻ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് ട്രംപ് തുടർച്ചയായി ഇന്ത്യയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നത്. ഇന്ത്യ കേവലം റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, ഓപ്പൺ മാർക്കറ്റിൽ മറിച്ചുവിറ്റ് വലിയ ലാഭവും നേടുകയാണെന്ന് ട്രംപ് ആരോപിച്ചു.
റഷ്യയുടെ ആക്രമണത്തിൽ യുക്രെയ്നിൽ എത്രപേർ മരിച്ചുവീഴുന്നുവെന്നത് ഇന്ത്യ ഗൗനിക്കുന്നില്ലെന്നും ആരോപിച്ചാണ് ട്രംപ് ഇന്ത്യയ്ക്കുമേലുള്ള തീരുവ ഇനിയും കുത്തനെ കൂട്ടുമെന്ന് പറഞ്ഞത്.
ട്രംപ് കഴിഞ്ഞയാഴ്ച 25% തീരുവ പ്രഖ്യാപിച്ചത് ഇന്ത്യൻ കയറ്റുമതി മേഖലയെ സമ്മർദത്തിലാക്കിയിരുന്നു. പാക്കിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങിയ അയൽരാജ്യങ്ങളേക്കാളും കയറ്റുമതി രംഗത്തെ എതിരാളികളായ വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ തുടങ്ങിയവയേക്കാളും ഉയർന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യയ്ക്കുമേൽ ട്രംപ് പ്രഖ്യാപിച്ചത്.
റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് പ്രത്യേകം ‘പിഴയും’ ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, എന്താണ് പിഴയെന്ന് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, യുഎസുമായി ചർച്ചയിലൂടെ രമ്യതയിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഇന്ത്യ.
ക്രൂഡ് ഓയിൽ ഉപഭോഗത്തിന്റെ 85-90 ശതമാനത്തിനും ഇറക്കുമതിയാണ് ആശ്രയമെന്നും രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങളും രാജ്യതാൽപര്യവും മുൻനിർത്തിയാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതെന്നും കേന്ദ്രസർക്കാർ പ്രതികരിച്ചിരുന്നു. റഷ്യ, ഇറാൻ എന്നിവയുടെ എണ്ണ വാങ്ങുന്നതിന് ചൈനയ്ക്കെതിരെയും യുഎസ് ഭീഷണി ഉയർത്തിയിരുന്നു.
എന്നാൽ, ഇന്ത്യ നൽകിയതിനു സമാനമായ മറുപടിയാണ് യുഎസിന് ചൈനയും നൽകിയത്. ചൈന-യുഎസ് വ്യാപാരക്കരാർ ചർച്ചയും ഇനിയും സമവായത്തിൽ എത്തിയിട്ടില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]